വീട്ടിലിരുന്ന് 25 കിലോ ഭാരം കുറച്ചത് ഇങ്ങനെ; കഴിച്ച ഭക്ഷണങ്ങളും ഒഴിവാക്കേണ്ട തെറ്റുകളും അറിയാം
Mail This Article
ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള പരിപാടി അല്ല. പാരമ്പര്യമായോ, ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണമോ രോഗാവസ്ഥ മൂലമോ ഒക്കെ ഒരു വ്യക്തിക്ക് അമിതവണ്ണം ഉണ്ടാകാം. പല ഡയറ്റുകളും വർക്ക്ഔട്ടുകളും പരീക്ഷിച്ച് ഫലം കാണാതെ മടുത്തിരിക്കുന്നവരായിരിക്കും നമ്മളില്‍ പലരും. എന്നാൽ സ്വന്തം ശരീരത്തെ അറിയാതെ ചെയ്യുന്ന ഒരു വ്യായാമവും ഭക്ഷണരീതിയും നമുക്ക് ഉപകാരപ്പെടണമെന്നില്ല.
വീട്ടിലെ ഭക്ഷണം കഴിച്ചും, തന്നാൽ കഴിയുന്ന വ്യായാമം മാത്രം ചെയ്തും 25 കിലോ ഭാരം കുറച്ച ആഞ്ചൽ ഛഗ് എന്ന പെൺകുട്ടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ശരീരഭാരം കുറയ്ക്കാനുള്ള ഓട്ടത്തിനിടയിൽ താൻ ചെയ്ത തെറ്റ് എന്ന പേരിൽ ആഞ്ചൽ പങ്കുവച്ച് വിഡിയോ ആണ് ഇപ്പോൾ ജനശ്രദ്ധ ആകർഷിക്കുന്നത്.
അമിതമായ വ്യായാമമാണ് ഈ തെറ്റ്. ശരീരത്തെ ബുദ്ധിമുട്ടിക്കലല്ല വ്യായാമം കൊണ്ട് ഉദ്ദേശിക്കുന്നത്. ബാലൻസ് ആണ് പ്രധാനം. ശരീരത്തിനെ ശിക്ഷിക്കുന്നതിലൂടെ വിപരീതഫലമാവും ഉണ്ടാവുക – വിഡിയോയിൽ പറയുന്നു. ഡയറ്റിനിടയിൽ ഒരു ചീറ്റ് മീൽ എടുത്താൽ, മധുരം കഴിച്ചാൽ, നിങ്ങൾക്ക് വലിയ നഷ്ടങ്ങളുണ്ടാവില്ല. എന്നാൽ അമിതവ്യായാമം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ കഴിയുന്നതാണ്. പരുക്കേറ്റാൽ വലിയ ബുദ്ധിമുട്ടാണെന്നും ആഞ്ചൽ പറയുന്നു.
രാവിലെ മുതല്‍ രാത്രി വരെ താൻ എന്തൊക്കെ ഭക്ഷണങ്ങളാണ് ശരീരഭാരം കുറയ്ക്കുന്നതിനു വേണ്ടി ദിവസവും കഴിച്ചിരുന്നതെന്നും തന്റെ പേജിലൂടെ ആഞ്ചൽ പങ്കുവച്ചിട്ടുണ്ട്. അരക്കെട്ട് മെലിയാനും , 20 കിലോയോളം ശരീരഭാരം കുറയ്ക്കാനും ആഞ്ചലിനെ സഹായിച്ചത് ഇനി പറയുന്ന ഡയറ്റാണ്
ബ്രേക്ക്ഫാസ്റ്റ്
1. മുളപ്പിച്ച പയര്‍ + മുട്ട + മുഴുധാന്യത്തിന്റെ ബ്രഡ്
2. ഊത്തപ്പം + തേങ്ങാ ചമ്മന്തി
3. ഓട്മീൽ (ഓട്സ് + നട്സ് + പാൽ + പഴം+ തേൻ)
4. പോഹ + മുളപ്പിച്ച പയര്‍
ഇടനേരം കഴിക്കാൻ
1. പ്രോട്ടീൻ ഷേക്ക്
2. മോര്
3. പച്ചക്കറി ജ്യൂസ്
4. പഴച്ചാറുകള്‍
ഉച്ചയ്ക്ക്
1. സാലഡ് + കടല പുഴുങ്ങിയത് + മില്ലറ്റ് റൊട്ടി + പച്ചക്കറി ചേർത്ത ഏതെങ്കിലും കറി
2. തൈര് + ചോറ് + ദാൽ + സാലഡ്
3. ചോറ് + ദാൽ + പനീർ + റൊട്ടി + പച്ചക്കറി ചേർത്ത ഏതെങ്കിലും കറി
രാത്രി
1. ഗ്രിൽഡ് ചിക്കന്‍ + പച്ചക്കറി + ചോറ്
2. ദാൽ + റൊട്ടി + പച്ചക്കറി ചേർത്ത് ഏതെങ്കിലും കറി
മേൽ പറഞ്ഞവയിൽ ഏതെങ്കിൽ ഒരു ഭക്ഷണം ഒരുനേരം അളവ് കുറച്ച് കഴിക്കുകയാണ് ആഞ്ചൽ ചെയ്തിരുന്നത്. ഏത് ഡയറ്റ് സ്വീകരിക്കുന്നതിനും മുൻപ് ഒരു ആരോഗ്യവിദഗ്ധനെ കണ്ട് തന്റെ ശരീരത്തിന്റെ ആരോഗ്യത്തെപ്പറ്റി സംസാരിക്കുന്നതും നിർദേശം തേടുന്നതുമാണ് ഉചിതം.