ആരോഗ്യത്തോടെ ഇരിക്കാന്‍ ഇന്ത്യക്കാര്‍ക്ക് ഇത്രയും കാലറി മതി, ശേഷിക്കുന്നതെല്ലാം ഭാരം കൂട്ടും !
Mail This Article
മുന്‍പൊക്കെ കഴിക്കുമ്പോള്‍ എല്ലാവരും നോക്കിയിരുന്നത് ഭക്ഷണത്തിന് എരിവുണ്ടോ, പുളിയുണ്ടോ, മധുരമുണ്ടോ എന്നൊക്കെയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലരുടെയും ശ്രദ്ധ അതിലെത്ര കാലറി ഉണ്ടെന്നാണ്. ഭാരം കുറയ്ക്കാനും നിയന്ത്രിക്കാനുമൊക്കെ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം കഴിക്കാന്‍ പോകുന്ന ഭക്ഷണത്തിന്റെ കാലറി മൂല്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ഒരു ഗ്രാം വെള്ളത്തിന്റെ താപനില ഒരു ഡിഗ്രി സെല്‍ഷ്യസ് ഉയര്‍ത്താന്‍ ആവശ്യമുള്ള ഊര്‍ജ്ജത്തെയാണ് ഒരു കാലറി എന്ന് പറയുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഊര്‍ജ്ജത്തിന്റെ യൂണിറ്റുകളാണ് കാലറികള്‍. ശരീരത്തിലെ കോശങ്ങളും കോശസംയുക്തങ്ങളും അവയവങ്ങളും പ്രവര്‍ത്തിക്കാനായി ഈ ഊര്‍ജ്ജം ആവശ്യമാണ്. ഭക്ഷണത്തെ സംബന്ധിച്ച് പക്ഷേ പലരും കാലറിയെന്ന് പറഞ്ഞാലും ഉദ്ദേശിക്കുന്നത് കിലോകാലറിയാണ്. അതായത് 1000 കാലറി.
ഒരു ഗ്രാം കാര്‍ബോഹൈഡ്രേറ്റ്‌സിലും ഒരു ഗ്രാം പ്രോട്ടീനിലും നാല് കിലോ കാലറി അടങ്ങിയിരിക്കുന്നു. ഒരു ഗ്രാം കൊഴുപ്പിലാകട്ടെ 9 കിലോ കാലറിയുണ്ട്. ഒരു വ്യക്തിക്ക് ഒരു ദിവസം എത്ര കിലോ കാലറി ആവശ്യമുണ്ടെന്നത് അവര്‍ എത്ര മാത്രം സജീവമായ ജീവിതം നയിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയിരിക്കുന്നതായി ബംഗലൂരു മണിപ്പാല്‍ ആശുപത്രിയിലെ ചീഫ് ഡയറ്റീഷ്യന്‍ പവിത്ര എന്‍ രാജ് ഇന്ത്യ ടുഡേയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അലസനായി, ജോലി ചെയ്യാതിരിക്കുന്ന ഒരു പുരുഷന് ഒരു ദിവസം ജീവിക്കാന്‍ 1800 മുതല്‍ 2000 കിലോ കാലറി ഊര്‍ജ്ജം മതിയാകുമെന്ന് പവിത്ര പറയുന്നു. അലസയായ ഒരു സ്ത്രീയാണെങ്കില്‍ ഇത് 1400 മുതല്‍ 1600 വരെ മതിയാകും. ഒരാളുടെ ഉയരം, ശരീരഭാരം, ആകൃതി, ആകമാന ആരോഗ്യം എന്നിങ്ങനെയുള്ള ഘടകങ്ങളും നിര്‍ണ്ണായകമാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അധികം ദേഹമനങ്ങി ജോലി ചെയ്യാത്ത ഒരു പുരുഷന് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 32 കിലോകാലറി വച്ച് ഊര്‍ജ്ജം പ്രതിദിനം വേണം എന്നതാണ് കണക്കെന്നും ലേഖനം കൂട്ടിച്ചേര്‍ക്കുന്നു. അതായത് 65 കിലോയുള്ള ഒരാള്‍ക്ക് ആവശ്യമായത് ദിവസം 2080 കിലോകാലറി. സ്ത്രീകള്‍ക്ക് ആകട്ടെ ഇത് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 30 കിലോകാലറി എന്ന കണക്കില്‍ വേണം.
ആറ് മാസം വരെയുള്ള നവജാത ശിശുക്കള്‍ക്ക് ഒരു ദിവസം വേണ്ടത് ഒരു കിലോഗ്രാം ശരീരഭാരത്തിന് 90 കിലോ കാലറിയാണ്. ഏഴ് മാസം മുതല്‍ ഒരു വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 80 കിലോ കാലറിയും ഒരു വയസ്സ് മുതല്‍ മൂന്ന് വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 83 കിലോ കാലറിയും നാല് മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 74 കിലോകാലറിയും ഏഴ് മുതല്‍ ഒന്‍പത് വയസ്സ് വരെയുള്ള കുട്ടിക്ക് ഇത് 67 കിലോകാലറി വീതവുമാണ്. 10 മുതല്‍ 12 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് ശരീരഭാരത്തിന്റെ ഒരു കിലോഗ്രാമിന് 64 കിലോ കാലറി ഊര്‍ജ്ജം ആവശ്യമാണെങ്കില്‍ ഇതേ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഇത് 57 കിലോ കാലറിയാണ്. 13 മുതല്‍ 15 വയസ്സ് വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത് യഥാക്രമം 57 കിലോ കാലറിയും 49 കിലോ കാലറിയുമാണ്. 16 മുതല്‍ 18 വയസ്സ് വരെയുള്ള കൗമാരക്കാരായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ആവശ്യമായ കിലോ കാലറി ഒരു കിലോഗ്രാമിന് യഥാക്രമം 52 ഉം 45 ഉം ആണ്.
നാം ചെലവഴിക്കുന്ന ഊര്‍ജ്ജത്തിന്റെ അതേ തോതില്‍ നാം ഭക്ഷണത്തിലൂടെ കാലറികള്‍ അകത്തെത്തിക്കുമ്പോള്‍ ഭാരം കുറയുന്നുമില്ല, കൂടുന്നുമില്ല. എന്നാല്‍ ആവശ്യമായതിനേക്കാല്‍ അധികമായി കാലറി ഭക്ഷണത്തിലൂടെ ചെന്നാല്‍ ഇത് ശരീരത്തില്‍ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ഭാരം വര്‍ധിക്കുകയും ചെയ്യും. കുറച്ച് കാലറി അകത്ത് ചെല്ലുകയും വ്യായാമത്തിലൂടെയും മറ്റും കൂടുതല്‍ കാലറികള്‍ കത്തുകയും ചെയ്യുമ്പോള്‍ ഭാരം കുറയുന്നു.
ഒരു കഷ്ണം ബ്രഡിലും വീട്ടിലുണ്ടാക്കുന്ന ഒരു ചപ്പാത്തിയിലും 80 മുതല്‍ 100 വരെ കിലോ കാലറി അടങ്ങിയിരിക്കുന്നു. ഒരു കഷ്ണം ചീസ് പിസ്സയില്‍ 200 മുതല്‍ 300 വരെ കിലോകാലറി അടങ്ങിയിട്ടുണ്ട്. ബട്ടര്‍ ചിക്കന്റെ ഒരു സേര്‍വിങ്ങില്‍ തന്നെ 400 മുതല്‍ 600 വരെ കിലോകാലറിയുണ്ടാകാം. ഇതിന്റെ കൂടെ ഒരു ബട്ടന്‍ നാന്‍ കൂടി എടുത്തെങ്കില്‍ വീണ്ടും 200 മുതല്‍ 300 വരെ കിലോ കാലറി ചേര്‍ക്കപ്പെടും. നാം പ്രതിദിനം കഴിക്കുന്ന ഭക്ഷണത്തിന്റെ കാലറികള്‍ ശ്രദ്ധിച്ച് കഴിക്കുന്നത് അമിതവണ്ണം ഉണ്ടാകാതെ സഹായിക്കും.
പാചകത്തിനുള്ള എണ്ണയുടെ അളവ് ദിവസം നാല് മുതല്‍ അഞ്ച് ടീസ്പൂണായി പരിമിതപ്പെടുത്തുന്നതും കാലറി കുറഞ്ഞ പഴങ്ങള്‍ സ്‌നാക്‌സായി ഉപയോഗിക്കുന്നതും എല്ലാ നേരത്തിലുമുള്ള ഭക്ഷണത്തിലും പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതും ഭാരം കുറയ്ക്കാന്‍ സഹായകമാണെന്നും ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നു. സിംപിള്‍ കാര്‍ബോഹൈഡ്രേറ്റിന് പകരം കോംപ്ലക്‌സ് കാര്‍ബോ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഭക്ഷണത്തിന്റെ ഓരോ കടിയും 10 മുതല്‍ 20 വരെ തവണ ചവയ്ക്കുന്നതും ഭാരനിയന്ത്രണത്തില്‍ സഹായിക്കും. ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കേണ്ടതാണ്. നിത്യവും കുറഞ്ഞത് 30 മിനിട്ട് വ്യായാമവും ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കവും കാലറി മൂലമുള്ള അമിതഭാരം നിയന്ത്രിക്കുന്നു.