കര്‍ഷകരിൽ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുന്നതിൽ പുകവലിക്ക് തുല്യമായ തോതില്‍ കീടനാശിനിയും
Mail This Article
ചിലതരം കീടനാശിനികളുമായുള്ള സഹവാസം പുകവലിക്ക് തുല്യമായ തോതില്‍ കര്‍ഷകരുടെ അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന നാല് കീടനാശിനികള്‍ അടക്കം 69 എണ്ണം ഉയര്‍ന്ന അര്‍ബുദ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്നതായി അമേരിക്കയിലെ റോക്കി വിസ്റ്റ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.
നോണ്‍-ഹോജ്കിന്‍സ് ലിംഫോമ, ലുക്കീമിയ, മൂത്രസഞ്ചിയിലെ അര്‍ബുദം എന്നിവയെയെല്ലാം കീടനാശിനികളുടെ നിരന്തരമായ ഉപയോഗം സ്വാധീനിക്കുമെന്ന് ഫ്രോണ്ടിയേഴ്സ് ഇന്‍ കാന്‍സര്‍ കണ്ട്രോള് ആന്‍ഡ് സൊസൈറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. 2, 4-ഡി, അസഫേറ്റ്, മെറ്റോലാക്ലോര്‍, മീഥോമൈല് എന്നിവയാണ് പട്ടികയിലുള്ള ഇന്ത്യയില്‍ ഉപയോഗിക്കപ്പെടുന്ന കീടനാശിനികള്‍.
2015 മുതല്‍ 2019 വരെയുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്തിന്റെയും സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെയും ഡേറ്റ ഉപയോഗിച്ചാണ് പഠനം നടത്തിയത്. വിവിധ മേഖലകളില്‍ വളര്‍ത്തുന്ന വിളകളുടെ തരത്തിനനുസരിച്ച് അര്‍ബുദ സാധ്യതകളും വ്യത്യാസപ്പെടുന്നതായി ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
ഉദാഹരണത്തിന് കൂടുതല്‍ പഴങ്ങളും പച്ചക്കറികളും വളര്‍ത്തുന്ന അമേരിക്കയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ എല്ലാത്തരം അര്‍ബുദങ്ങളുടെയും സാധ്യത ഉയര്‍ന്നിരിക്കുന്നതായി ഗവേഷകര്‍ നിരീക്ഷിച്ചു.