ADVERTISEMENT

ലോകത്ത് കോടിക്കണക്കിനു പേരുടെ ജീവിതങ്ങളുടെ താളം തെറ്റിക്കുന്ന  ജീവിതശൈലീ രോഗമാണ് രക്താതിമര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍. യഥാസമയം ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം. രക്താതിമര്‍ദം നിയന്ത്രിക്കാന്‍ ജീവിതശൈലി മാറ്റവും ഭക്ഷണനിയന്ത്രണവും ആവശ്യമാണ്. 

രക്താതിമര്‍ദം നിയന്ത്രിക്കാന്‍ സഹായിക്കുന്ന നിരവധി ഭക്ഷണവിഭവങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചിയ വിത്തുകള്‍. തെക്കേ അമിരക്കയില്‍ പ്രചാരത്തിലുള്ള ചിയ വിള മെക്‌സിക്കോയില്‍ നിന്ന് ഇന്ത്യയിലെത്തിച്ചത് സെന്‍ട്രല്‍ ഫുഡ് ടെക്‌നോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ്. ഫൈബറും പ്രോട്ടീനും നിരവധി മാക്രോ ന്യൂട്രിയന്റുകളും നിറഞ്ഞ ചിയ വിത്തുകള്‍ പല വിധത്തില്‍ നമ്മുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്താം. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകള്‍ പ്രകൃതിദത്ത ബ്ലഡ് തിന്നറുകളായി പ്രവര്‍ത്തിച്ച് രക്തസമ്മര്‍ദം കുറയ്ക്കുന്നു. 

തലേന്ന് രാത്രി വെള്ളത്തിലിട്ട് കുതിര്‍ത്ത ചിയ വിത്തുകള്‍ പിറ്റേന്ന് രാവിലെ കുടിക്കുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. ഇതിനൊപ്പം അല്‍പം നാരങ്ങയും കൂടി ചേര്‍ന്നാല്‍ സംഗതി ഉഷാറാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പ്രതിരോധ ശേഷിക്ക് ഉണര്‍വ് നല്‍കുന്ന നാരങ്ങ വൈറ്റമിന്‍ സി, ബി കോംപ്ലക്‌സ്, കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്. സമ്മര്‍ദം ലഘൂകരിക്കാനും തൊണ്ട ശുദ്ധിയാക്കാനും ഇത് സഹായിക്കും. 

ചിയ വിത്തുകളും നാരങ്ങയും ചേരുന്ന ആരോഗ്യ പാനീയം എങ്ങനെ തയാറാക്കാമെന്നു നോക്കാം. 

ഒരു മണിക്കൂറോളം ചിയ വിത്തുകള്‍ ഒരു കപ്പ് വെള്ളത്തില്‍ കുതിര്‍ത്തിടുക. ഒരു പകുതി നാരങ്ങാ നീര് ഇതിലേക്ക് ചേര്‍ക്കുക. രാവിലെ എഴുന്നേറ്റാലുടന്‍ ഒരു ഹെല്‍ത്ത് ഡ്രിങ്ക് എന്ന നിലയില്‍ ഇത് കഴിക്കാം. രുചിക്ക് വേണമെങ്കില്‍ തേനും ചേര്‍ക്കാം.

അതേ സമയം നിലവില്‍ രക്തം നേര്‍പ്പിക്കാനുള്ള ബ്ലഡ് തിന്നിങ്ങ് മരുന്നുകള്‍ കഴിക്കുന്നവര്‍ ചിയ വിത്തുകള്‍ ചേര്‍ത്ത ഡ്രിങ്ക് കഴിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടാന്‍ ശ്രദ്ധിക്കണം.

English Summary : Chia seeds and lemon to control high blood pressure

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com