മുടി കൊഴിച്ചിൽ കൂടിയോ? തലമുടിയുടെ ആരോഗ്യത്തില്‍ ഈ വൈറ്റമിനുകള്‍ നിര്‍ണായകം
Mail This Article
പുരുഷന്മാരിലും സ്‌ത്രീകളിലും മുടി കൊഴിച്ചിലിനും മുടിയുടെ ഉള്ള് കുറയുന്നതിനുമൊക്കെ കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. ഇവയില്‍ സുപ്രധാനമായ ഒന്നാണ് ചിലതരം വൈറ്റമിനുകളുടെ അഭാവം. വൈറ്റമിന്‍ എ, ഡി, ഇ, ചിലതരം ബി വൈറ്റമിനുകള്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു.
വൈറ്റമിന്‍ എ
രോമകൂപങ്ങളെ രൂപപ്പെടുത്തുന്ന കോശങ്ങളുടെ അടക്കം വളര്‍ച്ചയ്‌ക്ക് വൈറ്റമിന്‍ എ അത്യാവശ്യമാണ്. ഇതിന്റെ അഭാവം മുടിയുടെ ഉള്ള് കുറയാന്‍ കാരണമാകും. ശിരോചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്ന എണ്ണമയമുള്ള സെബത്തിന്റെ ഉത്‌പാദനത്തിലും വൈറ്റമിന്‍ എ മുഖ്യ പങ്ക് വഹിക്കുന്നു. വൈറ്റമിന്‍ എയുടെ അഭാവം ശിരോചര്‍മ്മത്തിനെ വരണ്ടതാക്കുകയും ഇത് മൂലം മുടി പൊട്ടിപ്പോകാന്‍ ഇടയാകുകയും ചെയ്യുന്നു.
വൈറ്റമിന്‍ ഡി
മുടിയുടെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കും കിളര്‍ത്തു വരുന്ന പുതിയ മുടികളുടെ ആരോഗ്യത്തിനും വൈറ്റമിന്‍ ഡിയും ആവശ്യമാണ്. ഇവയുടെ അഭാവം മുടികൊഴിച്ചില്‍ വര്‍ധിപ്പിക്കുകയും മുടിയുടെ നിബിഡത കുറയ്‌ക്കുകയും ചെയ്യുന്നു. സൂര്യപ്രകാരമേല്‍ക്കുന്നതും മുട്ടയുടെ മഞ്ഞ, മീനെണ്ണ, കൊഴുപ്പുള്ള മീന്‍, കരള്‍ പോലുള്ള ഭക്ഷണം കഴിക്കുന്നതും ശരീരത്തിലെ വൈറ്റമിന്‍ ഡിയുടെ തോതുയര്‍ത്തും. സസ്യാഹാരികള്‍ക്ക് സപ്ലിമെന്റുകളെയും ആശ്രയിക്കാവുന്നതാണ്.
വൈറ്റമിന്‍ ഇ
ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള വൈറ്റമിന്‍ ഇ മുടിയെയും അവയുടെ വേരിലുള്ള കോശങ്ങളെയും ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സില്‍ നിന്ന് രക്ഷിക്കും. ആരോഗ്യകരമായ ശിരോചര്‍മ്മത്തിനും ഇതിനാല്‍ തന്നെ വൈറ്റമിന്‍ ഇ അത്യാവശ്യമാണ്. ഇവയുടെ അഭാവം ശിരോചര്‍മ്മം വരണ്ടതാക്കുകയും നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും.
ബി വൈറ്റമിനുകള്‍
അമിനോ ആസിഡുകളുടെ ചയാപചയത്തില്‍ നിര്‍ണ്ണായക പങ്കാണ് ബി വൈറ്റമിനുകള്‍ വഹിക്കുന്നത്. മുടി നിര്‍മ്മിക്കാനാവശ്യമായ കെരാറ്റിന്‍ എന്ന പ്രോട്ടീനുകളുടെ വളര്‍ച്ചയ്‌ക്കും ബി-വൈറ്റമിനുകള്‍ ആവശ്യമാണ്. മുടിക്ക് പോഷണങ്ങളും ഓക്‌സിജനും ആവശ്യത്തിന് എത്തിക്കുന്ന ചുവന്ന രക്തകോശങ്ങളുടെ ഉത്‌പാദനത്തില്‍ വൈറ്റമിന്‍ ബി6, ബി12 എന്നിവ നിര്‍ണ്ണായക സ്ഥാനം വഹിക്കുന്നു.
അമിതമാകരുത് വൈറ്റമിനുകള്‍
മുടിയുടെ വളര്‍ച്ചയ്‌ക്ക് വൈറ്റമിനുകള്‍ അത്യാവശ്യമാണെങ്കിലും അവ അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കണം. അമിതമായ വൈറ്റമിനുകള്‍ മുടി കൊഴിച്ചില്‍ മാത്രമല്ല മറ്റ് പാര്‍ശ്വഫലങ്ങളും ശരീരത്തിലുണ്ടാക്കാം. ഇതിനാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കാന്‍ ആരംഭിക്കാവൂ.
വൈറ്റമിൻ ഡി കുറഞ്ഞാൽ സംഭവിക്കുന്നത്: വിഡിയോ