വീട്ടില്‍ നായയുണ്ടോ? എങ്കിൽ ടെൻഷൻ വേണ്ട, മനസ്സ് ശാന്തമാക്കാന്‍ പല വഴികളുണ്ട്
Mail This Article
മനുഷ്യന്മാരും നായ്‌ക്കളുമായുള്ള സൗഹൃദം ഇന്നും ഇന്നലെയുമൊന്നും തുടങ്ങിയതല്ല. ഈ കൂട്ടുകെട്ട് മനുഷ്യരുടെ മൂഡ് മെച്ചപ്പെടുത്താനും രക്തസമ്മര്‍ദ്ദവും സമ്മര്‍ദ്ദ ഹോര്‍മോണുകളെയും കുറയ്‌ക്കാനുമൊക്കെ സഹായിക്കുമെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. പ്രിയപ്പെട്ട നായയുടെ കണ്ണിലേക്ക് ചുമ്മാ നോക്കിയിരിക്കുന്നത് പോലും സ്‌നേഹവും വിശ്വാസവും വളര്‍ത്തുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണിന്റെ തോത് ഉയര്‍ത്തുമെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ നായ്‌ക്കളുമായി ചെലവിടുന്ന വിവിധതരം പ്രവര്‍ത്തനങ്ങള്‍ തലച്ചോറില്‍ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് ദക്ഷിണ കൊറിയയില്‍ നടന്ന ഒരു പഠനം.
വളര്‍ത്തു നായയുടെ ഒപ്പം നടക്കാന്‍ പോകുന്നത് ഒരാളെ കൂടുതല്‍ ശാന്തനാക്കുമെന്നും നായയുടെ രോമം ബ്രഷ് ചെയ്യുന്നത് ശ്രദ്ധ മെച്ചപ്പെടുത്തുമെന്നും നായയുടെ ഒപ്പം കളിക്കുന്നത് ഈ രണ്ട് മെച്ചങ്ങളും ഉണ്ടാക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. പഠനത്തിനായി 30 മുതിര്‍ന്നവരുടെ തലയില്‍ ഇലക്ട്രോഡ് ഹെഡ്‌സെറ്റ് ഘടിപ്പിച്ച് ആരോ എന്ന പൂഡില്‍ ഇനത്തിലുള്ള നായയുമായി ഇവര്‍ ഇടപെടുമ്പോഴുള്ള തലച്ചോറിലെ തരംഗങ്ങളുടെ മാറ്റങ്ങള്‍ ഗവേഷകര്‍ രേഖപ്പെടുത്തി.
നായുമായുള്ള കൂടിക്കാഴ്‌ച, അതിനൊപ്പം കളി, ഭക്ഷണം നല്‍കല്‍, മസാജ്, ഗ്രൂമിങ്, ഫോട്ടോ എടുക്കല്‍, കെട്ടിപിടുത്തം, നടത്തം എന്നിങ്ങനെ എട്ട് പ്രവര്‍ത്തനങ്ങള്‍ ഓരോന്നും മൂന്ന് മിനിട്ട് നേരത്തേക്കാണ് ഗവേഷണത്തില്‍ പങ്കെടുത്തവര്‍ ചെയ്‌തത്. ഇതിന് ശേഷം വൈകാരികമായി എന്ത് തോന്നിയെന്ന് അറിയാനുള്ള സര്‍വേയും ഇവര്‍ പൂര്‍ത്തിയാക്കി.
ആരോയുമായി കളിക്കുമ്പോഴും നടക്കാന്‍ പോകുമ്പോഴും ഇവരുടെ തലച്ചോറില്‍ ആല്‍ഫ തരംഗങ്ങള്‍ ശക്തമാകുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു. ഇത് കൂടുതല്‍ ശാന്തത തലച്ചോറിന് ലഭിക്കുന്നു എന്നതിന്റെ അടയാളമാണ്. ആരോയുമായി കളിക്കുമ്പോഴും രോമങ്ങള്‍ ബ്രഷ് ചെയ്യുമ്പോഴും മസാജ് നല്‍കുമ്പോഴും ശ്രദ്ധയുമായി ബന്ധപ്പെട്ട ബീറ്റ തരംഗങ്ങള്‍ ശക്തമാകുന്നതായും ഗവേഷകര്‍ കണ്ടെത്തി. ഈ എട്ട് പ്രവര്‍ത്തനങ്ങള്‍ക്കും ശേഷം ഗവേഷണത്തില്‍ പങ്കെടുത്തവരുടെ സമ്മര്‍ദ്ദവും ക്ഷീണവും വിഷാദചിന്തയും കുറഞ്ഞതായി ഗവേഷകര്‍ നിരീക്ഷിച്ചു.
എന്നാല്‍ ഈ പറഞ്ഞ ഗുണങ്ങളൊക്കെ ലഭിക്കണമെങ്കില്‍ പെറ്റ് തെറാപ്പിയില്‍ ഉപയോഗിക്കുന്ന നായയെ ആദ്യം ഒരാള്‍ക്ക് ഇഷ്ടമാകണമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. നായ്‌ക്കളുമായി ബന്ധപ്പെട്ട് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളവര്‍ക്കും നായ്‌ക്കളെ ഇഷ്ടമല്ലാത്തവര്‍ക്കും ഈ തെറാപ്പി ഫലം ചെയ്യില്ല. പ്ലോസ് വണ്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.
തലവേദന അകറ്റാൻ സിംപിൾ ടിപ്സ്: വിഡിയോ