നെയ്യിലെ എ1, എ2 ലേബലുകള്‍ തെറ്റിദ്ധാരണ പരത്തുന്നത്; നീക്കം ചെയ്യണമെന്ന് എഫ്എസ്എസ്എഐ
Mail This Article
നെയ്യും വെണ്ണയും തൈരുമൊക്കെ വാങ്ങാന്‍ ചെല്ലുമ്പോള്‍ പലപ്പോഴും അവയില്‍ കാണപ്പെടുന്ന ഒരു ലേബലാണ് എ1, എ2 എന്നിവ. ഇത്തരം ലേബലുകള്‍ കൂടുതല്‍ ആരോഗ്യകരമായ ഉത്‌പന്നത്തിന്റെ അടയാളമാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുമ്പോള്‍ ഇതില്‍ കഴമ്പില്ലെന്നും ഇത്തരം ലേബലുകള്‍ തെറ്റിദ്ധാരണാജനകമാണെന്നും ഫുഡ് സേഫ്‌ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്‌എസ്‌എസ്‌എഐ) പറയുന്നു. ഇതിനാല്‍ ഇത്തരം ലേബലുകള്‍ പാലുത്‌പന്നങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എഫ്‌എസ്‌എസ്‌എഐ ആവശ്യപ്പെട്ടു.
ഇത്തരം ലേബലുകള്‍ വച്ച് ഇരട്ടി വിലയില്‍ പാലുത്‌പന്നങ്ങള്‍ വില്‍ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് 2006ലെ ഫുഡ് സേഫ്‌ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് നിയമത്തിലെ നിയന്ത്രണങ്ങള്‍ക്ക് വിരുദ്ധമാണെന്നും എഫ്‌എസ്‌എസ്‌എഐ കൂട്ടിച്ചേര്‍ക്കുന്നു.
പാലുത്‌പന്നത്തില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനായ ബീറ്റ-കെസീനിന്റെ അടിസ്ഥാനത്തിലാണ് എ1, എ2 എന്നെല്ലാം ഇവയെ വിളിക്കുന്നത്. പാലിലെ പ്രോട്ടീന്റെ 80 ശതമാനവും കെസീന്‍ ആണ്. പല തരത്തിലുള്ള കെസീനുകള്‍ പാലില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഏറ്റവുമധികം കാണപ്പെടുന്ന രണ്ടാമത്തെ കെസീന്‍ ആണ് ബീറ്റ-കെസീന്‍.13 വ്യത്യസ്‌ത രൂപങ്ങളില്‍ കാണപ്പെടുന്ന ബീറ്റ-കെസീന്റെ രണ്ട് പ്രാഥമിക രൂപങ്ങളാണ് എ1 ബീറ്റ-കെസീനും എ2 ബീറ്റ-കെസീനും.
വടക്കന്‍ യൂറോപ്പില്‍ ജന്മം കൊണ്ട പശു ഇനങ്ങളായ ഹോള്‍സ്‌റ്റീന്‍, ഫ്രേസിയന്‍, എയര്‍ഷയര്‍, ബ്രിട്ടീഷ് ഷോട്ട്‌ഹോണ്‍ പോലുള്ളവയില്‍ നിന്ന് ലഭിക്കുന്ന പാലിലാണ് എ1 ബീറ്റ-കെസീന്‍ അടങ്ങിയിരിക്കുന്നത്. ചാനല്‍ ദ്വീപുകള്‍, ദക്ഷിണ ഫ്രാന്‍സ് എന്നിവിടങ്ങളില്‍ ജന്മം കൊണ്ട ഗേണ്‍സി, ജേര്‍സി, ചരോലൈസ്, ലിമോസിന്‍ ഇനം പശുക്കളുടെ പാലില്‍ എ2 ബീറ്റ-കെസീനും കാണപ്പെടുന്നു.
ഇന്ത്യയില്‍ പായ്‌ക്കറ്റില്‍ വില്‍ക്കുന്ന പാലുകളില്‍ പശു ഇനത്തെ അടിസ്ഥാനമാക്കി എ1ഉം എ2ഉം അടങ്ങിയിരിക്കുന്നു. എന്നാല്‍ ചിലതില്‍ എ2 അധികമായി അടങ്ങിയിട്ടുണ്ടാകാം. ഇതിനാല്‍ ഇവയെ കൃത്യമായി ലേബല്‍ ചെയ്യുന്നത് ബുദ്ധിമുട്ടാണ്.
എ1, എ2 പാല്‍ ഉത്പന്നങ്ങള്‍ തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാനുള്ള പരിശോധന കിറ്റുകളും ഇന്ത്യയില്‍ അത്ര എളുപ്പം ലഭ്യമല്ല. എ2 ബീറ്റ-കെസീന്‍ ഉള്ള പാലുത്പന്നങ്ങള്‍ ദഹനപ്രശ്‌നങ്ങളുള്ളവര്‍ക്ക് കുറഞ്ഞ തോതിലുള്ള അലര്‍ജി പ്രതികരണങ്ങള്‍ മാത്രമേ ഉണ്ടാക്കൂ എന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ശാസ്ത്രീയ തെളിവുകളേക്കാള്‍ ഉപരി വിപണന തന്ത്രമാണ് ഇത്തരം ലേബലുകള്‍ക്ക് പിന്നിലെന്ന് എഫ്എസ്എസ്എഐ ചൂണ്ടിക്കാണിക്കുന്നു.