ചൂടു പിടിച്ച ചര്‍ച്ചകള്‍ക്കും വാഗ്വാദങ്ങള്‍ക്കും തിരികൊളുത്തി നയന്‍താരയുടെ ചെമ്പരത്തിപ്പൂ ചായ
Mail This Article
സിനിമ താരങ്ങളും സെലിബ്രിട്ടികളുമൊക്കെ പലപ്പോഴും തങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങളെ കുറിച്ചൊക്കെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്‌റ്റുകള്‍ ഇടാറുണ്ട്. ചിലതൊക്കെ വൈറലായി മാറുകയും ചെയ്യും. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടി നയന്‍താര തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചെമ്പരത്തിപ്പൂ ചായ ചില്ലറ പൊല്ലാപ്പല്ല താരത്തിന് ഉണ്ടാക്കിയത്.
ആയുര്‍വേദത്തില്‍ പണ്ട് മുതല്‍ തന്നെ ഉപയോഗിച്ചിരുന്ന ചെമ്പരത്തിപ്പൂ ചായ ഉയര്‍ന്ന തോതില്‍ ആന്റിഓക്‌സിഡന്റ് അടങ്ങിയതാണെന്നും പ്രമേഹം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ധം, ഹൃദ്രോഗം എന്നിവയെ നിയന്ത്രിക്കാന്‍ സഹായകമാണെന്നുമായിരുന്നു നയന്‍താരയുടെ പോസ്‌റ്റിന്റെ കാതല്‍.മുഖക്കുരു, ചര്‍മ്മത്തിലെ ചൂട് തിണര്‍പ്പുകള്‍ എന്നിവയ്‌ക്ക് ഇത് നല്ലതാണെന്നും വൈറ്റമിനുകള്‍ നിറഞ്ഞ പാനീയം പ്രതിരോധശക്തിക്ക് കരുത്തേകുന്നതിനാല്‍ മഴക്കാലത്ത് ഉപയോഗിക്കാന്‍ ഉത്തമമാണെന്നും പോസ്‌റ്റില്‍ പറയുന്നു. തന്റെ ഡയറ്റീഷ്യന്‍ മുന്‍മുന്‍ ഗനേരിവാല്‍ ക്യൂറേറ്റ് ചെയ്‌ത മീല്‍ പ്ലാനില്‍ ഉള്‍പ്പെട്ട ചെമ്പരത്തിപ്പൂ ചായയുടെ റെസിപ്പിക്കായി ഗനേരിവാളിന്റെ ഇന്‍സ്റ്റാ പേജ് സന്ദര്‍ശിക്കാനും പോസ്‌റ്റ് ആവശ്യപ്പെടുന്നു.
എന്നാല്‍ ഈ പറയുന്ന ഗുണങ്ങളൊന്നും ചെമ്പരത്തിപ്പൂ ചായക്കുള്ളതായി ശാസ്‌ത്രീയ തെളിവുകളില്ലെന്നും നയന്‍താര തന്റെ പോസ്‌റ്റിലൂടെ തെറ്റിദ്ധാരണ പരത്തുകയാണെന്നും പറഞ്ഞ് മലയാളി കൂടിയായ ഡോ. സിറിയക് ആബി ഫിലിപ്‌സ് രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ theliverdr എന്ന ഹാന്‍ഡിലിലൂടെ പ്രശസ്‌തനായ ഡോ. സിറിയക് ചെമ്പരത്തിപ്പൂ സ്ഥിരമായി കുടിക്കുന്നത് അപകടകരമായേക്കാമെന്നും ഇതിന്റെ സുരക്ഷ സംബന്ധിച്ച് ആവശ്യത്തിന് തെളിവുകളില്ലെന്നും പറഞ്ഞു.
തന്റെ പോസ്‌റ്റിലൂടെ മുന്‍മുന്‍ ഗനേരിവാളെന്ന സെലിബ്രിട്ടി ന്യൂട്രീഷനിസ്‌റ്റിന് പരസ്യം നല്‍കുക മാത്രമാണ് നയന്‍താര ചെയ്‌തതെന്നും ഡോ. സിറിയക് വിമര്‍ശിച്ചു. എന്നാല്‍ സിറിയക്കിന്റെ പോസ്‌റ്റിന് മറുപടിയുമായി ന്യൂട്രീഷനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളും കൂടി ഇന്‍സ്റ്റാഗ്രാമിലെത്തിയതോടെ ചെമ്പരത്തിപ്പൂ ചായയെ കുറിച്ചുള്ള വിവാദം കൊഴുത്തു.
നയന്‍താരയുടെ പോസ്‌റ്റില്‍ പറയുന്ന ചെമ്പരത്തിപ്പൂ നമ്മുടെ വീടുകളില്‍ കാണുന്ന ഹിബിസ്‌കസ് റോസ-സൈനെന്‍സിസ് ആണെന്നും ഡോ. സിറിയക് തന്റെ പോസ്‌റ്റില്‍ ഉള്‍പ്പെടുത്തിയ ഗവേഷണ പ്രബന്ധങ്ങളുടെ ലിങ്ക് ഹൈബിസ്‌കസ് സബ്‌ഡാരിഫ എന്ന ഇനത്തെ പറ്റിയുള്ളതാണെന്നും മുന്‍മുന്‍ വിശദീകരിച്ചു.നയന്‍താരയുടെ പോസ്‌റ്റില്‍ അവകാശപ്പെടുന്ന ചെമ്പരത്തിപ്പൂ ചായയുടെ ആരോഗ്യഗുണങ്ങളെ സാധൂകരിക്കുന്ന ഗവേഷണ പ്രബന്ധങ്ങളുടെ ലിങ്കും മുന്‍മുന്‍ പങ്കുവച്ചു. ആയുര്‍വേദം മൂലം ഗുണം ലഭിച്ചിട്ടുള്ളവരും ഹോളിസ്‌റ്റിക് മെഡിസിനിലും ജീവിതരീതിയിലും വിശ്വസിക്കുന്നവരും തന്റെ പോസ്‌റ്റ് പരമാവധി പങ്കുവയ്‌ക്കണമെന്ന അഭ്യര്‍ത്ഥനയുമായിട്ടായിരുന്നു മുന്‍മുന്റെ പോസ്‌റ്റ്.
എന്നാല്‍ എങ്ങെയാണ് ഒരു വ്യാജ ന്യൂട്രീഷനിസ്റ്റിനെ തിരിച്ചറിയേണ്ടത് എന്ന അടിക്കുറിപ്പുമായി മുന്‍മുന്റെ പോസ്‌റ്റിനുള്ള മറുപടിയും ഡോ. സിറിയക് പങ്കുവച്ചതോടെ ഈ ചര്‍ച്ചകള്‍ക്ക് അവസാനമില്ലെന്ന് ഉറപ്പായി. കൊണ്ടും കൊടുത്തും ഇന്‍സ്റ്റാഗ്രാമിലെ ചര്‍ച്ചകള്‍ തുടരുമ്പോള്‍ ചെമ്പരത്തിപ്പൂ ചായ കുടിക്കണോ വേണ്ടയോ എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു. ഇതിന് മുന്‍പ് നടി സാമന്ത റൂത്ത് പ്രഭു ഇട്ട ഒരു അശാസ്‌ത്രീയ പോസ്‌റ്റിനെതിരെയും ഡോ. സിറിയക് രംഗത്തെത്തിയിരുന്നു.