ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിനെ ഭയക്കണോ? ഈ കാര്യങ്ങൾ അറിയാതെ പോകരുത്
![carbs-Rouzes-istockphoto Representative image. Photo Credit:prostockstudio/istockphoto.com](https://img-mm.manoramaonline.com/content/dam/mm/mo/health/healthy-food/images/2024/2/15/carbs-Rouzes-istockphoto.jpg?w=1120&h=583)
Mail This Article
ഭാരവും അമിതവണ്ണവും കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലരും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതും പ്രോട്ടീനും കൊഴുപ്പും കൂടിയതുമായ ഭക്ഷണക്രമങ്ങളിലേക്ക് ചുവട് മാറാറുണ്ട്. എന്നാല്‍ നാം വിചാരിക്കുന്ന അത്ര പ്രശ്‌നക്കാരനാണോ കാര്‍ബോഹൈഡ്രേറ്റ്? സന്തുലിതമായ ഒരു ഭക്ഷണക്രമത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് കാര്‍ബോഹൈഡ്രേറ്റ്. ഇത് ഒഴിവാക്കിയുള്ള ഭക്ഷണക്രമത്തിന് ഒരു പക്ഷേ പെട്ടെന്നുള്ള ഫലം ഉളവാക്കാന്‍ സാധിച്ചേക്കാം. പക്ഷേ, ദീര്‍ഘകാലത്തേക്ക് അത് മൂലം ദോഷമേ ഉണ്ടാകൂ. പോയ ഭാരം വീണ്ടും തിരികെ വരാനും സാധ്യതയേറെയാണ്.
കാര്‍ബോഹൈഡ്രേറ്റ് നിങ്ങളുടെ ശത്രുവല്ലെന്ന് പറയുന്നതിന് കാരണങ്ങള്‍ ഇവയാണ്.
1. വര്‍ക്ക്‌ഔട്ട് പ്രകടനം മെച്ചപ്പെടുത്തും
സാധാരണ ഗതിയില്‍ പ്രോട്ടീനാണ് വര്‍ക്ഔട്ട് ചെയ്യുന്നവരുടെ പ്രധാന ഭക്ഷണം. എന്നാല്‍ പ്രോട്ടീനൊപ്പം ചെറിയ തോതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടി ചേര്‍ത്താല്‍ ഇത് വര്‍ക്ഔട്ടിന്റെ പ്രകടനം മെച്ചപ്പെടുത്തും. കാര്‍ബ്സ് നല്‍കുന്ന ഇന്ധനം കൂടുതല്‍ മികച്ച രീതിയില്‍ വ്യായാമം ചെയ്യാന്‍ ശരീരത്തെ സഹായിക്കും.
![chapathi-ghee Image Credit: Tati Liberta/shutterstock](https://img-mm.manoramaonline.com/content/dam/mm/mo/pachakam/features/images/2023/11/10/chapathi-ghee.jpg?w=845&h=440)
2. ശരീരത്തിനും തലച്ചോറിനും ഇന്ധനം
തലച്ചോര്‍, പേശികള്‍, അവയവങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഇന്ധനമേകാന്‍ ശരീരം ഉപയോഗിക്കുന്ന പ്രാഥമിക ഊര്‍ജ്ജ സ്രോതസ്സാണ് കാര്‍ബോഹൈഡ്രേറ്റ്. ശരിയായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഊര്‍ജ്ജസ്വലനായി ഇരിക്കാന്‍ സഹായിക്കും. മറുവശത്ത് കാര്‍ബ് പൂര്‍ണ്ണമായും ഒഴിവാക്കിയാല്‍ ശരീരത്തിനു പെട്ടെന്ന് ക്ഷീണം തോന്നും.
3. പോഷണത്തിന്റെ അഭാവം പരിഹരിക്കും
പഴങ്ങളും പച്ചക്കറികളും അവശ്യ പോഷണങ്ങളുടെ കലവറയാണ്. പല പഴങ്ങളിലും പച്ചക്കറികളിലും ഹോള്‍ ഗ്രെയ്‌നുകളിലും കാര്‍ബ് അടങ്ങിയിരിക്കുന്നു. ഇതിനാല്‍ ഇവ ഉള്‍പ്പെടുത്തുന്നത് വഴി ഭക്ഷണത്തിലെ അവശ്യ പോഷണങ്ങളുടെ അഭാവം പരിഹരിക്കപ്പെടുന്നു.
![junk-food junk-food](https://img-mm.manoramaonline.com/content/dam/mm/mo/education/education-news/images/2022/12/17/junk-food.jpg?w=845&h=440)
4. വാരിവലിച്ച് തിന്നില്ല
രക്തത്തിലെ പഞ്ചസാരയുടെ തോതും വിശപ്പും നിയന്ത്രിക്കാനും കാര്‍ബ് ഭക്ഷണം സഹായിക്കും. ഇത് അനാവശ്യമായ ആസക്തി ഇല്ലാതാക്കും. ആവശ്യത്തിന് കാര്‍ബോഹൈഡ്രേറ്റ് ചേര്‍ന്ന ഭക്ഷണം കഴിക്കാതിരുന്നാല്‍ തീവ്രമായ വിശപ്പും ആസക്തിയും മൂലം വാരിവലിച്ച് കഴിക്കാനുള്ള സാധ്യത അധികമാണ്.
5. ആരോഗ്യകരമായ ദഹനം
മലബന്ധവും മറ്റ് ദഹനപ്രശ്‌നങ്ങളും ഒഴിവാക്കാനും കാര്‍ബോഹൈഡ്രേറ്റ് ആവശ്യമാണ്. ഉയര്‍ന്ന തോതില്‍ ഫൈബറുള്ള ഭക്ഷണവും ഇതിനൊപ്പം കഴിക്കേണ്ടതാണ്.
ഹോള്‍ ഗ്രെയ്‌നുകള്‍, പയര്‍ വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബ്രൗണ്‍ റൈസ് എന്നിവയെല്ലാം കാര്‍ബോഹൈഡ്രേറ്റിന്റെ മികച്ച സ്രോതസ്സുകളാണ്. അതേ സമയം ബ്രഡ്, ബേക്ക് ചെയ്‌ത ഭക്ഷണങ്ങള്‍, റിഫൈന്‍ ചെയ്‌ത ധാന്യപ്പൊടി, മധുരപാനീയങ്ങള്‍ എന്നിവയിലുള്ള കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കേണ്ടതാണ്.
പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ? വിഡിയോ