ADVERTISEMENT

നമ്മുടെ ശരീരത്തിലെ കരള്‍കോശങ്ങള്‍ക്കുണ്ടാകുന്ന വീക്കമാണ് ഹെപ്പറ്റൈറ്റിസ്. മദ്യം, ചിലയിനം മരുന്നുകള്‍, ഓട്ടോ ഇമ്മ്യൂണ്‍ അസുഖങ്ങള്‍ എന്നിവമൂലം കരള്‍ വീക്കം ഉണ്ടാകാമെങ്കിലും വൈറസ് ബാധമൂലമുളള കരള്‍ വീക്കം (വൈറല്‍ ഹെപ്പറ്റൈറ്റിസ്) പൊതുജനാരോഗ്യത്തിന് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചുവിഭാഗത്തില്‍പ്പെട്ട വൈറസുകളാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് ഉണ്ടാക്കുന്നത്. എങ്കിലും, ബി, സി, ഡി എന്നിവയാണ് ചിരസ്ഥായിയായ കരള്‍ രോഗങ്ങള്‍ക്ക് കാരണമാകാറുളളത്.

ബ്ലുംബെര്‍ഗ് ആണ് 1965 ല്‍ ആദ്യമായി ഹെപ്പറ്റൈറ്റിസ് ബി വൈറസിനെ തിരിച്ചറിഞ്ഞത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം തന്നെ ആദ്യ ഹെപ്പറ്റൈറ്റിസ് ബി- പ്രതിരോധകുത്തിവയപ്പ് കണ്ടുപിടിച്ചു. അദ്ദേഹത്തിന്‍റെ ജന്മദിനമായ ജൂലൈ- 28 ആണ് ഹെപ്പറ്റൈറ്റിസ് ദിനമായി ആചരിക്കുന്നത്.

dr-nimmy-paul
ഡോ. നിമ്മി പോൾ

കണക്കുകള്‍ പ്രകാരം ലോകജനസംഖ്യയില്‍ 296 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബിയും 58 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് സിയും രോഗാണുബാധിതരാണ്. ഏകദേശം 11 ലക്ഷം ആളുകള്‍ ഈ അണുബാധമൂലം ഒരു വര്‍ഷം മരണപ്പെടുന്നു. ഹെപ്പറ്റൈറ്റിസുകളില്‍ കൂടുതലായി കാണപ്പെടുന്നതും, സങ്കീര്‍ണ്ണതകള്‍ നിറഞ്ഞതുമായവ ഹെപ്പറ്റൈറ്റിസ് ബിയും, സിയും ആണ്. രക്തത്തില്‍ കൂടെയും ശരീരസ്രവങ്ങള്‍ മുഖാന്തരവും ഉള്ളില്‍ കടക്കുന്നവയാണ് ഇവ. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍, രോഗമുളളവരുമായി അടുത്ത സമ്പര്‍ക്ക പുലര്‍ത്തുന്നവര്‍, രോഗണുബാധിതരായ അമ്മയില്‍ നിന്ന് ജനിക്കുന്ന കുഞ്ഞുങ്ങള്‍, ഡയാലിസിസിന് വിധേയരാകുന്ന രോഗികള്‍, സൂചികള്‍ പങ്കുവച്ച് മയക്കുമരുന്ന് കുത്തിവയ്ക്കുന്ന ആളുകള്‍ എന്നിവരില്‍ രോഗപകര്‍ച്ചയ്ക്കുളള സാധ്യത വളരെ കൂടുതലാണ്. രോഗാണുബാധിതനായ ഒരാള്‍ ഉപയോഗിച്ചശേഷം അണുവിമുക്തമാക്കാത്ത ശസ്ത്രക്രിയാ ഉപകരണങ്ങള്‍, ദന്താശുപത്രികളിലും, ബാര്‍ബര്‍ഷോപ്പുകളിലും, ബ്യൂട്ടിപാര്‍ലറുകളിലും, ടാറ്റു ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും ഉപയോഗിക്കുന്ന മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍, ബ്ലേഡുകള്‍ എന്നിവ ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ രോഗവ്യാപനത്തിന് ഇടയാക്കാറുണ്ട്.

2182243129
Representative image. Photo Credit:New Africa Emily frost/Shutterstock.com

ഹൈപ്പറ്റൈറ്റിസ് എ, ഇ എന്നീ വൈറസുകള്‍ മലിനമായ ജലത്തില്‍ കൂടെയോ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ കൂടെയോ ആണ് ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ, വയറുവേദന, ശരീരക്ഷീണം, ഓക്കാനം എന്നിവയാണ് പൊതുവേ വൈറല്‍ ഹെപ്പറ്റൈറ്റിസിന്‍റെ രോഗലക്ഷണങ്ങള്‍, ഹെപ്പറ്റൈറ്റിസ് ബി, സി അണുബാധയുളള ഭൂരിഭാഗം ആളുകളിലും കാര്യമായ ലക്ഷണങ്ങള്‍. തുടക്കത്തില്‍ പ്രകടമല്ലാത്തതിനാല്‍ രോഗനിര്‍ണ്ണയം പലപ്പോഴും വൈകിപ്പോകുന്നു. സാധാരണ ആരോഗ്യസ്ഥിതിയിലുളള അഞ്ച് ശതമാനത്തില്‍ താഴെയുള്ള മുതിര്‍ന്നവരില്‍, ഇവ വളരെക്കാലം നീണ്ടുനില്‍ക്കുന്ന ക്രോണിക്ക് ഹെപ്പറ്റൈറ്റിസ് ആയിമാറുന്നു. ഇക്കൂട്ടത്തില്‍ 15- 25% ആളുകളില്‍ ലിവര്‍ സിറോസിസ്, അര്‍ബുദം എന്നീ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകാറുണ്ട്.

ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ വളരെ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ 1981 ല്‍ നിലവില്‍ വന്നതാണ്. ഹെപ്പറ്റൈറ്റിസ് സി വൈറസുകളുടെ പ്രത്യേക ജനിതകഘടനമൂലം, ഫലപ്രദമായ പ്രതിരോധകുത്തിവയ്പ്പുകള്‍ ഒന്നും നിലവിലില്ല. മുന്‍പ് ഹെപ്പറ്റൈറ്റിസ് സിയുടെ  ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്ന ആന്‍റിവൈറല്‍ മരുന്നുകള്‍ക്ക്, രോഗശമനനിരക്ക് വളരെ കൂറവായിരുന്നു എന്ന് മാത്രമല്ല, ചികിത്സാചിലവ് സാധരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. ഹെപ്പറ്റൈറ്റിസ് സി രോഗാണുബാധയ്ക്കെതിരെ ഡിഎഎ എന്ന വിഭാഗത്തില്‍പ്പെട്ട മരുന്നുകളുടെ വരവോടുകൂടി ചികിത്സാരീതിയില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍ ഉണ്ടായി. 2016-ഓട് കൂടി ലോകാരോഗ്യസംഘടന ഹെപ്പറ്റൈറ്റിസ് സി തുടച്ചുനീക്കുവാന്‍ പര്യാപ്തമായ ചില നയങ്ങള്‍ കൈക്കൊണ്ടു. ഇതിനനുസൃതമായി, ഇന്ത്യാഗവണ്‍മെന്റ് ദേശീയ ഹെപ്പറ്റൈറ്റിസ് നിയന്ത്രണപരിപാടി ആരംഭിച്ചു. ഈ പരിപാടിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന് 2030-ഓട് കൂടി ഹെപ്പറ്റൈറ്റിസ് സി അണുബാധ നിയന്ത്രണവിധേയമാക്കുക എന്നതാണ്. അതോടൊപ്പം തന്നെ ഹെപ്പറ്റൈറ്റിസ് ബി, എ, ഇ എന്നിവ മൂലമുളള രോഗാതുരതയും മരണനിരക്കും കുറയ്ക്കുവാനുളള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും സുരക്ഷിതമായ രക്തദാനവും കുത്തിവയ്പ്പുകളും സാധ്യമാകുന്നതിലേയ്ക്കുവേണ്ട നടപടികള്‍ കൈകൊള്ളുകയും ചെയ്യുന്നു.

Photo Credit: Hailshadow/ Istockphoto
Photo Credit: Hailshadow/ Istockphoto

ലോകാരോഗ്യസംഘടനയുടെ ഹെപ്പറ്റൈറ്റിസ് നയപ്രകാരം 2030ഓടെ പൂതിയ ഹെപ്പറ്റൈറ്റിസ് രോഗാണുബാധ 90% ആയും ഹെപ്പറ്റൈറ്റിസ് മരണങ്ങള്‍ 65% ആയും കുറയ്ക്കുവാന്‍ ലക്ഷ്യം വയ്ക്കുന്നു. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ സ്വകാര്യചികിത്സ, പരിശോധന എന്നിവ സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ ഭാഗമായി എല്ലാ മെഡിക്കല്‍ കോളേജുകളിലും, ജില്ലാശുപത്രികളിലും ഹെപ്പറ്റൈറ്റിസ് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന രോഗികള്‍ക്ക് കൗണ്‍സിലിങ്ങ്, ഹെപ്പറ്റൈറ്റിസ് ചികിത്സ, പരിശോധന എന്നിവ പൂര്‍ണ്ണമായും സൗജന്യമായി നല്‍ക്കപ്പെടുന്നു. 

ഹെപ്പറ്റൈറ്റിസ് സി നിര്‍മ്മാര്‍ജനം വിജയഗാഥ
ജെനറിക്ക് F, C മരുന്നുകളുടെ ലഭ്യതയോടെ മിക്കവാറും രോഗികളില്‍ ഹെപ്പറ്റൈറ്റിസ് സി, 12 ആഴ്ചയില്‍ ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്നു എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ വിജയം. രോഗാണുബാധിതരുടെ ആയുര്‍ദൈര്‍ഘ്യം കൂട്ടുവാനും, ചികിത്സാചിലവ് താങ്ങാവുന്ന തരത്തിലെത്തിക്കുവാനും ഈ പരിപാടി മുഖാന്തരം സാധ്യമായി.

വെല്ലുവിളികള്‍
ഇന്ത്യയില്‍ ജിനറ്റൈപ്പ്- 3 വിഭാഗത്തില്‍പ്പെട്ട ഹെപ്പറ്റൈറ്റിസ് സി വൈറസുകളാണ് കൂടുതലായി കാണപ്പെടുന്നത്. ഇവയ്ക്ക് സിറോസിസ്, ക്യാന്‍സര്‍ എന്നിവയുണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. വളരെ ഫലപ്രദമായ പുതിയ ഡിഎഎ  വിഭാഗത്തില്‍പെട്ട മരുന്നുകള്‍ ഇന്ത്യയില്‍ ലഭ്യമല്ല. 130 കോടി ആളുകളുളള ഇന്ത്യയെ പോലൊരു രാജ്യത്ത് രോഗാണുബാധ എത്രമാത്രമുണ്ടെന്ന് നിര്‍ണ്ണയിക്കാന്‍ വളരെ പ്രയാസമാണ്. എച്ച്. ഐ വി അണുബാധയുളളവര്‍, ഡയാലിസിസ് രോഗികള്‍, പലതവണ രക്തം സ്വീകരിക്കേണ്ടിവന്നവര്‍, ലൈംഗിക രോഗങ്ങളുളളവര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്ന ആളുകള്‍ എന്നിവര്‍ ഉയര്‍ന്ന രോഗസാധ്യത ഉളളവരാണ്. സാധാരണ ആളുകളില്‍ 0.85% രോഗാണുബാധ ഉണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ വിഭാഗത്തില്‍പെട്ട ആളുകളില്‍ 35% മുതല്‍ 44.7% വരെ രോഗാണുബാധ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്രയും ആളുകളെ പരിശോധിച്ച് രോഗം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തുകയെന്നത് ഒരു വലിയ വെല്ലുവിളിയാണ്. നിലവില്‍ എല്ലാ രക്തദാതാക്കളെയും, എച്ച്. ഐ. വി അണുബാധയുളളവരെയും മാത്രമാണ് (സ്ക്രീനിങ്ങ്) പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഹെപ്പറ്റൈറ്റിസ് സിയുടെ രോഗനിര്‍ണ്ണയത്തിന് എലൈസാ ടെസ്റ്റുകള്‍ക്ക് പകരം ന്യൂക്ലിക് ആസിഡ് ടെസ്റ്റിങ്ങ് പോലെയുള്ള നൂതന പരിശോധനകള്‍ കൂടുതല്‍ ബ്ലഡ് ബാങ്കുകളിലേക്ക് വ്യാപിപ്പിക്കുന്നത് വഴി ദാനം ചെയ്യപ്പെടുന്ന രക്തം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്താന്‍ സാധിക്കുന്നു എന്നു മാത്രമല്ല, കൂടുതല്‍ രോഗാണുബാധിതരെ കണ്ടെത്താന്‍ കൂടി സഹായകമാകുന്നു. ഹെപ്പറ്റൈറ്റിസ് സി രോഗബാധിതരില്‍ ചികിത്സാ സമയത്ത് നടത്തേണ്ട ആർഎൻഎ പരിശോധന ചിലവ് കുറഞ്ഞതും ദൂരവ്യാപകമായി ലഭ്യമാക്കപ്പെടേണ്ടതുമുണ്ട്.

നല്ല ശതമാനം ആളുകളും രോഗലക്ഷണങ്ങല്‍ ഇല്ലാത്തവരായതിനാല്‍ മരുന്നുകള്‍ മുടക്കാന്‍ സാധ്യത വളരെ കൂടുതലാണ്. മരുന്നുകള്‍ മുടക്കമില്ലാതെ കഴിക്കുകയും ഹെപ്പറ്റൈറ്റിസ് ക്ലിനിക്കുകളില്‍ മരുന്നുകളുടെ തുടര്‍ച്ചയായ ലഭ്യത ഉറപ്പുവരുത്തുകയും ചെയ്തെങ്കില്‍ മാത്രമേ ഹെപ്പറ്റൈറ്റിസ് സി നിയന്ത്രണം 2030-ഓട് കൂടി സാധ്യമാവുകയുളളു. ഇതിനൊപ്പം തന്നെ സിറോസിസ്, കരള്‍ അര്‍ബുദം എന്നീ സങ്കീര്‍ണ്ണതകള്‍ ഉണ്ടായ രോഗികളെ ഈ ക്ലിനിക്കുകള്‍ വഴി ചികിത്സിക്കാനുളള സംവിധാനങ്ങളും ഭാവിയില്‍ ആസൂത്രണം ചെയ്യേണ്ടതുണ്ട്.

Representative Image. Photo Credit : Alona Siniehina / iStock Photo.com
Representative Image. Photo Credit : Alona Siniehina / iStock Photo.com

ഹെപ്പറ്റൈറ്റിസ് ബി- നിയന്ത്രണം- നാള്‍വഴിയുണ്ടായ നേട്ടങ്ങള്‍
ഹെപ്പറ്റൈറ്റിസ് ബിയുടെ നിയന്ത്രണത്തിനായി പ്രധാനമായും ഊന്നല്‍ നല്‍കുന്നത് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്കാണ്. 2011- മുതല്‍ ദേശീയ പ്രതിരോധ കുത്തിവയ്പ്പുകളുടെ പട്ടികയില്‍ ഹെപ്പറ്റൈറ്റിസ് ബിയും ഉള്‍പ്പെടുത്താനായത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. 90% കുട്ടികള്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത് വഴി 90% പുതിയ അണുബാധകളും 65% ഹെപ്പറ്റൈറ്റിസ് മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കും. ഈ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത മുതിര്‍ന്ന ആളുകള്‍ക്കും ഇത് സ്വീകരിക്കാവുന്നതാണ്. നേരത്തെ കുത്തിവയ്പ്പുകള്‍ ലഭിച്ചിട്ടുളള വ്യക്തിയാണെങ്കില്‍, അണുബാധ പ്രതിരോധിക്കാന്‍ ആവശ്യമായ ആന്റിബോഡി രക്തത്തില്‍ വേണ്ടത്ര അളവില്‍ ഉണ്ടോ എന്ന് പരിശോധിച്ച്, ഇല്ലെങ്കില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഉയര്‍ന്ന രോഗസാധ്യതയുളള വിഭാഗത്തില്‍പ്പെട്ട ആളുകള്‍ (ഡയാലിസിസ് രോഗികള്‍, എച്ച്. ഐ. വി അണുബാധയുളളവര്‍, ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിക്കേണ്ടി വരുന്ന രോഗികള്‍ ഡയബറ്റിസ് വൃക്കരോഗികള്‍, ഹെപ്പറ്റൈറ്റിസ് രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍, മയക്കുമരുന്ന് കുത്തിവയ്ക്കുന്നവര്‍, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍) നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതാണ്.

30-50%വരെയുളള പുതിയ ഹെപ്പറ്റൈറ്റിസ് ബി കേസുകള്‍, രോഗാണുബാധിതരായ അമ്മയില്‍ നിന്നു ജനിക്കുന്ന കുട്ടികളിലാണ് ഉളളത്. ഗര്‍ഭസ്ഥാവസ്ഥയില്‍ തന്നെ രോഗാണുബാധിതരായ അമ്മമാരെ കണ്ടെത്തി ചികത്സിക്കുകയും ജനിച്ച കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പുകളും ഇമ്മ്യൂണോ ഗ്ലോബിലിനും നല്‍കുകയാണെങ്കില്‍ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാനാകും. 

ഹെപ്പറ്റൈറ്റിസിസ് ബിക്കെതിരെയുള്ള ആന്‍റിവൈറല്‍ മരുന്നുകള്‍, ഹെപ്പറ്റൈറ്റിസ് സിക്കെതിരെയുളള മരുന്നുകള്‍ പോലെ അണുബാധ പൂര്‍ണ്ണമായി നീക്കുവാന്‍ പര്യാപ്തമല്ലെങ്കിലും രോഗാതുരത കുറയ്ക്കുവാനും, കരളിനെയും മറ്റ് അവയവങ്ങളെയും ബാധിക്കുന്ന സങ്കീര്‍ണ്ണതകള്‍ തടയുവാനും, ജീവിതദൈര്‍ഘ്യം കൂട്ടുവാനും രോഗം മറ്റുള്ളവരിലേക്ക് പകരുന്നത് ഒഴിവാക്കുവാനും, സഹായകമാകുന്നു.

പൊതുജനങ്ങളിലും ആരോഗ്യപ്രവര്‍ത്തകരിലും ശരിയായ പരിശോധനകളെയും ചിക്തസാരീതികളെയും കുറിച്ചുളള അജ്ഞത ഹെപ്പറ്റൈറ്റിസ് നിയന്ത്രണത്തിന് ഒരു വലിയ വെല്ലുവിളിയാണ്. രോഗാണുബാധിതരെ പരിശോധിച്ച് കണ്ടെത്തുക, നൂതനമായ പരിശോധന മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, കൂടുതല്‍ ആളുകള്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനുളള വാതായനങ്ങള്‍ തുറന്നുകൊടുക്കുക എന്നിവ ഇന്നിന്‍റെ ആവശ്യകതയാണ്.

Representative image. Photo Credit:Prostock-studio/Shutterstock.com
Representative image. Photo Credit:Prostock-studio/Shutterstock.com

ഹെപ്പറ്റൈറ്റിസ് എങ്ങനെ പ്രതിരോധിക്കാം?
തിളപ്പിച്ചാറ്റിയ വെള്ളം, ശുചിത്വമുള്ള ആഹാരം എന്നിവ ഉറപ്പാക്കുന്നതിലൂടെ ഹെപ്പറ്റൈറ്റിസ് എ, ഇ രോഗബാധ തടയാന്‍ സാധിക്കും. ഹെപ്പറ്റൈറ്റിസ് എ-യ്ക്ക് എതിരെ പ്രതിരോധകുത്തിവയ്പ്പുകള്‍ ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ബി സി എന്നീ രോഗങ്ങള്‍ തടയുന്നതിന് താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം. രക്തവുമായി സമ്പര്‍ക്കത്തില്‍ വരുന്ന സൂചികളും മൂര്‍ച്ചയേറിയ ഉപകരണങ്ങളും ഒരിക്കല്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പ് വരുത്തുക. ശസ്ത്രക്രിയ ഉപകരണങ്ങള്‍ രോഗാണു വിമുക്തമായിരിക്കണം., ഷേവിങ്ങ് ബ്ലേഡ്, നഖങ്ങള്‍ വൃത്തിയാക്കുന്ന ഉപകരണങ്ങള്‍ എന്നിവ പങ്കുവയ്ക്കാതിരിക്കുക. ടാറ്റു, അക്യൂ പക്ചര്‍ എന്നിവ സുരക്ഷിതമായ ഇടങ്ങളില്‍ നിന്ന് ചെയ്യുവാന്‍ ശ്രദ്ധിക്കുക. സുരക്ഷിതമായ ലൈംഗിക ബന്ധത്തില്‍ മാത്രം ഏര്‍പ്പെടുക. രോഗസാധ്യതയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നവര്‍ ഹെപ്പറ്റൈറ്റിസ് സ്ക്രീനിങ്ങ് ടെസ്റ്റുകള്‍ക്ക് വിധേയരാവുക. ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ ഫലപ്രദമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ സ്വീകരിക്കുക. ഇവ മൂന്നു ഡോസുകളിലായി, ആദ്യത്തെ ഡോസിന് ശേഷം ഒരു മാസം, പിന്നെ ആറുമാസം എന്ന രീതിയില്‍ എടുക്കേണ്ടതാണ്. എല്ലാ കുട്ടികളും ഉയര്‍ന്ന രോഗസാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ടയാളുകളും നിര്‍ബന്ധമായും കുത്തിവയ്പ്പുകള്‍ എടുക്കേണ്ടതാണ്.

ഹെപ്പറ്റൈറ്റിസ് ബിയ്ക്കും സിക്കുമെതിരെ വലിയ പാര്‍ശ്വഫലങ്ങളില്ലാത്തതും ഫലപ്രദവുമായ മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് ക്ലിനിക്കുകളില്‍ ഇവ തീര്‍ത്തും സൗജന്യമായി നല്‍കപ്പെടുന്നു. ഹെപ്പറ്റൈറ്റിസ് സി ഇന്ന് പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു. ഒരു ജീവിതം ഒരു കരള്‍-ഹെപ്പറ്റൈറ്റിസ് രണ്ടും തകര്‍ത്തേക്കാം?. അതിനാല്‍ ഹെപ്പറ്റൈറ്റിസിനെതിരെ ജാഗ്രതപാലിക്കാം, കരളിനെ കാത്തു പരിപാലിക്കാം.

(ലേഖിക ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് മൈക്രോബയോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആണ്)

English Summary:

Know everything about hepatitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com