ADVERTISEMENT

പട്ടാളത്തിൽ നിന്ന് വിരമിച്ചിട്ട് നീണ്ട 32 വർഷങ്ങൾ കഴിഞ്ഞിട്ടും ജോർജ് അച്ചായന്റെ ഓർമകൾക്കിന്നും 'കശ്മീർക്കുളിർ'! മഞ്ഞുമൂടിയ മലനിരകളും ഝലം നദിയൊഴുകിയ വഴികളും 1965ലെ ഇന്ത്യ-പാക്  യുദ്ധവുമെല്ലാം അതിലുണ്ട്. കൊല്ലം ഇളമാടിലെ വീട്ടിലിരുന്നു ഭർത്താവിന്റെ പട്ടാളക്കഥകൾ കേട്ടുകേട്ട് ഭാര്യ ഓമനയ്ക്കും ഒരാഗ്രഹം - കശ്മീർ വരെ ഒന്നു പോയിവരണം. ഭർത്താവ് സൈനികസേവനം നടത്തിയ ആ നാടൊന്നു അടുത്ത് കാണണം. പിന്നെ ഒന്നും നോക്കിയില്ല, മക്കളെ ബുദ്ധിമുട്ടിക്കാതെ പി.ബി. ജോർജും (82) ഓമന ജോർജും (74) കശ്മീരിലേക്ക് ട്രെയിൻ കയറി. മനസ്സുണ്ടെങ്കിൽ യാത്രയ്ക്ക് ഇതിലും 'നല്ലൊരു പ്രായമില്ല' എന്നാണിവരുടെ പക്ഷം.

തണുപ്പിൽ തളരാതെ
തണുപ്പും കയറ്റിറക്കങ്ങളുമൊന്നും ഇരുവരെയും തളർത്തിയില്ല. അന്യോന്യം ഊന്നുവടികളായി. ദാൽ തടാകത്തിൽ ബോട്ടിൽ കറങ്ങിയും റോപ്‌വേയിൽ കയറിയും കുതിരപ്പുറത്ത് സവാരി നടത്തിയുമെല്ലാം യാത്ര ആഘോഷമാക്കി. പാക്കിസ്ഥാൻ അതിർത്തി വരെ യാത്ര നീണ്ടു. മാഞ്ഞുപോയ ചില ഓർമയിടങ്ങളെ ഭാര്യയുടെ കൈപിടിച്ച് നടന്നു കണ്ടുതീർത്തു ജോർജ്.

ക്യാംപിൽ വീണ്ടും
ജമ്മുവിലെ പട്ടാളക്യാംപിലെ അതിഥികളായിട്ടായിരുന്നു 2 ദിവസത്തെ താമസം. പട്ടാള ക്യാംപ് സന്ദർശിച്ചത് ഹൃദ്യമായ അനുഭവമായിരുന്നുവെന്നും പൂക്കൾ വിതറിയായിരുന്നു സ്വാഗതം ചെയ്തതെന്നും ഇവർ പറയുന്നു. വിവിധ സമയത്ത് വിരമിച്ച, പ്രായത്തിൽ ഇവരെക്കാൾ ഏറെ ഇളയവരായ അഞ്ചു സൈനികരും കുടുംബവും കൂടെയുണ്ടായിരുന്നു. കൂടെ ജോലി ചെയ്തിരുന്ന ആരും ഇപ്പോൾ അവിടെയില്ല, എവിടെയാണെന്നും അറിയില്ല. 28 വർഷത്തെ സേവനത്തിനു ശേഷം സുബേദാർ മേജറായി 1991ലാണ് ജോർജ് വിരമിച്ചത്.

പ്രതീകാത്മക ചിത്രം∙ Image Credits: Tamas Panczel - Eross/Shutterstock.com
പ്രതീകാത്മക ചിത്രം∙ Image Credits: Tamas Panczel - Eross/Shutterstock.com

യാത്രകൾ തുടരും
തിരികെയെത്തുന്നതിനു മുൻപേ അടുത്ത യാത്രയ്ക്കുള്ള ഒരുക്കങ്ങൾ മനസ്സിൽ വരച്ചുവച്ചുകഴിഞ്ഞു ഈ ദമ്പതികൾ. ഡിസംബറിലെ അതിശൈത്യം ഒന്ന് ഒതുങ്ങിയിട്ടു വേണം ഇനിയും ചിലയിടങ്ങൾ കൂടി കാണാൻ പോകാൻ. വീട്ടിൽ പരസ്പരം മുഖത്തോടു മുഖം നോക്കി അടച്ചിരിക്കാനല്ല, 

 ആരെയും ബുദ്ധിമുട്ടിക്കാതെ മനസ്സിൽ ആഗ്രഹിച്ച ഇടങ്ങളിലേക്കെല്ലാം പോകാനാണ് തീരുമാനം. യാത്ര ലഹരി മാത്രമല്ല, പ്രായമുള്ളവർക്ക് ആശ്വാസമേകുന്ന മരുന്നുമാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. 

English Summary:

Elderly Couple travels to Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com