എന്‍ഡോമെട്രിയോസിസ് ഉള്ളവര്‍ക്ക് അണ്ഡാശയ അര്‍ബുദ സാധ്യത അധികമെന്ന് പഠനം
Mail This Article
ഗര്‍ഭപാത്രത്തിലെ ആവരണത്തിന് സമാനമായ കോശങ്ങള്‍ ഗര്‍ഭപാത്രത്തിന് പുറത്തേക്കും വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. വേദനാജനകമായ ഈ രോഗം ഇന്ത്യയിലെ രണ്ടര കോടിയിലധികം സ്‌ത്രീകളെ ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു. എന്‍ഡോമെട്രിയോസിസ് ഉള്ള സ്‌ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം വരാനുള്ള സാധ്യത അതില്ലാത്തവരെ അപേക്ഷിച്ച് നാല് മടങ്ങ് അധികമാണെന്ന് ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം വെളിപ്പെടുത്തുന്നു.
ഡീപ് ഇന്‍ഫില്‍ട്രേറ്റിങ് എന്‍ഡോമെട്രിയോസിസ്, ഒവേറിയന്‍ എന്‍ഡോമെട്രിയോമാസ്(അണ്ഡാശയത്തില്‍ മുഴകള്‍) എന്നിവ വരുന്ന സ്‌ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദത്തിന്റെ സാധ്യത വളരെ കൂടുതലാണെന്നും യൂട്ട സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനം പറയുന്നു. ഇത്തരം കടുത്ത എന്‍ഡോമെട്രിയോസിസ് ഉള്ള സ്‌ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത മറ്റുള്ള സ്‌ത്രീകളെ അപേക്ഷിച്ച് 9.7 മടങ്ങ് അധികമാണ്. ഇവര്‍ക്ക് ടൈപ്പ് 1 അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 19 മടങ്ങും കൂടുതലാണ്.
യൂട്ടയിലെ 50,000 സ്‌ത്രീകളുടെ ഡേറ്റ വിലയിരുത്തിയാണ് പഠനം നടത്തിയത്. എന്‍ഡോമെട്രിയോസിസ് ഉള്ള സ്‌ത്രീകള്‍ക്ക് ടൈപ്പ് 1 അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത ഏഴര മടങ്ങും ടൈപ്പ് 2 അണ്ഡാശയ അര്‍ബുദത്തിനുള്ള സാധ്യത 2.7 മടങ്ങും അധികമാണെന്നും പഠനറിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ 10,000 സ്‌ത്രീകളില്‍ 10 മുതല്‍ 20 കേസുകള്‍ എന്ന തോതില്‍ ഇപ്പോഴും അപൂര്‍വമായി വരുന്ന അര്‍ബുദമായാണ് അണ്ഡാശയ അര്‍ബുദത്തെ കണക്കാക്കുന്നത്. വ്യായാമം, പുകവലി ഉപേക്ഷിക്കല്‍, മദ്യപാനം പരിമിതപ്പെടുത്തല്‍ എന്നിവ അണ്ഡാശയ അര്‍ബുദ സാധ്യത കുറയ്‌ക്കും. പ്രായം, അണ്ഡാശയ അര്‍ബുദം, സ്‌തനാര്‍ബുദം, ഗര്‍ഭാശയമുഖ അര്‍ബുദം എന്നിവയുടെ കുടുംബചരിത്രം എന്നിവയാണ് ഈ അര്‍ബുദത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന മറ്റ് ഘടകങ്ങള്‍.
എന്‍ഡോമെട്രിയോസിസ് ഉള്ള സ്‌ത്രീകള്‍ വയര്‍ വേദന, വയര്‍ വീര്‍ക്കല്‍, മൂത്രമൊഴിക്കുന്നതിലും വയറ്റില്‍ നിന്ന് പോകുന്നതിലും വരുന്ന വ്യത്യാസങ്ങള്‍ തുടങ്ങിയ അണ്ഡാശയ അര്‍ബുദ ലക്ഷണങ്ങളെ പറ്റി ബോധവതികളായിരിക്കണമെന്നും പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.