സ്‌റ്റെം സെല്‍ ചികിത്സയിലൂടെ എച്ച്‌ഐവി രോഗമുക്തി നേടി ജര്‍മ്മനിയിലെ അറുപതുകാരന്
Mail This Article
സ്റ്റെം സെല്‍ മാറ്റിവയ്‌ക്കല്‍ ചികിത്സയിലൂടെ എച്ച്‌ഐവി രോഗമുക്തി നേടി ജര്‍മ്മനിയിലെ അറുപത് വയസ്സുകാരന്‍. ഇത്തരത്തില്‍ പൂര്‍ണ്ണമായും എച്ച്‌ഐവി രോഗമുക്തി നേടുന്ന ലോകത്തിലെ തന്നെ ഏഴാമത്തെയാളാണ് ഇദ്ദേഹം. അടുത്ത ആഴ്‌ച മ്യൂണിക്കില്‍ നടക്കുന്ന രാജ്യാന്തര എയ്‌ഡ്‌സ് കോണ്‍ഫറന്‍സിന് മുന്നോടിയായാണ് പ്രഖ്യാപനം നടത്തിയത്.
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ രോഗി 'നെക്‌സ്‌റ്റ് ബെര്‍ലിന്‍ പേഷ്യന്റ്' എന്ന് സ്വയം വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. 2009ലാണ് ഇദ്ദേഹത്തിന് എച്ച്‌ഐവി നിര്‍ണ്ണയിക്കപ്പെട്ടത്. പിന്നീട് 2015ല്‍ അക്യൂട്ട് മൈലോയ്‌ഡ് ലുക്കീമിയയും നിര്‍ണ്ണയിക്കപ്പെട്ടു. ബെര്‍ലിനിലെ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലാണ് ഈ രോഗിയുടെ സ്‌റ്റെം സെല്‍ മാറ്റിവയ്‌ക്കല്‍ ചികിത്സ നടന്നത്.
2018ല്‍ ആന്റി വൈറല്‍ തെറാപ്പി നിര്‍ത്തി വച്ചതിന് ശേഷം രോഗിയുടെ നില ആരോഗ്യകരമായി തുടര്‍ന്നതായി ഇവിടുത്തെ ഡോക്ടര്‍മാര്‍ പറയുന്നു. ഇത് വരെ എച്ച്‌ഐവിയുടെയോ അര്‍ബുദത്തിന്റെയോ ലക്ഷണങ്ങള്‍ പിന്നീട് ഇദ്ദേഹത്തിന്റെ ശരീരത്തില്‍ കാണപ്പെട്ടില്ല. അഞ്ച് വര്‍ഷക്കാലത്തേക്ക് വൈറസ് രഹിതമായി കാണപ്പെടുന്ന രോഗികള്‍ എച്ച്‌ഐവി രോഗമുക്തി നേടിയതായാണ് കണക്കാക്കുന്നത്.
എച്ച്‌ഐവി ഇമ്മ്യൂണ്‍ അല്ലാത്ത ദാതാവില്‍ നിന്നുള്ള സ്‌റ്റെം സെല്‍ കോശങ്ങള്‍ ഉപയോഗിച്ചാണ് ചികിത്സ നടത്തിയതെന്ന പ്രത്യേകത കൂടി നെക്‌സ്റ്റ് ബെര്‍ലിന്‍ പേഷ്യന്റിന്റെ കാര്യത്തിലുണ്ട്. മുന്‍പ് നടന്ന സ്റ്റെം സെല്‍ മാറ്റിവയ്‌ക്കല്‍ ചികിത്സകളില്‍ ജനിതകമാറ്റം വന്ന രണ്ട് സിസിആര്‍5 ജീനുകളുള്ള ദാതാവില്‍ നിന്നുള്ള സ്റ്റെം സെല്ലുകളാണ് സ്വീകരിച്ചിരുന്നത്. ഇത്തരം ദാതാക്കള്‍ക്ക് എച്ച്‌ഐവി പ്രതിരോധം ഉള്ളതായി കണക്കാക്കുന്നു.
ലോകത്തില്‍ ആദ്യമായി ഒരു രോഗിയുടെ ശരീരത്തില്‍ നിന്ന് എച്ച്‌ഐവി വൈറസ് പൂര്‍ണ്ണമായും നീക്കം ചെയ്‌തതും ബെര്‍ലിനിലാണ്. തിമോത്തി റേ ബ്രൗണ്‍ എന്ന ഈ രോഗിയില്‍ 1995ലാണ് എച്ച്‌ഐവി നിര്‍ണ്ണയിക്കപ്പെട്ടത്. 2006ല്‍ ഇദ്ദേഹത്തിന് അക്യൂട്ട് മൈലോയ്‌ഡ് ലുക്കീമിയയും ബാധിച്ചു. ബെര്‍ലിന്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിലെ ഡോക്ടര്‍മാര്‍ നടത്തിയ ചികിത്സയിലൂടെ 2008ല്‍ രോഗിയുടെ ശരീരത്തില്‍ നിന്ന് എച്ച്‌ഐവിയും അര്‍ബുദവും പൂര്‍ണ്ണായും നീക്കം ചെയ്യപ്പെട്ടിരുന്നു. 2020ല്‍ ലുക്കീമിയ വീണ്ടും വന്നതിനെ തുടര്‍ന്ന് ഈ രോഗി മരണപ്പെട്ടു.
റേഡിയേഷന്‍ ചികിത്സയിലൂടെയും കീമോതെറാപ്പി ചികിത്സയിലൂടെയും സ്വന്തം ശരീരത്തിലെ സ്‌റ്റെം സെല്‍ കോശങ്ങള്‍ നശിച്ചു പോകുന്ന രോഗിയിലേക്ക് ആരോഗ്യകരമായ സ്‌റ്റെം സെല്‍ കോശങ്ങള്‍ വയ്‌ക്കുന്ന ചികിത്സയാണ് സ്‌റ്റെം സെല്‍ ട്രാന്‍സ്‌പ്ലാന്റ്. മറ്റൊരു ദാതാവില്‍ നിന്നോ രോഗിയുടെ തന്നെ രക്തത്തില്‍ നിന്നോ മജ്ജയില്‍ നിന്നോ ആണ് ഈ ആരോഗ്യകരമായ സ്‌റ്റെം സെല്ലുകള്‍ എടുക്കുക.
എന്നാല്‍ സ്‌റ്റെം സെല്‍ ചികിത്സയുമായി ബന്ധപ്പെട്ട റിസ്‌കുകള്‍ എച്ച്‌ഐവി ചികിത്സയില്‍ ഇത് വ്യാപകമായി ഉപയോഗിക്കുന്നതിന് തടസ്സമാണ്.