ADVERTISEMENT

സൗന്ദര്യ വര്‍ധനയ്‌ക്കായി കോസ്‌മെറ്റിക്‌ ശസ്‌ത്രക്രിയകള്‍ ചെയ്യുന്നവരുടെ എണ്ണം ഇന്ന്‌ വര്‍ധിച്ചിട്ടുണ്ട്‌. എന്നാല്‍ ഇതിന്റെ ചെലവ്‌ ഭാരിച്ചതാണ്‌.  മാത്രമല്ല പല അപകട സാധ്യതകളും ഇത്തരം ശസ്‌ത്രക്രിയകള്‍ക്കുണ്ട്‌.  
ഓവര്‍നൈറ്റ്‌ ഗ്ലാസസ്‌ എന്നൊരു സ്ഥാപനം അടുത്തിടെ ഏറ്റവും അപകടകരമായ 10 കോസ്‌മെറ്റിക്‌ ശസ്‌ത്രക്രിയകളുടെ പട്ടിക തയ്യാറാക്കി. അവയുടെ സങ്കീര്‍ണ്ണതയുടെ അടിസ്ഥാനത്തിലായിരുന്നു ഈ റാങ്കിങ്‌. ഇതില്‍ ഏറ്റവും അപകട സാധ്യതയുള്ള കോസ്‌മെറ്റിക്‌ ശസ്‌ത്രക്രിയായി കണ്ടെത്തിയത്‌ കണ്ണിന്റെ നിറം മാറ്റാനുള്ള ശസ്‌ത്രക്രിയയാണ്‌. 92.30 ശതമാനമാണ്‌ ഇതിന്റെ സങ്കീര്‍ണ്ണത സാധ്യത.

കോസ്‌മെറ്റിക്‌ ഐറിസ്‌ ഇംപ്ലാന്റ്‌, ലേസര്‍ പിഗ്മെന്റ്‌ റിമൂവല്‍, കെററ്റോപിഗ്മെന്റേഷന്‍ പോലുള്ള നടപടികള്‍ ഈ ശസ്‌ത്രക്രിയയില്‍ അടങ്ങിയിരിക്കുന്നു. എന്നാല്‍ ഈ ശസ്‌ത്രക്രിയ കണ്ണിന്‌ നിരവധി വെല്ലുവിളികള്‍ ഉയര്‍ത്താമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഗ്ലൂക്കോമ, കോര്‍ണിയക്ക്‌ ക്ഷതം, സ്ഥിരമായ കാഴ്‌ച നഷ്ടം എന്നിവയെല്ലാം ഇത്‌ മൂലം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. കണ്ണിന്റെ നിറം മാറ്റുന്ന ശസ്‌ത്രക്രിയ സുരക്ഷ മാനദണ്ഡങ്ങള്‍ പിന്തുടരാത്തതിനാല്‍ ഇവയ്‌ക്ക്‌ എഫ്‌ഡിഎ അംഗീകാരം ലഭിച്ചിട്ടില്ല. ഒന്ന്‌ മുതല്‍ എട്ട്‌ ആഴ്‌ച വരെയാണ്‌ ഈ ശസ്‌ത്രക്രിയക്ക്‌ ശേഷമുള്ള റിക്കവറി സമയം. 12,000 ഡോളറാണ്‌ (ഏതാണ്ട്‌ 10 ലക്ഷം രൂപ) ഈ ശസ്‌ത്രക്രിയയുടെ ശരാശരി ചെലവ്‌.

തുടകളുടെ രൂപഭംഗി മെച്ചപ്പെടുത്താനും അവയെ കടഞ്ഞെടുക്കാനുമുള്ള തൈ ലിഫ്‌റ്റ്‌ ശസ്‌ത്രക്രിയകളാണ്‌ അപകട സാധ്യതയുടെ കാര്യത്തില്‍ രണ്ടാമത്‌ എത്തിയത്‌. 78 ശതമാനമാണ്‌ ഇവയുടെ സങ്കീര്‍ണ്ണത നിരക്ക്‌. രക്തം കട്ടപിടിക്കല്‍, അണുബാധ, ചര്‍മ്മത്തിന്റെ സംവേദനത്വത്തില്‍ മാറ്റം പോലുള്ള അപകടസാധ്യതകള്‍ ഈ കോസ്‌മെറ്റിക്‌ ശസ്‌ത്രക്രിയ്‌ക്കുണ്ടെന്ന്‌ പഠനം പറയുന്നു.

കൊഴുപ്പ്‌ കുത്തിവച്ച്‌ പൃഷ്‌ഠഭാഗത്തിന്റെ വലുപ്പം വര്‍ധിപ്പിക്കുന്ന ബ്രസീലിയന്‍ ബട്ട്‌ ലിഫ്‌റ്റ്‌ ആണ്‌ പട്ടികയില്‍ അടുത്തത്‌. കൊഴുപ്പ്‌ രക്തപ്രവാഹത്തിലൂടെ ശ്വാസകോശം, തലച്ചോര്‍, മറ്റ്‌ അവയങ്ങള്‍ എന്നിവയിലേക്ക്‌ എത്തി ബ്ലോക്കും അവയവനാശവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന്‌ പഠനറിപ്പോര്‍ട്ട്‌ ചൂണ്ടിക്കാണിക്കുന്നു. ബോഡി ലിഫ്‌റ്റ്‌, ബട്ട്‌ ഇംപ്ലാന്റ്‌, ആം ലിഫ്‌റ്റ്‌, ബ്രസ്റ്റ്‌ ലിഫ്‌റ്റ്‌ എന്നിവയും പട്ടികയിലുണ്ട്‌. 

English Summary:

This Popular Cosmetic Procedure Has a 92% Chance of Going Wrong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com