ADVERTISEMENT

പുതിയൊരു വ്യക്തിയെ ലോകത്തിലേക്ക്‌ വരവേല്‍ക്കാന്‍ നാം ഒരുങ്ങിയിരിക്കുന്ന സമയമാണ്‌ ഗര്‍ഭകാലം. ഇതിന്റെ സന്തോഷത്തിനൊപ്പം തന്നെ നിരവധി വെല്ലുവിളികളും ഈ കാലയളവില്‍ ഗര്‍ഭിണികള്‍ തരണം ചെയ്യേണ്ടി വന്നേക്കാം. ഗര്‍ഭകാലത്ത്‌ രോഗങ്ങളൊന്നും വരാതിരിക്കാന്‍ സജീവമായ ജീവിതശൈലി പിന്തുടരാനാണ്‌ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്‌. എന്ന്‌ വച്ച്‌ കടുത്ത വ്യായാമമുറകള്‍ പിന്തുടരുന്നത്‌ ഗര്‍ഭച്ഛിദ്രം ഉള്‍പ്പെടെയുള്ള സങ്കീര്‍ണ്ണതകളിലേക്ക്‌ നയിച്ചേക്കാം.

ഗര്‍ഭകാലത്ത്‌ ഇനി പറയുന്ന അഞ്ച്‌ വ്യായാമങ്ങള്‍ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്‌.
1. ഹെവി വെയ്‌റ്റ്‌ലിഫ്‌റ്റിങ്‌

ഭാരം കൂടിയ വസ്‌തുക്കള്‍ എടുത്തുയര്‍ത്തുന്ന ഹെവി വെയ്‌റ്റ്‌ലിഫ്‌റ്റിങ്‌ വ്യായാമങ്ങള്‍ ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ടതാണ്‌. ഇത്‌ വയറിലെ സമ്മര്‍ദ്ദം വര്‍ധിപ്പിച്ച്‌ മറുപിള്ള പൊട്ടിപ്പോകാനും ഗര്‍ഭപാത്രത്തില്‍ നിന്ന്‌ വിട്ടുപോകാനുമുള്ള സാധ്യതയുണ്ടാക്കും. 10 കിലോയില്‍ അധികം ഭാരമുള്ള ഒന്നും ഗര്‍ഭിണികള്‍ എടുത്ത്‌ ഉയര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്‌.

Image Credits:  dolgachov/Istockphoto.com
Image Credits: dolgachov/Istockphoto.com

2. തീവ്രത കൂടിയ എയറോബിക്‌ വ്യായാമം
ഓട്ടം, ചാട്ടം, തീവ്രമായ കാര്‍ഡിയോ തുടങ്ങിയ വ്യായാമ മുറകള്‍ ഗര്‍ഭപാത്രത്തിനും അവയെ താങ്ങി നിര്‍ത്തുന്ന പേശികള്‍ക്കും അസ്ഥിബന്ധങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദമേറ്റുന്നു. തീവ്രത കൂടിയ വ്യായാമങ്ങള്‍ ആദ്യ മൂന്ന്‌ മാസത്തില്‍ തന്നെ ഗര്‍ഭച്ഛിദ്രം പോലുള്ള പ്രശ്‌നങ്ങളിലേക്ക്‌ നയിക്കാമെന്ന്‌ ജേണല്‍ ഓഫ്‌ മറ്റേണല്‍-ഫീറ്റല്‍ ആന്‍ഡ്‌ നിയോനേറ്റല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു. ഇതിന്‌ പകരം നീന്തല്‍, പ്രീനേറ്റല്‍ യോഗ പോലുള്ള സുരക്ഷിതമായ വ്യായാമങ്ങള്‍ പിന്തുടരാവുന്നതാണ്‌.

3. ചിലതരം കായിക ഇനങ്ങള്‍
ബാസ്‌കറ്റ്‌ബോള്‍, ക്രിക്കറ്റ്‌, ബോക്‌സിങ്‌ പോലുള്ള കായിക ഇനങ്ങള്‍ വയറിനും ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിനും നേരിട്ട്‌ ക്ഷതമേല്‍പ്പിക്കാന്‍ സാധ്യതയുള്ള കായിക ഇനങ്ങളാണ്‌. ഇത്തരം കായിക ഇനങ്ങളും അടിക്കടി വീഴാന്‍ സാധ്യതയുള്ള കായിക ഇനങ്ങളും ഗര്‍ഭകാലത്ത്‌ ഒഴിവാക്കണം.

Representative image. Photo Credit: PRASANNAPIX/Shutterstock.com
Representative image. Photo Credit: PRASANNAPIX/Shutterstock.com

4. ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ്‌
15 സെക്കന്‍ഡ്‌ മുതല്‍ നാല്‌ മിനിട്ട്‌ വരെ നീണ്ടു നില്‍ക്കുന്ന തീവ്രത കൂടിയ വ്യായാമങ്ങള്‍ സാധാരണ കാര്‍ഡിയോ വ്യായാമത്തിന്‌ ഇടയില്‍ കയറ്റി ചെയ്യുന്ന തരം വര്‍ക്ക്‌ ഔട്ടാണ്‌ ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ്‌. കലോറി കത്തിക്കാനും കരുത്ത്‌ വര്‍ധിപ്പിക്കാനുമൊക്കെ ഇത്‌ വളരെ നല്ലതാണ്‌. പക്ഷേ, ഗര്‍ഭകാലത്ത്‌ ഇവ കര്‍ശനമായും ഒഴിവാക്കേണ്ടതാണ്‌. നടത്തം, ലഘുവായ സ്‌ട്രെച്ചിങ്‌ പോലുള്ള തീവ്രത കുറഞ്ഞ വ്യായാമങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ പിന്തുടരാവൂ.

5. ഹോട്ട്‌ യോഗ
ഉയര്‍ന്ന ചൂടും ഈര്‍പ്പവുമുള്ള സാഹചര്യങ്ങളില്‍ ചെയ്യുന്ന ഹോട്ട്‌ യോഗയും ഗര്‍ഭിണികള്‍ക്ക്‌ നല്ലതല്ല. ഇത്‌ ശരീരം അമിതമായി ചൂടാകാനും ഗര്‍ഭസ്ഥ ശിശുവിന്‌ ക്ഷതമേല്‍പ്പിക്കാനും സാധ്യതയുണ്ട്‌. ഇതിന്‌ പകരം വയറിന്‌ അമിത സമ്മര്‍ദ്ദം നല്‍കാത്ത സാധാരണ യോഗ മുറകള്‍ ഗര്‍ഭിണികള്‍ക്ക്‌ പിന്തുടരാം.

English Summary:

5 Dangerous Exercises to Avoid During Pregnancy to Prevent Miscarriage

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com