ADVERTISEMENT

ലോകത്തില്‍ ഏറ്റവുമധികം പേരുടെ മരണത്തിന്‌ ഇടയാക്കുന്ന കാരണങ്ങളില്‍ മൂന്നാം സ്ഥാനത്താണ്‌ ശ്വാസകോശത്തെ ബാധിക്കുന്ന സിഒപിഡി അഥവാ ക്രോണിക്‌ ഒബ്‌സ്‌ട്രക്ടീവ്‌ പള്‍മനറി ഡിസീസ്‌. സിഒപിഡി മൂലമുള്ള മരണങ്ങളില്‍ 90 ശതമാനവും നടക്കുന്നത്‌ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളിലാണ്‌. 

പുകവലി, വിഷവാതകങ്ങള്‍, വായു മലിനീകരണം എന്നിവയാണ്‌ സിഒപിഡിയിലേക്കു നയിക്കുന്ന പ്രധാന കാരണങ്ങള്‍. ആല്‍ഫ 1 ആന്റിട്രിപ്‌സിന്‍ അഭാവം പോലുള്ള ജനിതക കാരണങ്ങളും ഇവയ്‌ക്കു പിന്നിലുണ്ടാകാം. ഉയര്‍ന്ന വരുമാനക്കാരായ രാജ്യങ്ങളില്‍ 70 ശതമാനത്തിലധികം സിഒപിഡി കേസുകളും പുകവലി മൂലമാണ്‌ ഉണ്ടാകുന്നതെങ്കില്‍ കുറഞ്ഞ, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇത്‌ 30 മുതല്‍ 40 ശതമാനം വരെയാണ്‌. 

ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ തോതിനെ കാര്യമായി ബാധിക്കുന്ന സിഒപിഡിയുടെ ലക്ഷണങ്ങള്‍ ശ്വാസംമുട്ടല്‍, ചുമ, അമിതമായ തോതിലുള്ള കഫം എന്നിവയാണ്‌. 

സിഒപിഡി നിയന്ത്രിക്കാവുന്നതും ചികിത്സിച്ച്‌ മാറ്റാവുന്നതുമായ രോഗമാണെന്ന്‌ ഹൈദരാബാദ്‌ യശോദ ഹോസ്‌പിറ്റലിലെ കണ്‍സള്‍ട്ടന്റ്‌ ഇന്റര്‍വെന്‍ഷണല്‍ ആന്‍ഡ്‌ ട്രാന്‍സ്‌പ്ലാന്റ്‌ പള്‍മനോളജിസ്‌റ്റ്‌ ഡോ. ചേതന്‍ റാവു വാഡെപ്പള്ളി ഇന്ത്യടിവി ന്യൂസ്‌.കോമിന്‌ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. 

സിഒപിഡിയെ നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന്‌ ആരോഗ്യവിദഗ്‌ധര്‍ പറയുന്നു. 

Photo Credit : Maridav/ Shutterstock.com
Photo Credit : Maridav/ Shutterstock.com

1. പുകവലി നിര്‍ത്തണം
സിഒപിഡിയുടെ മുഖ്യകാരണമായ പുകവലി നിര്‍ത്തുകയാണ്‌ പ്രാഥമികമായ കാര്യം. ഇതിനായി വിദഗ്‌ധ സഹായം തേടുകയോ നികോട്ടീന്‍ റീപ്ലേസ്‌മെന്റ്‌ തെറാപ്പി പരീക്ഷിക്കുകയോ പുകവലി നിര്‍ത്താനുള്ള സപ്പോര്‍ട്ട്‌ ഗ്രൂപ്പുകളില്‍ അംഗമാകുകയോ ചെയ്യാവുന്നതാണ്‌. 

2. കൃത്യമായ പ്ലാന്‍ വേണം
സിഒപിഡിയെ നിയന്ത്രിക്കാന്‍ നിങ്ങളുടെ ഡോക്ടറുമായി ചര്‍ച്ച ചെയ്‌ത്‌ സമഗ്ര പ്ലാന്‍ തയ്യാറാക്കണം. മരുന്നുകള്‍, വ്യായാമം, അനുയോജ്യമായ ഭക്ഷണക്രമം, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. 

3. മരുന്നുകള്‍ പ്രധാനം
നിങ്ങളുടെ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം തന്നെ മരുന്നുകള്‍ കൃത്യ സമയത്തു കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. ഇത്‌ ലക്ഷണങ്ങള്‍ നിയന്ത്രിക്കാനും രോഗം മൂര്‍ച്ഛിക്കാതിരിക്കാനും സഹായിക്കും. 

Representative Image. Photo Credit : Deepak Sethi/ iStockPhoto.com
Representative Image. Photo Credit : Deepak Sethi/ iStockPhoto.com

4. ആരോഗ്യകരമായ ഭക്ഷണക്രമം
ധാരാളം പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്‌നും ലീന്‍ പ്രോട്ടീനുകളും അടങ്ങിയ സന്തുലിതവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌. വറുത്തതും പൊരിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണങ്ങള്‍ സിഒപിഡി ലക്ഷണങ്ങളെ രൂക്ഷമാക്കുമെന്നതിനാല്‍ ഇവ ഒഴിവാക്കണം. 

5. സജീവമായ ജീവിതശൈലി
നിത്യവുമുള്ള വ്യായാമം ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. നടത്തം, നീന്തല്‍, ശ്വസന വ്യായാമങ്ങള്‍  തുടങ്ങിയവ  ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പിന്തുടരേണ്ടതാണ്‌. 

6. സമ്മര്‍ദ്ദം നിയന്ത്രിക്കണം
സമ്മര്‍ദ്ദം സിഒപിഡി ലക്ഷണങ്ങള്‍ കൂടുതല്‍ തീവ്രമാക്കുമെന്നതിനാല്‍ അത്‌ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങളും സ്വീകരിക്കേണ്ടതാണ്‌. യോഗ, ധ്യാനം, പ്രാണായാമം തുടങ്ങി മനസ്സിനും ശരീരത്തിനും വിശ്രമം നല്‍കുന്ന കാര്യങ്ങള്‍ ഇതിനായി പിന്തുടരാം. 

7. പ്രകോപനം ഉണ്ടാക്കുന്നവ ഒഴിവാക്കണം
പൊടി, പൂമ്പൊടി, ശക്തമായ ഗന്ധങ്ങള്‍, പുക എന്നിങ്ങനെ ശ്വാസകോശത്തെ പ്രകോപിപ്പിക്കുന്ന വസ്‌തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. മാസ്‌കോ, എയര്‍ പ്യൂരിഫയറോ ഒക്കെ ഇതിനായി ഉപയോഗിക്കാം. 

1285225127
Representative image. Photo Credit:toa55/istockphoto.com

8. വാക്‌സീനുകള്‍ എടുക്കാം
അണുബാധകള്‍ സിഒപിഡിയുടെ നില മോശമാക്കുമെന്നതിനാല്‍ ന്യുമോണിയ, ഫ്‌ളൂ പോലുള്ളവ വരാതിരിക്കാനുള്ള വാക്‌സീനുകളും എടുക്കേണ്ടതാണ്‌. കടുത്ത രോഗാവസ്ഥയും മരണസാധ്യതയും കുറയ്‌ക്കാന്‍ ഇന്‍ഫ്‌ളുവന്‍സ, ന്യുമോകോക്കല്‍ വാക്‌സീനുകള്‍ സിഒപിഡി രോഗികള്‍ക്ക്‌ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്‌. 

9. ലക്ഷണങ്ങള്‍ നിരീക്ഷിക്കണം
ശ്വാസംമുട്ടല്‍, ചുമ, വലിവ്‌ പോലെ സിഒപിഡിയുമായി ബന്ധപ്പെട്ട്‌ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ പ്രത്യേകം നിരീക്ഷിക്കണം. ഇത്‌ നിങ്ങളുടെ ഡോക്ടറുമായി ചര്‍ച്ച ചെയ്യുന്നത്‌ ട്രിഗറുകള്‍ കൃത്യമായി കണ്ടെത്താന്‍ സഹായിക്കും. 

10. പിന്തുണ മുഖ്യം
സിഒപിഡിയുമായുള്ള പോരാട്ടം ദീര്‍ഘമേറിയതും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്‌. ഇതിനാല്‍ തന്നെ പ്രിയപ്പെട്ടവരുടെയും സപ്പോര്‍ട്ട്‌ ഗ്രൂപ്പുകളുടെയും തെറാപിസ്റ്റിന്റെയുമെല്ലാം അകമഴിഞ്ഞ പിന്തു രോഗനിയന്ത്രണത്തില്‍ സുപ്രധാനമാണ്‌. ഇത്‌ രോഗത്തെ നേരിടാന്‍ വൈകാരികമായ താങ്ങും പ്രചോദനവും നല്‍കും. 

ശരീരത്തിന്റെ പൂർണ ആരോഗ്യത്തിന് സൂര്യനമസ്കാരം: വിഡിയോ

English Summary:

Prevention Tips for the chronic Lung Disease

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com