നല്ല ഭക്ഷണം കഴിച്ചാൽ ശരീരത്തിനു മാത്രമല്ല ഗുണം; മാനസികാരോഗ്യത്തിന് എന്തെല്ലാം കഴിക്കണമെന്ന് അറിയണ്ടേ?
Mail This Article
നല്ല ഭക്ഷണം കഴിച്ചാല്‍ ശരീരം പുഷ്ടിപ്പെടുമെന്ന് എല്ലാവര്ക്കും അറിയാം. എന്നാല്‍ ശരീരത്തിന്റെ മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തെയും നാം കഴിക്കുന്ന ഭക്ഷണം ഗണ്യമായ തോതില്‍ സ്വാധീനിക്കാറുണ്ട്. ഇത് കൊണ്ടാണ് ചില ഭക്ഷണള്‍ കഴിക്കുമ്പോള്‍ ഒരു സന്തോഷവും ചിലതു കഴിക്കുമ്പോള്‍ നമുക്ക് മൂഡ് ഓഫും ഉണ്ടാക്കുന്നത്.
പോഷകസമ്പുഷ്ടമായ ഭക്ഷണവിഭവങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പഴങ്ങളും പച്ചക്കറികളും ഹോള്‍ ഗ്രെയ്നുകളും ലീന്‍ പ്രോട്ടീനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണമാണ് മാനസിക ക്ഷേമത്തിന് അത്യുത്തമമെന്ന് പ്രശസ്ത പോഷകാഹാര വിദഗ്ധ നൂപുര്‍ പട്ടീല്‍ എച്ച്ടി ലൈഫ്സ്റ്റൈലിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. സാല്‍മണ്‍, വാള്‍നട്ട്, ഫ്ളാക്സ് വിത്തുകള്‍ എന്നിവ പോലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞ ഭക്ഷണങ്ങള്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ലക്ഷണങ്ങള്‍ കുറയ്ക്കുമെന്നു ഗവേഷണ പഠനങ്ങളും ശുപാര്‍ശ ചെയ്യുന്നു.
ബ്രൗണ്‍ അരി, ക്വിനോവ എന്നിങ്ങനെയുള്ള ഹോള്‍ ഗ്രെയ്നുകളില്‍ അടങ്ങിയിട്ടുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ തോതിനെ നിയന്ത്രിച്ച് ഊര്‍ജ്ജത്തിന്റെ നിരന്തരമായ ഉറവിടമായി പ്രവര്‍ത്തിക്കുന്നു. ഇത് മൂഡ് മാറ്റങ്ങളെ തടയാന്‍ സഹായിക്കും. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ നേരിടാന്‍ വൈറ്റമിന്‍ സി പോലുള്ള ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉത്തമമാണ്.
മനസ്സ് സന്തോഷമായിട്ടിരിക്കാന്‍ വയറിന്റെ ആരോഗ്യവും നന്നായിരിക്കണമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. യോഗര്‍ട്ട്, പുളിപ്പിച്ച പച്ചക്കറികള്‍ എന്നിങ്ങനെയുള്ള പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തി മാനസികാരോഗ്യവും ഉറപ്പാക്കും. പോഷണസമ്പുഷ്ടമായ ഭക്ഷണത്തിനൊപ്പം വ്യായാമം, ധ്യാനം എന്നിവയെല്ലാം അടങ്ങുന്ന സജീവ ജീവിതശൈലിയും മെച്ചപ്പെട്ട സാമൂഹിക ബന്ധങ്ങളും മാനസികാരോഗ്യത്തില്‍ നിര്‍ണ്ണായകമാണെന്നും നൂപുര്‍ പട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
നല്ല ഭക്ഷണം കഴിച്ച് എങ്ങനെ ആരോഗ്യം സംരക്ഷിക്കാം: വിഡിയോ