ഈ വേദനസംഹാരി ഉപയോഗിക്കാറുണ്ടോ? ഗുരുതര പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് കേന്ദ്ര മുന്നറിയിപ്പ്
Mail This Article
വേദന സഹിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ടു തന്നെയാണ് വേദനസംഹാരികൾക്ക് മാർക്കറ്റില്‍ ഇത്രയും ഡിമാന്റും. പലപ്പോഴും ഡോക്ടർമാർ നൽകുന്നതിനു പുറമേ സ്വന്തം ഇഷ്ടത്തിനു മെഡിക്കൽ സ്റ്റോറിൽ നിന്നും വേദനസംഹാരികൾ വാങ്ങിക്കഴിക്കാറാണ് പതിവ്. എന്നാൽ അതിനു പിന്നിൽ അപകടമുണ്ടായേക്കാമെന്ന് പലരും ചിന്തിക്കുക പോലുമില്ല.
തലവേദന, ആർത്തവ വേദന, പേശീവേദന. സന്ധിവേദന എന്നീ പ്രശ്നങ്ങള്‍ക്കു പരിഹാരമായി കാലാകാലങ്ങളായി ഇന്ത്യയിൽ ഉപയോഗിച്ചു വന്നിരുന്ന മരുന്നാണ് മെഫ്താൽ സ്പാസ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ വാങ്ങാന്‍ കഴിയുന്ന ഓവര്‍ ദി കൗണ്ടര്‍ മെഡിസിനാണ് ഇത്. വേദനസംഹാരിയായി ഉപയോഗിക്കുന്ന ഈ മെഫെനാമിക് ആസിഡിന്റെ പാർശ്വഫലങ്ങളെപ്പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രം.
ഇന്ത്യൻ ഫാർമകോപ്പിയ കമ്മീഷൻ (ഐപിസി) ആണ് മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് പുറത്തിറക്കിയത്. മെഫ്താലിനിലെ ഘടകമായ മെഫെനാമിക് ആസിഡ് ഇസിനോഫീലിയ, ഡ്രസ് സിന്‍ഡ്രോം എന്നിവയ്ക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ചില മരുന്നുകള്‍ മൂലമുണ്ടാകുന്ന അലര്‍ജിയാണ് ഡ്രസ് സിന്‍ഡ്രോം. മരുന്ന് കഴിച്ച ശേഷം ചര്‍മ്മത്തില്‍ ചുണങ്ങ്, ലിംഫഡെനോപ്പതി, പനി എന്നിവ രണ്ടാഴ്ച മുതൽ 8 ആഴ്ചയ്ക്കുള്ളിൽ സംഭവിക്കാം. ഫാര്‍മകോവിജിലന്‍സ് പ്രോഗ്രാം ഓഫ് ഇന്ത്യ നടത്തിയ പ്രാഥമിക പരിശോധനയിലാണ് മെഫെനാമിക് ആസിഡ് ആന്തരികാവയങ്ങളെ ബാധിച്ചേക്കാമെന്ന് വ്യക്തമായത്. മരുന്നിന്റെ പാര്‍ശ്വഫലങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ആരോഗ്യപ്രവർത്തകരോടും രോഗികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.