പ്രായം 50 ആകുന്നോ? അമിത മരുന്ന് ഒഴിവാക്കാം, പിന്തുടരാം ഈ 5 വഴികൾ
Mail This Article
പ്രായമേറും തോറും മരുന്നുകളുടെ എണ്ണം കൂടുന്നത് ഇന്നത്തെ ലോകത്തിലെ ഒരു യാഥാര്‍ത്ഥ്യമാണ്. പലര്‍ക്കും കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ കൂടുതല്‍ മരുന്നുകള്‍ അകത്താക്കേണ്ട അവസ്ഥയാണ്. പ്രമേഹത്തിനും പ്രഷറിനും കൊളസ്‌ട്രോളിനും എന്നു വേണ്ട നന്നായിട്ടൊന്ന് വയറ്റില്‍ നിന്ന് പോകാന്‍ പോലും മരുന്ന് കഴിക്കേണ്ട അവസ്ഥയുണ്ട് പ്രായമായവര്‍ക്ക്.
പ്രായം അന്‍പതും അറുപതുമൊക്കെ പിന്നിടുമ്പോള്‍ മരുന്നുകളുടെ മേലുള്ള ഈ അമിത ആശ്രിതത്വം കുറയ്‌ക്കാന്‍ ഇനി പറയുന്ന വഴികള്‍ സഹായിച്ചേക്കും.
1. പ്രതിരോധ കുത്തിവയ്‌പ്പ്
പ്രതിരോധ കുത്തിവയ്‌പ്പ് കുട്ടികള്‍ക്ക് മാത്രമുള്ള സംഗതിയാണെന്ന് കരുതേണ്ട. പ്രായമാകുമ്പോള്‍ നമ്മുടെ പ്രതിരോധ ശേഷിയുടെ കരുത്ത് കുറയുന്നത് ന്യൂമോകോക്കല്‍ രോഗങ്ങള്‍, ഇന്‍ഫ്‌ളുവന്‍സ, ഷിംഗല്‍സ് പോലുള്ള അസുഖങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കാം. വയസ്സാകുമ്പോള്‍ ഇത്തരം അണുബാധകള്‍ വരുന്നത് തീവ്രമായ രോഗത്തിനും കാരണമാകാം.
ഷിംഗല്‍സ് പോലുള്ള രോഗങ്ങള്‍ മാസങ്ങളും വര്‍ഷങ്ങളും നീളുന്ന വേദന പകരുന്നതാണ്. ന്യുമോണിയ പോലുള്ള രോഗങ്ങള്‍ ആശുപത്രിവാസത്തിലേക്ക് നയിച്ചേക്കാം. ഇത്തരം ശാരീരിക, മാനസിക, സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന രോഗങ്ങളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ പ്രതിരോധ കുത്തിവയ്‌പ്പ് സഹായിക്കും. ഡിപ്‌തീരിയ, വില്ലന്‍ ചുമ പോലുള്ള രോഗങ്ങള്‍ക്കെതിരെ കുട്ടിക്കാലത്ത് നാം എടുത്ത പ്രതിരോധ കുത്തിവയ്‌പ്പുകള്‍ നല്‍കുന്ന സംരക്ഷണത്തിന്റെ ശക്തി ക്ഷയിക്കുമെന്നതിനാല്‍ ബൂസ്റ്റര്‍ ഡോസുകളും എടുക്കാവുന്നതാണ്. നിങ്ങളുടെ ഡോക്ടറോട് ചര്‍ച്ച ചെയ്‌ത് ആവശ്യമായ പ്രതിരോധ കുത്തിവയ്‌പ്പുകളെടുത്ത് നല്ലൊരു പങ്ക് രോഗങ്ങളെ അകറ്റി നിര്‍ത്താവുന്നതാണ്.
2. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഭക്ഷണക്രമം
വിവിധ നിറത്തിലുള്ള പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍, വിത്തിനങ്ങള്‍, നട്‌സ് എന്നിങ്ങനെ ആന്റി ഓക്‌സിഡന്റുകളും പ്രോട്ടീനുമെല്ലാം നിറഞ്ഞ ഭക്ഷണം കഴിക്കുന്നത് വയസ്സ് കാലത്തെ ചര്‍മ്മത്തിനുണ്ടാകുന്ന ക്ഷതം, മേധാശക്തിക്ഷയം, ഓര്‍മ്മക്കുറവ് എന്നിവയെ ചെറുക്കാന്‍ സഹായിക്കാം. പ്രോട്ടീനും കാല്‍സ്യവും വൈറ്റമിന്‍ ഡിയും ആവശ്യത്തിന് കഴിക്കുന്നത് എല്ലുകളുടെയും പേശികളുടെയും ശക്തിയെയും നിലനിര്‍ത്തും. ഡോക്ടറോട് ചര്‍ച്ച ചെയ്‌ത് എന്തെല്ലാം ഭക്ഷണങ്ങള്‍ നിത്യവുമുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കുക. ആവശ്യമെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സപ്ലിമെന്റുകളും കഴിക്കാവുന്നതാണ്.
3. വ്യായാമം
എയറോബിക് വ്യായാമങ്ങള്‍ ഹൃദയനിരക്ക് വര്‍ദ്ധിപ്പിക്കുകയും ഓക്‌സിജന്‍ പരമാവധി ഉപയോഗിക്കാന്‍ ശരീരത്തെ സഹായിക്കുകയും ചെയ്യും. സൈക്ലിങ്, നൃത്തം, മലകയറ്റം, ജോഗിങ്, നീന്തല്‍, വേഗത്തിലുള്ള നടത്തം എന്നിവയെല്ലാം എയറോബിക് വ്യായാമങ്ങളാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം പ്രമേഹത്തെ തടയാനും ഈ വ്യായാമം നല്ലതാണ്. എയറോബിക് വ്യായാമത്തിനൊപ്പം ആഴ്‌ചയില്‍ രണ്ട് ദിവസം സ്‌ട്രെങ്‌ത് ട്രെയ്‌നിങ് എടുക്കുന്നത് എല്ലിന്റെയും പേശികളുടെയും കരുത്ത് നിലനിര്‍ത്തും. പുതിയ വ്യായാമ ക്രമങ്ങള്‍ ആരംഭിക്കും മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം തേടേണ്ടതാണ്.
4. ആരോഗ്യ പരിശോധനകള്‍
ഹൃദ്രോഗം, ഹൈപ്പര്‍ടെന്‍ഷന്‍, പ്രമേഹം, വൃക്കരോഗം, അര്‍ബുദം എന്നിവയെല്ലാം നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങാന്‍ ആരോഗ്യ പരിശോധനകള്‍ സഹായിക്കും. നേരത്തെ കണ്ടെത്തിയാല്‍ രോഗസങ്കീര്‍ണ്ണതകള്‍ ഇല്ലാതെ ഇവ ചികിത്സിച്ച് മാറ്റാവുന്നതാണ്.
5. മാനസികാരോഗ്യവും മുഖ്യം
ഏകാന്തത, ഉത്‌കണ്‌ഠ , വിഷാദരോഗം എന്നിവയ്‌ക്കെല്ലാം സാധ്യതയുള്ള കാലഘട്ടമാണ് അന്‍പതുകളും അറുപതുകളും. ഇതിനാല്‍ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും ആവശ്യമായ ശ്രദ്ധ ചെലുത്തണം. വൈകാരികമായ പ്രശ്‌നങ്ങള്‍ തുറന്ന് പറയാന്‍ ആളുകളില്ലെങ്കില്‍ മനശാസ്‌ത്ര കൗണ്‍സിലറുടെ സേവനം തേടാവുന്നതാണ്.
നെഞ്ചുവേദന വന്നാൽ ആദ്യം ചെയ്യേണ്ടത് എന്ത്?