ചെള്ളുപനി എന്താണ്? ലക്ഷണങ്ങളും പ്രതിരോധ മാർഗവും അറിയാം
Mail This Article
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ചെള്ളുപനി (സ്‌ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ പൊതുവെ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ചെറു പ്രാണികളുടെ ലാർവ (ചിഗ്ഗർ മൈറ്റ്) കടിക്കുന്നതു വഴിയാണ് മനുഷ്യരിലേക്കു രോഗം പകരുന്നത്.
ലക്ഷണങ്ങൾ
ചിഗ്ഗർ മൈറ്റ് കടിച്ച് 10–12 ദിവസം കഴിയുമ്പോൾ ലക്ഷണങ്ങൾ പ്രത്യക്ഷമാവും. കടിച്ച ഭാഗം തുടക്കത്തിൽ ചുവന്നു തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി മാറുകയും ചെയ്യും. കക്ഷം,കാലിന്റെ മടക്ക്, ജനനേന്ദ്രിയങ്ങൾ, കഴുത്ത് തുടങ്ങിയ ഭാഗങ്ങളിലാണ് സാധാരണയായി പാടുകൾ പ്രത്യക്ഷപ്പെടുന്നത്.
വിറയലോടു കൂടിയ പനി, തലവേദന, കണ്ണിൽ ചുമപ്പ് നിറം, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് ലക്ഷണങ്ങൾ. ചുരുക്കം പേരിൽ തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കും.
രോഗനിർണയം
ടൈഫോയ്ഡ്, എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാൽ രോഗനിർണയം പ്രയാസമാണ്. രോഗി വരുന്ന പ്രദേശത്തെ രോഗ സാധ്യത, തൊലിപ്പുറത്തെ പാടുകൾ, രക്ത പരിശോധനാ ഫലം എന്നിവ രോഗനിർണയത്തിന് സഹായകരമാണ്. ഒരാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന പനിയാണെങ്കിൽ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം.
പ്രതിരോധം
നേരത്തെ കണ്ടെത്തിയാൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും. രോഗം പരത്തുന്ന ചിഗ്ഗർ മൈറ്റുകളെ കീടനാശിനികൾ ഉപയോഗിച്ച് നിയന്ത്രിക്കാം. സാധാരണ പുൽനാമ്പുകളിൽ നിന്നാണ് കൈകാലുകൾ വഴി ചിഗ്ഗർ മൈറ്റുകൾ ശരീരത്തിൽ പ്രവേശിക്കുന്നത്. കൈകാലുകൾ മറയുന്ന വസ്ത്രം ധരിക്കുന്നതാണ് ഉചിതം. പുൽമേടുകളിലോ വനപ്രദേശത്തോ പോയി തിരിച്ച് വന്നതിനുശേഷം ചൂടു വെള്ളവും സോപ്പും ഉപയോഗിച്ച് ശരീരം വൃത്തിയാക്കണം. വസ്ത്രങ്ങളും കഴുകണം. വസ്ത്രങ്ങൾ കഴുകി നിലത്തോ പുല്ലിലോ ഉണക്കുന്നതും ഒഴിവാക്കാം. രോഗസാധ്യതയുള്ള ഇടങ്ങളിൽ ജോലി ചെയ്യുമ്പോൾ കൈയുറയും കാലുറയും ധരിക്കുക.