ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ റെഡ് ലൈറ്റ് തെറാപ്പി
Mail This Article
പ്രത്യേക തരംഗദൈർഘ്യത്തിൽപ്പെട്ട ചുവന്ന വെളിച്ചം ഒരു വ്യക്തിയുടെ പിൻ ഭാഗത്ത് 15 മിനിട്ട് അടിച്ചാൽ അത് ഭക്ഷണ ശേഷം രക്തത്തിലെ പഞ്ചസാരയുടെ തോത് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം. ജേണൽ ഓഫ് ബയോഫോട്ടോണിക്സിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്.
ഇഞ്ചക്ഷനുകളോ മരുന്നുകളോ ആവശ്യമില്ലാത്ത ഈ ചികിത്സ ഭക്ഷണശേഷമുള്ള പ്രമേഹ നിയന്ത്രണത്തിൽ സഹായിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ലണ്ടൻ സിറ്റി യൂണിവേഴ്സിറ്റി സീനിയർ ലക്ച്ചറർ മൈക്കിൾ പൗനർ ചൂണ്ടിക്കാണിക്കുന്നു. ചുവന്ന വെളിച്ചത്തിൻ്റെ രോഗം സുഖപ്പെടുത്താനുള്ള ശേഷി അർബുദം, വിഷാദരോഗം ഉൾപ്പെടെയുള്ള ആരോഗ്യ സാഹചര്യങ്ങളിൽ ഇതിന് മുൻപ് പരീക്ഷിച്ചിട്ടുണ്ട്.
ആരോഗ്യവാന്മാരായ 30 പേരിലാണ് 670 നാനോ മീറ്റർ ചുവന്ന വെളിച്ചം ഉപയോഗിച്ചുള്ള പുതിയ പഠനം നടത്തിയത്. ഇവർ പ്രമേഹമുള്ളവരോ ഏതെങ്കിലും മരുന്ന് കഴിക്കുന്നവരോ അല്ല. ഇവരെ രണ്ട് സംഘങ്ങളായി തിരിച്ചു. ഗവേഷണത്തിന്റെ തുടക്കത്തിൽ എല്ലാവരും ഫാസ്റ്റിങ് ഓറൽ ഗ്ലൂക്കോസ് ടെസ്റ്റ് എടുത്തു. കുറഞ്ഞത് 10 മണിക്കൂർ നേരത്തേക്ക് വെള്ളം മാത്രം കുടിച്ച ഇവർക്ക് വെറും വയറ്റിൽ 75 ഗ്രാം പഞ്ചസാരയുള്ള 5 ഔൺസ് സിറപ്പ് നൽകി. തുടർന്നുള്ള രണ്ട് മണിക്കൂറിൽ ഇവരുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് ഓരോ 15 മിനിട്ടിലും രേഖപ്പെടുത്തി.
ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു ഗ്ലൂക്കോസ് പരിശോധനയും നടത്തി. ഇത്തവണ ഒരു സംഘത്തിൽപ്പെട്ടവർക്ക് അവരുടെ പുറം ഭാഗത്ത് 670 നാനോമീറ്റർ ചുവന്ന വെളിച്ചം 15 മിനിട്ടത്തേക്ക് അടിപ്പിച്ചു. ഇതിൽ നിന്ന് ചുവന്ന വെളിച്ചം അടിച്ച സംഘത്തിൽപ്പെട്ടവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗ്ലൂക്കോസ് എടുത്തതിന് ശേഷം 28 ശതമാനം കുറഞ്ഞെന്നും പരമാവധി ഗ്ലൂക്കോസ് ഉയർച്ച 7.5 ശതമാനം കുറവായിരുന്നതായും ഗവേഷകർ നിരീക്ഷിച്ചു. ഏറ്റവും ഉയർന്ന പഞ്ചസാരയുടെ തോതും ഇവർക്ക് പ്ലാസെബോ സംഘത്തെ അപേക്ഷിച്ച് 12 ശതമാനം കുറവായിരുന്നു.
പ്രമേഹം ഇല്ലാത്തവരിൽ റെഡ് ലൈറ്റ് തെറാപ്പി ഗ്ലൂക്കോസ് ടോളറൻസ് മെച്ചപ്പെടുത്തുമെന്ന് പഠനത്തിൽ കണ്ടെത്തിയെങ്കിലും പ്രമേഹമുളളവരിൽ ഇത് എപ്രകാരം പ്രവർത്തിക്കുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. പ്രത്യേക തരംഗദൈർഘ്യത്തിലുള്ള ചുവന്ന വെളിച്ചം അഡെനോസിൽ ട്രൈഫോസ്ഫൈറ്റ് (എടിപി) എന്ന ന്യൂക്ലിയോടൈഡിന്റെ ഉത്പാദനം വർദ്ധിപ്പിക്കുന്നത് വഴിയാണ് ഇത്തരം ഗുണങ്ങൾ ശരീരത്തിനുണ്ടാകുന്നതെന്ന് ഗവേഷണിപ്പോർട്ട് അനുമാനിക്കുന്നു. പ്രമേഹമുള്ളവരെ ഉൾപ്പെടുത്തി കൂടുതൽ വിശാലമായ പഠനത്തിലൂടെ മാത്രമേ ഈ കണ്ടെത്തലുകൾ സ്ഥിരീകരിക്കാൻ സാധിക്കൂ എന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.
പ്രമേഹത്തെ പ്രതിരോധിക്കാം: വിഡിയോ