ബ്രേക്അപ്പിന് ശേഷം വിഷാദരോഗ മരുന്നുകള്‍ കൂടുതലായി കഴിക്കേണ്ടി വരുന്നത് സ്ത്രീകളെന്ന് പഠനം
Mail This Article
ബ്രേക്ക് അപ്പ്, വിവാഹമോചനം, പങ്കാളിയുടെ വിയോഗം എന്നിവയെല്ലാം സ്‌ത്രീകളെയും പുരുഷന്മാരെയും വ്യത്യസ്‌തമായ രീതിയിലാണ് ബാധിക്കാറുള്ളത്. എന്നാല്‍ ഇവ മൂലം വിഷാദരോഗത്തിനുള്ള ആന്റിഡിപ്രസന്റ് മരുന്നുകള്‍ ഉപയോഗിക്കാനുള്ള സാധ്യത സ്‌ത്രീകളില്‍ അധികമാണെന്ന് പഠനത്തില്‍ കണ്ടെത്തി.
യൂറോപ്യന്‍ റിസര്‍ച്ച് കൗണ്‍സിലും അക്കാദമി ഓഫ് ഫിന്‍ലന്‍ഡും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 50നും 70നും ഇടയില്‍ പ്രായമുള്ള 2,28,644 ഫിന്‍ലന്‍ഡുകാരാണ് പങ്കെടുത്തത്. ഇതില്‍ 33 ശതമാനം പേര്‍ വിവാഹ ബന്ധം വേര്‍പെടുത്തിയവരും 30 ശതമാനം പേര്‍ പ്രണയബന്ധം പിരിഞ്ഞവരും 37 ശതമാനം പേര്‍ തങ്ങളുടെ പങ്കാളിയുടെ മരണം നേരിട്ടവരുമായിരുന്നു.
ബ്രേക്ക് അപ്പിലേക്ക് നയിക്കുന്ന നാലു വര്‍ഷങ്ങളില്‍ സ്‌ത്രീകളുടെ ആന്റിഡിപ്രസന്റ് ഉപയോഗം ആറ് ശതമാനം വര്‍ധിച്ചപ്പോള്‍ പുരുഷന്മാരുടേത് 3.2 ശതമാനം മാത്രമാണ് വര്‍ധിച്ചതെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് മുന്‍പുള്ള ആറ് മാസങ്ങളില്‍ ആന്റിഡിപ്രസന്റ് ഉപയോഗം സ്‌ത്രീകളില്‍ ഏഴ് ശതമാനവും പുരുഷന്മാരില്‍ അഞ്ച് ശതമാനവും കൂടിതായും പഠനറിപ്പോര്‍ട്ട് പറയുന്നു.
ബ്രേക്അപ്പിനോടും ഡിവോഴ്‌സിനോടും പങ്കാളിയുടെ വിയോഗത്തോടും വൈകാരികമായി പൊരുത്തപ്പെടാന്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ബ്രേക്അപ്പിനോ പങ്കാളിയുടെ വിയോഗത്തിനോ ശേഷം വീണ്ടുമൊരു പങ്കാളിയെ കണ്ടെത്തുന്ന കാര്യത്തില്‍ സ്‌ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ മുന്നിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
പുനര്‍വിവാഹവും വീണ്ടും ഏര്‍പ്പെടുന്ന പ്രണയ ബന്ധങ്ങളും പുരുഷന്മാരുടെ മാനസികാരോഗ്യത്തിന് ഗുണകരമാകുന്നതാകാം ഇവരിലെ ആന്റിഡിപ്രസന്റ് ഉപയോഗം കുറയാന്‍ കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. 50 വയസ്സിന് മുകളിലുള്ളവരുടെ ഡിവോഴ്‌സ് നിരക്ക് ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ വര്‍ദ്ധിക്കുന്നതായും പഠനം കണ്ടെത്തി. ജേണല്‍ ഓഫ് എപ്പിഡമോളജി ആന്‍ഡ് കമ്മ്യൂണിറ്റി ഹെല്‍ത്തിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.
സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത കൂട്ടുന്ന ഈ അപകടഘടകങ്ങൾ ശ്രദ്ധിക്കണം : വിഡിയോ