പ്രോസ്‌റ്റേറ്റ് അര്‍ബുദം: അനാവശ്യമായ ബയോപ്‌സി ഒഴിവാക്കാന്‍ മൂത്ര പരിശോധന മതിയോ?
Mail This Article
അനാവശ്യമായി ബയോപ്‌സികള്‍ ചെയ്യേണ്ട സാഹചര്യം ഒഴിവാക്കി പ്രോസ്‌റ്റേറ്റ് അര്‍ബുദം കൃത്യമായി നിര്‍ണ്ണയിക്കാന്‍ സഹായിക്കുന്ന മൂത്ര പരിശോധന വികസിപ്പിച്ച് അമേരിക്കന്‍ ശാസ്‌ത്രജ്ഞര്‍. ടെന്നെസിയിലെ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരാണ് നിര്‍ണ്ണായകമായ ഈ കണ്ടെത്തലിന് പിന്നില്‍.
അര്‍ബുദവുമായി ബന്ധപ്പെട്ട 17 തനത് ജനിതക മാര്‍ക്കറുകള്‍ മൈപ്രോസ്‌ട്രേറ്റ് സ്‌കോര്‍ 2.0( എംപിഎസ്2 ) എന്ന ഈ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റരിലെ ട്രാന്‍സ്ലേഷണല്‍ കാന്‍സര്‍ റിസര്‍ച്ച് ഡയറക്ടര്‍ ജെഫ്രി തോസിയന്‍ പറയുന്നു.
ഗ്രൂപ്പ് 2 വിഭാഗത്തിലെ പ്രോസ്‌റ്റേറ്റ് അര്‍ബുദം നിര്‍ണ്ണയിക്കുന്നതില്‍ 95 ശതമാനം കൃത്യതയും ഗ്രൂപ്പ് 3യോ അതിന് മുകളിലോ ഉള്ള പ്രോസ്‌റ്റേറ്റ് അര്‍ബുദം നിര്‍ണ്ണയിക്കുന്നതില്‍ 99 ശതമാനം കൃത്യതയും ഈ പരിശോധനയ്‌ക്കുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 60,000ത്തോളം ജീനുകളെ സീക്വന്‍സ് ചെയ്‌താണ് പ്രോസ്‌ട്രേറ്റ് അര്‍ബുദത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്ന 54 ബയോ മാര്‍ക്കറുകള്‍ ഗവേഷകര്‍ കണ്ടെത്തിയത്. ഇതില്‍ 17 മാര്‍ക്കറുകള്‍ ഉയര്‍ന്ന ഗ്രേഡിലുള്ള അര്‍ബുദത്തിന്റെ സൂചന നല്‍കുന്നതാണ്.
ശരാശരി 62 വയസ്സുള്ള 743 പുരുഷന്മാരിലാണ് പരീക്ഷണം നടത്തിയത്. ഇവരുടെ ശരാശരി പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക്ക് ആന്റിജന്‍(പിഎസ്‌എ) തോത് 5.6 ആയിരുന്നു. നിലവില്‍ പിഎസ്‌എ രക്തപരിശോധനയില്‍ 4 നാനോഗ്രാംസ് പെര്‍ മില്ലിലീറ്ററിനും ഉയര്‍ന്ന സ്‌കോര്‍ വരുന്നവര്‍ക്കാണ് ഡോക്ടര്‍മാര്‍ ബയോപ്‌സിയും എംആര്‍ഐ സ്‌കാനുമൊക്കെ നിര്‍ദ്ദേശിക്കുന്നത്.
പ്രോസ്‌റ്റേറ്റ് അര്‍ബുദ നിര്‍ണ്ണയത്തിലെ സുപ്രധാന പരിശോധനയാണ് ബയോപ്‌സി. പ്രോസ്‌റ്റേറ്റിലേക്ക് സൂചി കയറ്റി സ്രവമെടുത്തുള്ള ഈ പരിശോധനയിലൂടെയാണ് അര്‍ബുദം സ്ഥിരീകരിക്കുന്നത്.
എന്നാല്‍ അര്‍ബുദമല്ലാതെ മറ്റ് കാരണങ്ങള്‍ കൊണ്ടും പിഎസ്‌എ തോത് ഉയരാം. തെറ്റായ പോസിറ്റീവ് ഫലങ്ങളും പിഎസ്‌എ പരിശോധനയില്‍ വരാറുണ്ട്. പിഎസ്‌എ പരിശോധനയില്‍ ഉയര്‍ന്ന സ്‌കോര്‍ വരുന്നവര്‍ക്ക് നേരെ ബയോപ്‌സി ചെയ്‌തു നോക്കി അര്‍ബുദമുണ്ടോ ഇല്ലയോ എന്ന് കണ്ടെത്തേണ്ട സാഹചര്യമാണുള്ളത്. ഇതൊഴിവാക്കി അര്‍ബുദ സാധ്യത കൃത്യമായി നിര്‍ണ്ണയിച്ച ശേഷം മാത്രം ബയോപ്‌സി അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് പോകാന്‍ പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
അനാവശ്യമായ ബയോപ്‌സികള്‍ 35 മുതല്‍ 42 ശതമാനം വരെ കുറയ്‌ക്കാന്‍ എംപിഎസ്2 പരിശോധനയിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ജാമാ ഓങ്കോളജി ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
നാല് വയസ്സുള്ള കുഞ്ഞ് അവസാനശ്വാസം എടുക്കുന്ന കാഴ്ചയാണ് ഞാൻ അന്ന് കണ്ടത്: വിഡിയോ