ഒട്ടകപ്പുറത്ത് 500 കിലോമീറ്റർ: കിങ് സൽമാൻ റിസർവിലൂടെ ബ്രിട്ടിഷ് സംഘത്തിന്റെ സാഹസിക യാത്ര

Mail This Article
ജിദ്ദ∙ സൗദി അറേബ്യയിലെ കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റോയൽ റിസർവിന്‍റെ ഹൃദയഭാഗത്തുകൂടി 500 കിലോമീറ്റർ ദൂരം ഒട്ടകപ്പുറത്ത് സഞ്ചരിക്കാനൊരുങ്ങി അഞ്ച് ബ്രിട്ടിഷ് സഞ്ചാരികൾ. ഹോവാർഡ് ലീഡാം, ക്രെയ്ഗ് റോസ്, മാർട്ടിൻ തോംസൺ, മൈക്കൽ ബേക്കർ, ജെയിംസ് കാൾഡർ എന്നിവരാണ് ഈ സാഹസിക യാത്രയ്ക്ക് തയ്യാറെടുക്കുന്നത്.
റിസർവിന്‍റെ പ്രകൃതി ഭംഗിയും ജൈവ വൈവിധ്യവും ആസ്വദിച്ചുകൊണ്ടുള്ള യാത്ര ദിവസവും 50 കിലോമീറ്റർ വീതം പിന്നിടും. തബൂക്ക് മേഖലയിലെ അൽ-ഖലിബ നഗരത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര വടക്കൻ സൗദി അറേബ്യയിലെ അൽ ഹദീത തുറമുഖത്ത് സമാപിക്കും.
കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് റിസർവ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ അഭിപ്രായത്തിൽ, ഈ യാത്ര റിസർവിന്‍റെ ജൈവവൈവിധ്യത്തെക്കുറിച്ചും മൃഗങ്ങളുടെയും സസ്യങ്ങളുടെയും വൈവിധ്യത്തെക്കുറിച്ചും ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. റിസർവിന്‍റെ സംരക്ഷണത്തിനായി അതോറിറ്റി നടത്തുന്ന ശ്രമങ്ങളും യാത്രയിലൂടെ പ്രദർശിപ്പിക്കപ്പെടും.