പന്നിയിറച്ചി ശരിയായി വേവിക്കാതെ കഴിച്ചാല്‍ എന്ത് സംഭവിക്കും? ഞെട്ടിക്കുന്ന സിടി സ്‌കാന്‍ ദൃശ്യം പുറത്ത്
Mail This Article
പന്നിയിറച്ചി ശരിയായി വേവിക്കാതെയും പാകം ചെയ്യാതെയും കഴിച്ചാല്‍ ശരീരത്തിന് എന്ത് സംഭവിക്കും? ഓ, കൂടി വന്നാല്‍ ഒരു ദഹനക്കേട് എന്ന് കരുതി നിസ്സാരമാക്കി തള്ളേണ്ട. ജീവന് തന്നെ ഭീഷണിയാകുന്ന സിസ്റ്റിസെര്‍കോസിസ് അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന ടേപ് വേമുകള്‍ പന്നിയിറച്ചിക്കുള്ളിലുണ്ടെന്ന് അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു സിടി സ്‌കാന്‍ ദൃശ്യം വെളിപ്പെടുത്തുന്നു.
ഒരു രോഗിയുടെ കാലിലെ പേശികളില്‍ നിറയെ ഈ പാരസറ്റിക് അണുബാധ നിറഞ്ഞിരിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യമാണ് ഡോ. സാം ഘാലി എന്ന എമര്‍ജന്‍സി റൂം ഫിസിഷ്യന്‍ എക്‌സില്‍ പങ്കുവച്ച സിടി സ്‌കാനിലുള്ളത്. പോര്‍ക്ക് ടേപ് വേം എന്നറിയപ്പെടുന്ന ടേനിയ സോളിയം എന്ന പരാന്നജീവിയുടെ മുട്ട പൊട്ടി വിരിഞ്ഞിറങ്ങുന്ന പുഴുക്കളാണ് സിസ്റ്റിസെര്‍കോസിസ് ഉണ്ടാക്കുന്നത്. ഇവ കുടലിന്റെ ഭിത്തികള്‍ ഭേദിച്ച് രക്തപ്രവാഹത്തിലേക്ക് എത്തുന്നു. ശരീരം മുഴുവന്‍ പടര്‍ന്ന് പേശികളിലും തലച്ചോറിലും വരെ നീര് നിറഞ്ഞ മുഴകള്‍ ഉണ്ടാക്കാന്‍ ഈ പുഴുക്കള്‍ക്ക് സാധിക്കും. പുറത്ത് നിന്ന് നോക്കുമ്പോള്‍ ചര്‍മ്മത്തിനടിയിലെ ചെറു മുഴകളായിട്ടായിരിക്കും ഇത് കാണപ്പെടുക.
ഈ മുഴകള്‍ തലച്ചോറില്‍ രൂപപ്പെട്ടാല്‍ ന്യൂറോസിസ്റ്റിസെര്‍കോസിസ് എന്ന രോഗാവസ്ഥയിലേക്ക് ഇത് നയിക്കും. തലവേദന, ആശയക്കുഴപ്പം, ചുഴലി, മറ്റ് ഗുരുതര നാഡീവ്യൂഹ പ്രശ്‌നങ്ങള്‍ എന്നിവ ഇത് മൂലം ഉണ്ടാകാം. ചില കേസുകളില്‍ മരണം വരെ സംഭവിക്കാം. ഓരോ വര്‍ഷവും 50 ദശലക്ഷം പേരെ ബാധിക്കുന്ന സിസ്റ്റിസെര്‍കോസിസ് മൂലം 50,000 പേരെങ്കിലും മരണപ്പെടുന്നതായി ഡോ. സാം ഘാലി തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ആന്റി പാരസറ്റിക് തെറാപ്പി, സ്റ്റിറോയ്ഡുകള്‍, ആന്റി എപ്പിലപ്റ്റിക്‌സ്, ശസ്ത്രക്രിയ എന്നിവയാണ് ഇതിനുള്ള ചികിത്സകള്‍. പന്നിയിറച്ചി നല്ല വണ്ണം വൃത്തിയാക്കി നന്നായി വേവിച്ച് മാത്രമേ കഴിക്കാവൂ എന്നും ഡോ. സാം ഓര്‍മ്മിപ്പിക്കുന്നു.