ADVERTISEMENT

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള ടൈപ്പ് 1 പ്രമേഹബാധിതര്‍ക്കായി കൃത്രിമ പാന്‍ക്രിയാസ് പുറത്തിറക്കി യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്. ഹൈബ്രിഡ് ക്ലോസ്ഡ് ലൂപ് സിസ്റ്റം എന്നാണ് ഈ സാങ്കേതിക വിദ്യ അറിയപ്പെടുന്നത്.

പ്രമേഹരോഗിയുടെ രക്തത്തിലെ പഞ്ചസാരയുടെ തോത് തുടര്‍ച്ചയായി ട്രാക്ക് ചെയ്യുന്ന ഈ കൃത്രിമ പാന്‍ക്രിയാസ് ഒരു പമ്പ് വഴി രക്തപ്രവാഹത്തിലേക്ക് ഇന്‍സുലിന്റെ വിതരണം ആവശ്യാനുസരണം ക്രമീകരിച്ചു കൊണ്ടിരിക്കും. ഈ ഉപകരണം ഘടിപ്പിക്കുന്നവര്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിക്കേണ്ടി വരില്ല. ഇന്‍സുലിന്‍ കുത്തിവയ്പ്പുകള്‍ ഓരോ തവണയും എടുക്കേണ്ടതില്ലെന്നുള്ള മെച്ചവുമുണ്ട്.

ഈ കൃത്രിമ പാന്‍ക്രിയാസിന്റെ ഭാഗമായ സെന്‍സറിലേക്ക് വയര്‍ലെസ്സായി ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പും ഘടിപ്പിക്കാവുന്നതാണ്. റീഡിങ്ങിന് അനുസരിച്ച് ഭക്ഷണത്തിലെ കാര്‍ബോഹൈഡ്രേറ്റിന്റെ തോതില്‍ വ്യത്യാസം വരുത്താനും ഈ ആപ്പ് സഹായിക്കും.

Representative Image. Photo Credit : Simpson33/ iStockPhoto.com
Representative Image. Photo Credit : Simpson33/ iStockPhoto.com

ടൈപ്പ് 1 പ്രമേഹ ബാധിതരുടെ ജീവിതശൈലി മെച്ചപ്പെടുത്താന്‍ ഈ കൃത്രിമ പാന്‍ക്രിയാസ് സഹായിക്കുമെന്ന് നാഷണല്‍ ക്ലിനിക്കല്‍ ഡയറക്ടര്‍ ഫോര്‍ ഡയബറ്റീസ് ഡോ. ക്ലെയര്‍ ഹാംബ്ലിങ് പറയുന്നു. കുട്ടികളും യുവാക്കളും ഗര്‍ഭിണികളും അടക്കമുള്ള ടൈപ്പ് 1 പ്രമേഹ രോഗികളിലേക്ക് ഈ ഉപകരണം എത്തിക്കാനുള്ള ശ്രമത്തിലാണ് എന്‍എച്ച്എസ്.

പാന്‍ക്രിയാസ് ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുന്ന രോഗാവസ്ഥയാണ് ടൈപ്പ് 1 പ്രമേഹം. ആവശ്യത്തിന് ഇന്‍സുലിന്‍ ഇല്ലാതെ വരുമ്പോള്‍ രക്തത്തിലെ പഞ്ചസാരയ്ക്ക് കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാനാവാതെ വരുകയും അവ രക്തപ്രവാഹത്തില്‍ കുമിഞ്ഞു കൂടുകയും ചെയ്യുന്നു.

English Summary:

Transformative Diabetes Treatment Arrives: UK Launches Artificial Pancreas with Smartphone Monitoring

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com