ADVERTISEMENT

ദീര്‍ഘനേരമുള്ള ഇരിപ്പ്‌ പുകവലിക്ക്‌ തുല്യമായ അപകടം ശരീരത്തിന്‌ ഉണ്ടാക്കുമെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയാറുണ്ട്‌. പലതരം ജീവിതശൈലീ രോഗങ്ങള്‍ക്കും അകാല മരണത്തിനും ദീര്‍ഘനേരത്തെ ഇരിപ്പ്‌ കാരണമാകാം. എന്നാല്‍ ഇത്‌ മൂലമുള്ള മരണ സാധ്യത കുറയ്‌ക്കാന്‍ ദിവസവും 22 മിനിട്ട്‌ മിതമായതോ തീവ്രമായതോ ആയ എന്തെങ്കിലും വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയാകുമെന്ന്‌ പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

നോര്‍വേ, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ 11,989 പേരെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ്‌ ഈ നിഗമനത്തിലെത്തിച്ചേര്‍ന്നത്‌. ഗവേഷണഫലം ബ്രിട്ടീഷ്‌ ജേണല്‍ ഓഫ്‌ സ്‌പോര്‍ട്‌സ്‌ മെഡിസിനില്‍ പ്രസിദ്ധീകരിച്ചു. ഗവേഷണത്തില്‍ പങ്കെടുത്തവരെല്ലാം 50 വയസ്സിന്‌ മുകളില്‍ പ്രായമുള്ളവരായിരുന്നു. ദിവസം 12 മണിക്കൂറിലധികം ഇരിക്കേണ്ടി വരുന്നത്‌ മൂലമുള്ള അകാല മരണ സാധ്യത ഗണ്യമായി കുറയ്‌ക്കാന്‍ 22 മിനിട്ട്‌ നേരത്തെ വ്യായാമം സഹായകമാണെന്ന്‌ ഗവേഷകര്‍ പറയുന്നു. 22 മിനിട്ട്‌ തികയ്‌ക്കാന്‍ പറ്റാത്തവരിലും എന്തെങ്കിലും തരത്തിലുള്ള വ്യായാമം പ്രയോജനം ചെയ്‌തതായി ഗവേഷകര്‍ കണ്ടെത്തി.

Photo Credit: Inside Creative House/ Istockphoto
Photo Credit: Inside Creative House/ Istockphoto

ആറ്‌ മണിക്കൂറോളം ഇരിക്കേണ്ടി വരുന്ന ജീവിതശൈലി നയിക്കുന്നവര്‍ക്ക്‌ 10 മിനിട്ടത്തെ വ്യായാമം കൊണ്ട്‌ അകാല മരണ സാധ്യത 32 ശതമാനം കുറയ്‌ക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടി. മുതിര്‍ന്നവരിലാണ്‌ പഠനം നടത്തിയതെങ്കിലും പഠനത്തിലെ കണ്ടെത്തലുകള്‍ യുവാക്കള്‍ക്കും ബാധകമാണെന്നും ഗവേഷകര്‍ പറയുന്നു. വേഗത്തിലുള്ള നടത്തം, മോവര്‍ ഉപയോഗിച്ച്‌ മുറ്റത്തെ പുല്ല്‌ ചെത്തല്‍ എന്നിവയെല്ലാം മിതമായ തോതിലുള്ള വ്യായാമത്തിന്റെ ഉദാഹരണങ്ങളാണ്‌. ബാസ്‌കറ്റ്‌ ബോള്‍ കളി, ദീര്‍ഘദൂര നടത്തം എന്നിവയെല്ലാം തീവ്ര വ്യായാമത്തിന്റെ ഗണത്തില്‍പ്പെടുത്താമെന്നും റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. 

ഈ സിംപിൾ വ്യായാമങ്ങൾ പരീക്ഷിക്കാം: വിഡിയോ

English Summary:

22 Minutes of any Activity Everyday can reduce health risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com