ഒന്നരക്കോടിയുണ്ടോ? മരിച്ചാലും ജീവിക്കാം!
Mail This Article
മരണശേഷം യുഎസിലെ കോടീശ്വരന്മാർ തങ്ങളുടെ ശരീരം തണുപ്പിച്ച് സൂക്ഷിക്കുന്നത് എന്തിനാകാം
മരിച്ചുകഴിഞ്ഞാൽ എന്തു സംഭവിക്കും? വീണ്ടും ജനിക്കുമോ അതോ ആത്മാവ് ലോകത്ത് അലഞ്ഞുനടക്കുമോ? മരണാനന്തര ജീവിതത്തെക്കുറിച്ച് ലോകത്തൊട്ടാകെ പ്രചരിക്കുന്ന കഥകൾക്ക് പഞ്ഞമില്ല. ആ ശ്രേണിയിലെ പുതിയ കാൽവയ്പാണ് ശരീരം മരിച്ചുകഴിഞ്ഞാലും ആത്മാവിന് അമരത്വം നേടിക്കൊടുക്കാനുള്ള ‘തണുപ്പിക്കൽ’ വിദ്യ. യുഎസ്എയിലെ പ്രധാന കോടീശ്വരന്മാരെല്ലാം ഇപ്പോൾ മരണാനന്തരം തങ്ങളുടെ ശരീരം ഫ്രീസറിൽ സൂക്ഷിക്കാനുള്ള തയാറെടുപ്പിലാണ്. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്ലൂംബർഗ് എന്ന മാധ്യമ സ്ഥാപനത്തിന്റെ റിപ്പോർട്ട് പ്രകാരം അഞ്ഞൂറിലേറെ ആളുകളാണ് ഇതുവരെ പണം മുടക്കിയത്.
തണുപ്പൻ തന്ത്രം
മരണാനന്തരം തങ്ങളുടെ ശരീരം വളരെ കുറഞ്ഞ ഊഷ്മാവിൽ ഫ്രീസറിനകത്ത് തണുപ്പിച്ച് സൂക്ഷിക്കാൻ ആയിരക്കണക്കിന് യുഎസ് കോടീശ്വരൻമാരാണ് ഇതിനോടകം വിവിധ കമ്പനികളുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. ഭാവിയിൽ ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കുമെന്ന വിശ്വാസമാണ് ഈ ‘തണുപ്പൻ തന്ത്രത്തിന്റെ’ പിന്നിൽ. ക്രയോണിക്സ് എന്ന ശാസ്ത്രശാഖയാണ് ഇതിന്റെ അടിസ്ഥാനം.
ക്രയോണിക്സ്
ക്രയോ എന്നാൽ തണുപ്പ് എന്നാണ് അർഥം. ഇതിൽ നിന്നാണ് ക്രയോണിക്സ് എന്ന വാക്കിന്റെ വരവ്. ഒരു വ്യക്തിയുടെ ഓർമയും സ്വഭാവസവിശേഷതകളും തലച്ചോറിലാണ് സൂക്ഷിക്കപ്പെടുന്നത്. ഹൃദയമിടിപ്പ് നിലച്ചതിനു പിന്നാലെ ക്രയോണിക്സ് പരിപാടികൾ (തണുപ്പിച്ച് സൂക്ഷിക്കൽ) ആരംഭിക്കുന്നു. ഘട്ടം ഘട്ടമായി ശരീരം തണുപ്പിച്ചെടുക്കുകയാണ് ആദ്യ പടി. ഈ സമയം ശരീരത്തിലെ രക്തയോട്ടം നിലയ്ക്കാതെ നോക്കുകയും രക്തം കട്ടപിടിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. പിന്നാലെ കോശങ്ങൾ നശിച്ചുപോകാതിരിക്കാൻ രാസലായനികൾ ശരീരത്തിന് അകത്തും പുറത്തും ഉപയോഗിക്കും. പിന്നാലെ ലിക്വിഡ് ഹൈഡ്രജൻ ടാങ്കിൽ ഏകദേശം – 200 ഡിഗ്രി താപനിലയിലാണ് ശരീരം സൂക്ഷിക്കുന്നത്.
ആദ്യത്തെ പരീക്ഷണം
ബിബിസിയുടെ റിപ്പോർട്ട് പ്രകാരം 1940ൽ ഫ്രഞ്ച് ബയോളജിസ്റ്റായ യീൻ റോസ്റ്റാന്റാണ് ക്രയോജനിക്സ് സയൻസ് എന്ന ആശയം മുന്നോട്ടുവച്ചത്. എന്നാൽ ഈ ശാസ്ത്രവിദ്യ ഉപയോഗിച്ച് മനുഷ്യശരീരം ഫ്രീസറിൽ സൂക്ഷിക്കാമെന്ന ചിന്ത ഉദിച്ചത് യുഎസിലെ ഫിസിക്സ് അധ്യാപകനായ റോബർട്ട് എട്ടിൻഗറിനാണ്. മനുഷ്യർക്ക് അമരത്വം നൽകുക എന്ന ആശയമാണ് എട്ടിൻഗറിനെ ഇതിലേക്കു നയിച്ചത്. ഇതിന്റെ ഭാഗമായി 1967ൽ എട്ടിൻഗറിന്റെ സുഹൃത്തായ പ്രഫസർ ജയിംസ് ബെഡ്ഫോഡിന്റെ മൃതദേഹം ഇത്തരത്തിൽ ഫ്രീസറിൽ സൂക്ഷിച്ചു. 1991ൽ ബെഡ്ഫോഡിന്റെ ശരീരം ഫ്രീസറിൽ നിന്നു പുറത്തെടുത്തപ്പോൾ തൊലിയുടെ നിറംമങ്ങിയതൊഴിച്ചാൽ ശരീരത്തിന് മറ്റു പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. ഇതോടെയാണ് മരിച്ച ശേഷം ശരീരം ഫ്രീസറിൽ സൂക്ഷിക്കാമെന്ന ആശയത്തിന് യുഎസിൽ വ്യാപക പ്രചാരം ലഭിക്കുന്നത്.
വിശ്വാസം ശാസ്ത്രത്തിൽ
നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ ഐസ് പാളികൾക്കിടയിൽ അകപ്പെട്ട ചെറുപ്രാണികളുടെയും പുഴുക്കളുടെയുമെല്ലാം ജീവാംശങ്ങൾ ഉപയോഗപ്പെടുത്തി ഇതിൽ പലതിനെയും പുനഃസൃഷ്ടിക്കാൻ കഴിഞ്ഞതായി പല ശാസ്ത്രഞ്ജരും അവകാശപ്പെടുന്നുണ്ട്. ഇത്തരത്തിൽ ഭാവിയിൽ മനുഷ്യനെയും പുനഃസൃഷ്ടിക്കാൻ സാധിക്കുമെന്നാണ് പലരുടെയും പ്രതീക്ഷ. ശാസ്ത്രീയമായ അടിത്തറ ഇല്ലെങ്കിലും ശാസ്ത്രം വളരുന്നതിനൊപ്പം ഇതും സാധ്യമാകുമെന്ന് ഇവർ ഉറച്ചുവിശ്വസിക്കുന്നു.
പഠനം, പരീക്ഷണം
വീണ്ടും ജീവിക്കാമെന്ന പ്രതീക്ഷ മാത്രമല്ല, ഭാവിയിൽ വിവിധ മരുന്നുകളും സാങ്കേതിക വിദ്യകളും പരീക്ഷിക്കുക എന്ന ലക്ഷ്യം കൂടി ഈ തണുപ്പിക്കൽ പ്രക്രിയയ്ക്കു പിന്നിലുണ്ട്. എയ്ഡ്സ്, കാൻസർ പോലുള്ള അസുഖങ്ങൾമൂലം മരിച്ച ആളുകളുടെ ശരീരം ഇത്തരത്തിൽ സൂക്ഷിച്ച്, ഭാവിയിൽ കണ്ടെത്തുന്ന മരുന്നുകളും ചികിത്സാ രീതികളും ഇവരിൽ പരീക്ഷിക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു.
ഫുൾബോഡിക്ക് ഒന്നരക്കോടി
ശരീരം തണുപ്പിച്ച് സൂക്ഷിക്കുന്ന പ്രക്രിയയുടെ ചെലവ് ഔദ്യോഗികമായി ഒരു കമ്പനിയും പുറത്തുവിട്ടിട്ടില്ലെങ്കിലും വിവിധ യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ശരീരം മുഴുവൻ ഫ്രീസറിൽ വയ്ക്കാൻ ഒന്നരക്കോടി രൂപയാണ് ചെലവ്. ഇതിനു പുറമേ വാർഷിക മെയ്ന്റനൻസ് തുകയും നൽകേണ്ടിവരും. 50 മുതൽ 100 വർഷത്തേക്കാണ് ശരീരം സൂക്ഷിക്കുക. ഈ കാലയളവിലേക്കുള്ള മുഴുവൻ തുകയും ആദ്യം തന്നെ നൽകണം.