ADVERTISEMENT

സാല്‍മണ്‍, മത്തി, ട്രൗട്ട് പോലുള്ള കൊഴുപ്പുള്ള മീനുകളില്‍ നിന്ന് ഉണ്ടാക്കുന്ന മീന്‍ ഗുളികകള്‍ പൊതുവേ ഉപയോഗിക്കപ്പെടുന്ന ഒരു ആരോഗ്യ സപ്ലിമെന്റാണ്. ശരീരത്തിലെ നീര്‍ക്കെട്ട് മാറ്റാന്‍ ഇവയ്ക്ക് കഴിവുണ്ടെന്നതിനാല്‍ ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, അസാധാരണായ ലിപിഡ് തോത്, ആമവാതം പോലുള്ള രോഗങ്ങളുള്ളവര്‍ക്ക് മീന്‍ ഗുളികകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ആരോഗ്യമുള്ളവര്‍ ഈ മീന്‍ ഗുളികകള്‍ ആവശ്യമില്ലാതെ കഴിക്കുന്നത് അവര്‍ക്ക് പുതുതായി ഹൃദ്രോഗവും പക്ഷാഘാതവും വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.

യുകെ ബയോബാങ്ക് പഠനത്തിലെ 4,15,737 പേരുടെ ഡേറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഇവരില്‍ 55 ശതമാനത്തോളം പേര്‍ 40നും 69നും ഇടയില്‍ പ്രായമുള്ള സ്ത്രീകളായിരുന്നു. ഇവരില്‍ മൂന്നിലൊന്ന് പേരും നിത്യവും മീന്‍ ഗുളികകള്‍ കഴിച്ചിരുന്നവരാണ്. ഇതില്‍ പഠനത്തിന്റെ തുടക്കത്തില്‍ ഹൃദ്രോഗമില്ലാതിരുന്നവര്‍ക്ക് നിത്യവുമുള്ള മീന്‍ ഗുളിക ഉപയോഗം മൂലം താളം തെറ്റിയ ഹൃദയമിടിപ്പിനുള്ള സാധ്യത 13 ശതമാനവും പക്ഷാഘാതത്തിനുള്ള സാധ്യത അഞ്ച് ശതമാനവും വര്‍ദ്ധിച്ചതായി ഗവേഷകര്‍ പറയുന്നു.

vitamin-tablets-blackdovfx-istockphoto
Representative image. Photo Credit:blackdovfx/istockphoto.com

അതേ സമയം നേരത്തെ തന്നെ ഹൃദ്രോഗമുള്ളവരില്‍ താളം തെറ്റിയ ഹൃദയമിടിപ്പ് ഹൃദയാഘാതത്തിലേക്ക് പോകാനുള്ള സാധ്യത 15 ശതമാനം കുറയ്ക്കാന്‍ മീന്‍ഗുളികയുടെ നിത്യ ഉപയോഗം സഹായിച്ചതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഹൃദയസ്തംഭനം മരണത്തിലേക്ക് പുരോഗമിക്കാനുള്ള സാധ്യതയും 9 ശതമാനം കുറയ്ക്കാന്‍ മീന്‍ ഗുളികയുടെ ഉപയോഗം ഹൃദ്രോഗികളെ സഹായിക്കുന്നു.

ആരോഗ്യമുള്ളവര്‍ മീന്‍ ഗുളിക കഴിക്കുമ്പോള്‍ അവരുടെ ശരീരത്തിലെ ഫാറ്റി ആസിഡുകളുടെ സന്തുലനം തെറ്റുന്നതാകാം ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഹൃദ്രോഗ സാധ്യത കുറഞ്ഞവര്‍ക്ക് ഒമേഗ-3 സപ്ലിമെന്റുകളുടെ ആവശ്യമില്ലെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ മീന്‍ ഗുളികകള്‍ കഴിക്കുന്നതും ഒഴിവാക്കണം. ബിഎംജെ മെഡിസിന്‍ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

Fish Pills Linked to Higher Heart Disease Risk in Healthy People: New Study Reveals Alarming Data

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com