ഫാറ്റി ലിവർ; രോഗിയുടെ അസുഖം ഭേദമാക്കിയ ഡയറ്റ് ഡോക്ടർ പങ്കുവയ്ക്കുന്നു
Mail This Article
പറമ്പിലിറങ്ങി പണിയെടുക്കുന്നതുപോലുള്ള കഠിനാധ്വാനം ചെയ്യുന്നവരിൽ അന്നജം വിഘടിച്ച് ഊർജമായി മാറി ജോലി ചെയ്യാനുള്ള ആരോഗ്യം കൊടുക്കുന്നു. എന്നാൽ വിശ്രമ ജീവിതം നയിക്കുന്നവരിലും ദേഹം അനങ്ങാത്ത ഓഫിസ് ജോലികൾ ചെയ്യുന്നവരിലും ഇവ കരളിൽ പോയി കൊഴുപ്പായി മാറുന്നു.
ഫാറ്റി ലിവറിന്റെ ചികിത്സയ്ക്കെത്തിയ സുമയെ രോഗമുക്തി നേടാൻ സഹായിച്ചത് ഭക്ഷണത്തിൽ വരുത്തിയ മാറ്റമാണ്. ആ അനുഭവം പങ്കുവയ്ക്കാം. സുമ ദിവസവും കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിന്റെ അളവ് ഏകദേശം 3000 കാലറിയോളമായിരുന്നു. വ്യായാമവും ജോലിക്കും ശാരീരിക പ്രവർത്തനത്തിനുമായി ഇവരുടെ പൊക്കത്തിനനുസരിച്ച് 1000–1200 കാലറി മാത്രമാണാവശ്യം. ബാക്കി വരുന്ന കാലറിയെല്ലാം കൊഴുപ്പായി മാറുകയും കരൾ കോശങ്ങളിൽ ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അന്നജം കൂടുതലായുള്ളതുകൊണ്ടും പോഷകങ്ങൾ കുറവായതുകൊണ്ടും അധികമുള്ള അന്നജം ട്രൈഗ്ലിസറൈഡ് ആയി മാറുന്നു.
ഭക്ഷണക്രമീകരണങ്ങൾ
∙അന്നജം നന്നായി കുറയ്ക്കുക. പകരം മാംസ്യവും നല്ല കൊഴുപ്പും കഴിക്കുക. ധാതുലവണങ്ങളും ജീവകങ്ങളും നാരുകളും അടങ്ങിയ ഭക്ഷണക്രമം പാലിക്കണം.
∙കരിഞ്ചീരക ചായ ശീലമാക്കുക.
∙രാവിലെ രണ്ട് ഇഡ്ഡലി + ഒരു മുട്ട, നാരങ്ങാവെള്ളം.
∙ഉച്ചയ്ക്ക് നേരത്തേ കഴിച്ചിരുന്നതിന്റെ പകുതി ചോറ്, നാടൻ മുട്ട, നാടൻ കോഴിക്കറി 150 ഗ്രാം, കടൽ മത്സ്യം, കാലറി കുറഞ്ഞ പച്ചക്കറികൾ (കോവയ്ക്ക, വെള്ളരി, കുമ്പളങ്ങ, വെണ്ടക്ക, പടവലങ്ങ തുടങ്ങിയവ).
∙രാത്രി തവിടുള്ള അരിയുടെ രണ്ട് ദോശ, സാലഡ്, മീൻ.
കൂടാതെ ദിവസവും രാവിലെ വെറുംവയറ്റിലും രാത്രി കിടക്കും മുൻപും 15 ഗ്രാം വീതം വിർജിൻ കോക്കനട്ട് ഓയിൽ ശീലമാക്കാനും പറഞ്ഞു. ഒപ്പം വ്യായാമവും.
ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളി അവർ എന്റെ മുന്നിൽ വച്ച നിബന്ധന ആയിരുന്നു. ചികിത്സ തുടങ്ങുമ്പോൾ വണ്ണം കുറഞ്ഞു സൗന്ദര്യം നഷ്ടപ്പെടരുത്. ശരീരം ക്ഷാരാംശത്തിലേക്കു കൊണ്ടുവരുമ്പോൾ സാധാരണയായി ശരീരത്തിലെ വെള്ളത്തിന്റെ അംശം കുറയുന്നതു മൂലം ശരീരഭാരം 10 മുതൽ 20 ശതമാനം വരെ കുറയുക പതിവാണ്. അത് ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരിയായി വരുന്നതിന്റെ ലക്ഷണമാണ്.
അടുത്ത മാസം വന്നപ്പോൾ കൊളസ്ട്രോൾ 280 ഉം ട്രൈഗ്ലിസറൈഡ് 200 ഉം ആയി കുറഞ്ഞു. ഭാരവും രണ്ടു കിലോ കുറഞ്ഞു. ഭക്ഷണക്രമവും ജീവിതശൈലിയുമാണ് ഇവിടെ വില്ലനായതെന്ന് മനസ്സിലാക്കി. പണ്ട് ശരീരത്തു തൊട്ടാൽപോലും വേദന ഉണ്ടായിരുന്ന അവസ്ഥ മാറിയെന്നും പറഞ്ഞു ഭർത്താവ്.
വീണ്ടും രണ്ടുമാസം കഴിഞ്ഞ് വയറിന്റെ സ്കാനിങ് ചെയ്ത ശേഷം വരാൻ പറഞ്ഞു. ചികിത്സ തുടങ്ങി കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോൾ രണ്ടുപേരും കൂടി എന്നെക്കാണാൻ വന്നു. കൊളസ്ട്രോൾ 150ഉം ട്രൈഗ്ലിസറൈഡ് 100 ഉം ആയിരിക്കുന്നു. ഏറ്റവും സന്തോഷം തോന്നിയത് സ്കാനിങ് റിപ്പോർട്ട് കണ്ടപ്പോഴാണ്. ഫാറ്റി ലിവറിന്റെ പൊടി പോലുമില്ല.
ഫാറ്റി ലിവർ എന്ന അവസ്ഥ ശ്രദ്ധിക്കാതെയിരുന്നാൽ സിറോസിസ് (കരൾ കോശങ്ങൾ ചകിരിയായി പോകുന്ന അവസ്ഥ) ആയി മാറാം. എന്തായാലും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. ഭക്ഷണക്രമത്തിലും വ്യായാമത്തിലും ശ്രദ്ധവേണമെന്ന മുന്നറിയിപ്പോടെ അവരെ തിരിച്ചയച്ചു. ഇത് എഴുതുന്നതിന് മുൻപും ഞാൻ സുമയെ വിളിച്ചു. വളരെ ഉന്മേഷവതി ആയിട്ടാണ് എന്നോടവർ സംസാരിച്ചത്.
ഇത്തരത്തിൽ ഊർജവും സന്തോഷവും കൂട്ടുന്ന, അസുഖകാരണം പൂർണമായും ഒഴിവാക്കുന്ന ഒരു ചികിത്സാ പ്രക്രിയയല്ലേ ഈ കാലഘട്ടത്തിനാവശ്യം എന്ന് വൈദ്യശാസ്ത്ര രംഗത്തെ വിദഗ്ധർ ആലോചിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.