രോഗികൾ കൂടും, മരണ നിരക്ക് 85% ഉയരും; 2040ഓടെ പ്രോസ്റ്റേറ്റ് കാൻസർ ഇരട്ടിയാകുമെന്ന് പഠനം
Mail This Article
പ്രോസ്റ്റേറ്റ് അര്‍ബുദ ബാധിതരുടെ എണ്ണം 2040 ഓടെ നിലവിലെ കേസുകളുടെ ഇരട്ടിയായി വര്‍ധിക്കുമെന്ന് പഠനം. 16 വര്‍ഷം കൊണ്ട് അര്‍ബുദ ബാധിതരുടെ എണ്ണം 2020ലെ 14 ലക്ഷത്തില്‍ നിന്ന് 29 ലക്ഷമാകുമെന്നും ഇത് മൂലമുള്ള വാര്‍ഷിക മരണങ്ങളുടെ എണ്ണം 85 ശതമാനം വര്‍ധിക്കുമെന്നും ലാന്‍സെറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു.
2020ല്‍ പ്രോസ്റ്റേറ്റ് അര്‍ബുദം മൂലമുള്ള മരണങ്ങള് 3,75,000 ആയിരുന്നത് 2040ല്‍ ഏഴ് ലക്ഷമായി മാറുമെന്നാണ് പഠനറിപ്പോര്‍ട്ട് കണക്കാക്കുന്നത്. കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ രാജ്യങ്ങളില്‍ കൃത്യ സമയത്ത് രോഗനിര്‍ണ്ണയം നടക്കാത്തത് മൂലം മരണസംഖ്യ ഇതിലും ഉയരാമെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു. പഠനത്തിലെ കണ്ടെത്തലുകള്‍ യൂറോപ്യന്‍ അസോസിയേഷന്റെ യൂറോളജി വാര്‍ഷിക കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെടും.
പ്രായം, കുടുംബത്തിലെ അര്‍ബുദ ചരിത്രം എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പ്രധാനമായും പ്രോസ്റ്റേറ്റ് അര്‍ബുദത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നത്. ജീവിതശൈലിയില്‍ മാറ്റം വരുത്തിയത് കൊണ്ട് ഇതിനാല്‍ പ്രോസ്റ്റേറ്റ് കേസുകളുടെ എണ്ണത്തിലെ വര്‍ധന നിയന്ത്രിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ നേരത്തെയുള്ള രോഗനിര്‍ണ്ണയം, ചികിത്സയിലെ പുരോഗതി, വ്യാപകമായ പരിശോധന എന്നിവ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ സഹായകമാകുമെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
ഇടയ്ക്കിടെ, പ്രത്യേകിച്ച് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടല്‍, മൂത്രമൊഴിക്കാന്‍ ആരംഭിക്കുമ്പോഴുള്ള ബുദ്ധിമുട്ട്, മൂത്രസഞ്ചി ശരിയായി കാലിയാക്കാന്‍ സാധിക്കുന്നില്ലെന്ന തോന്നല്‍, മൂത്രത്തിലെ രക്തം, ശുക്ലം, മൂത്രമൊഴിക്കുമ്പോള്‍ വേദന, മൂത്രം പോകാത്ത അവസ്ഥ എന്നിവയെല്ലം പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്റെ ലക്ഷണങ്ങളാണ്.
എന്നാല്‍ ഈ ലക്ഷണങ്ങളെല്ലാം പ്രോസ്ട്രേറ്റിന് വീക്കമുണ്ടെങ്കിലും വരാമെന്നതിനാല്‍ അള്‍ട്രാസൗണ്ട് സ്കാന്‍, എംആര്‍ഐ സ്കാന്‍, ഇവയുടെ അടിസ്ഥാനത്തില്‍ ബയോപ്സി എന്നിവയിലൂടെയാണ് ഡോക്ടര്‍മാര്‍ കൃത്യമായ രോഗനിര്‍ണ്ണയം നടത്തുന്നത്. വൃഷ്ണങ്ങള്‍ക്ക് വേദന, പുറം വേദന, എല്ലുകള്‍ക്ക് വേദന, വിശപ്പില്ലായ്മ, ഭാരം കുറയല്‍ എന്നിവയെല്ലാം പ്രോസ്റ്റേറ്റ് അര്‍ബുദം മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നു എന്നതിന്റെ ലക്ഷണങ്ങളാണ്.