12 വയസ്സിനു മുൻപ് ആർത്തവം തുടങ്ങിയോ? ഗുണങ്ങളുണ്ടെന്ന് പഠനം
Mail This Article
ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്ന് പഠനം. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് മറവി രോഗ സാധ്യത മറ്റ് സ്ത്രീകളെ അപേക്ഷിച്ച് 12 ശതമാനം അധികമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജന്‍ ഹോര്‍മോണിന്റെ തോതാണ് മറവിരോഗ സാധ്യതയെ സ്വാധീനിക്കുന്നത്. മറവിരോഗത്തില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ ഈ ഹോര്‍മോണിന് സ്ഥാനമുണ്ട്.
37നും 73നും ഇടയില്‍ പ്രായമുള്ള 2,73,260 സ്ത്രീകളുടെ വിവരങ്ങള്‍ യുകെ ബയോ ബാങ്കില്‍ നിന്നെടുത്താണ് പഠനം നടത്തിയത്. ഇവരുടെ ആദ്യ ആര്‍ത്തവം, ഗര്‍ഭധാരണം, പ്രസവം, ആര്‍ത്തവവിരാമം തുടങ്ങിയ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചു. ശരീരത്തിലെ ഇസ്ട്രജന്‍ തോത് വര്‍ധിപ്പിക്കുന്ന ഹോര്‍മോണ്‍ തെറാപ്പിക്ക് ഇവര്‍ വിധേയരായിട്ടുണ്ടോ എന്നും പരിശോധിച്ചു. പഠനകാലയളവില്‍ ഇതില്‍ 3700 പേര്‍ക്ക് മറവിരോഗം ഉണ്ടായി.
തങ്ങളുടെ അന്‍പതുകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകള്‍ക്ക് നാല്‍പതുകളില്‍ ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളെ അപേക്ഷിച്ച് മറവി രോഗ സാധ്യത 24 ശതമാനം കുറവായിരുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു. അണ്ഡാശയങ്ങള്‍ എടുത്ത് മാറ്റിയ ശസ്ത്രക്രിയക്ക് വിധേയരായിരുന്നവര്‍ക്കും മറവിരോഗ സാധ്യത 8 ശതമാനം അധികമാണ്. ഈസ്ട്രജന്‍ ഹോര്‍മോണിന്റെ നീര്‍ക്കെട്ടിനെ പ്രതിരോധിക്കുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളാകാം തലച്ചോറിന്റെ ആരോഗ്യത്തെയും ഓര്‍മ്മ, ശ്രദ്ധ, പഠനം പോലുള്ള മേധാശക്തിപരമായ പ്രവര്‍ത്തനങ്ങളെയും സ്വാധീനിക്കുന്നതെന്നും ഗവേഷകര്‍ അനുമാനിക്കുന്നു.
പിസിഒഡി പ്രശ്നങ്ങൾക്ക് പരിഹാരമായി യോഗാസനങ്ങൾ: വിഡിയോ