ഡിട്രോയിറ്റ് മലയാളി അസോസിയേഷന് നവനേതൃത്വം
Mail This Article
ഡിട്രോയിറ്റ് ∙ മിഷിഗനിലെ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ 2025 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. ഡിസംബർ 14ന് നടന്ന വാർഷിക പൊതുയോഗത്തിൽ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത് ചീഫ് ഇലക്ഷൻ ഓഫിസറായി തിരഞ്ഞെടുപ്പ് പ്രക്രിയക്ക് മേൽനോട്ടം വഹിച്ചത് ബിഒടി ചെയർമാൻ മോഹൻ പനങ്കാവിലായിരുന്നു.
ബിജു ജോസഫ് (പ്രസിഡന്റ്), ദിനേഷ് ലക്ഷ്മണൻ (വൈസ് പ്രസിഡന്റ്), നോബിൾ തോമസ് (ജനറൽ സെക്രട്ടറി), അശോക് ജോർഡൻ (ജോയിന്റ് സെക്രട്ടറി), പ്രവീൺ നായർ (ട്രഷറർ), സഞ്ജു കോയിത്തറ (ജോയിന്റ് ട്രഷറർ) എന്നിവരാണ് ഈ വർഷം ഡിഎംഎയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക. വിമൻസ് ഫോറം പ്രസിഡന്റായി അനിമ അജിത്തിനെയും, സെക്രട്ടറിയായി സുമിനി ജോർഡനേയും തിരഞ്ഞെടുത്തു. യൂത്ത് ഫോറം ചെയർമാനായി നിവേദ് പൈങ്ങോളിനെയും വൈസ് ചെയർമാൻ ആയി ജോഷ്വാ മനോജിനേയുമാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഡിഎംഎയുടെ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനായി സുദർശന കുറുപ്പിനെ തിരഞ്ഞെടുത്തു. വൈസ് ചെയർമാനായി രാജേഷ് നായർ, സെക്രട്ടറി സൈജൻ കണിയോടിക്കൽ, പ്രിൻസ് എബ്രഹാം (എക്സ് ഒഫീഷ്യോ) എന്നിവരാണ് 2025ലെ ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ. ഡിഎംഎയുടെ 2024ലെ ക്രിസ്മസ് ആഘോഷമായ നക്ഷത്ര സന്ധ്യയുടെ ഭാഗമായി നടത്തിയ ചടങ്ങിൽ ബിഒടി വൈസ് ചെയർമാൻ രാജേഷ് നായർ പുതിയ ഭാരവാഹികളെ സദസ്സിന് പരിചയപ്പെടുത്തി. മലയാളികളുടെ സ്പന്ദനങ്ങളെ തൊട്ടറിഞ്ഞ് ഏവർക്കും പ്രയോജനപ്രദമായ പല പുതിയ പദ്ധതികൾ വിഭാവന ചെയ്യുമെന്നും, മലയാള സമൂഹത്തിന്റെ ഉന്നമനമാണ് ഡിഎംഎയുടെ ലക്ഷ്യമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.
സാമൂഹ്യ സേവനത്തിന്റെയും പരസ്പര സഹായത്തിന്റെയും, സഹകരണത്തിന്റെയും 45 വർഷങ്ങൾ പിന്നിടുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ധനസമാഹരണാർഥം, മലയാള ചലച്ചിത്രരംഗത്ത് ആസ്വാദനത്തിന്റെ നവ തരംഗങ്ങൾ സൃഷ്ടിച്ച ഷാൻ റഹ്മാൻ, കെ.എസ്.ഹരിശങ്കർ, നിരഞ്ജ് സുരേഷ്, മിഥുൻ ജയരാജ്, സയനോര ഫിലിപ്പ്, നിത്യ മാമ്മൻ എന്നിവർ നേതൃത്വം നൽകുന്ന സംഗീത പരിപാടി മെയ് മൂന്നിന് വാറൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
(വാർത്ത: സൈജൻ കണിയോടിക്കൽ)