ഇടവേളകളിൽ കൊറിക്കുന്ന ശീലമുണ്ടോ? നിർത്താൻ എളുപ്പ വഴിയുണ്ട്!
Mail This Article
വീട്ടിലെ പണിയും തീർത്ത് ഓടിപ്പിടിച്ച് ഓഫിസിൽ എത്തുന്നവരായിരിക്കും സ്ത്രീകളിൽ പലരും. മിക്കപ്പോഴും തിരക്കിനിടയിൽ ഭക്ഷണം കഴിച്ചിട്ടുമുണ്ടാവില്ല. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ആണെങ്കിലും പ്രത്യേക ഡയറ്റ് ഒന്നും ഇല്ലാത്ത വ്യക്തി ആണെങ്കിലും നിർബന്ധമായും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഒരു ദിവസത്തില്‍ നിങ്ങൾ ആദ്യം കഴിക്കുന്ന ആഹാരം വളരെ പ്രധാനപ്പെട്ടതാണ്. വൈകിട്ടോ രാത്രിയോ ഭക്ഷണം കഴിച്ചു കിടന്ന ശേഷം പിന്നെ രാവിലെ ആയിരിക്കുമല്ലോ കഴിക്കുന്നത്. അങ്ങനെയൊരു വലിയ ഇടവേളയ്ക്കു ശേഷം എണ്ണപലഹാരങ്ങളോ ചായയോ വച്ചാണ് നിങ്ങൾ ദിവസം തുടങ്ങുന്നതെങ്കിൽ അധികം വൈകാതെതന്നെ വയറിന്റെ ഗുരുതരമായ പ്രശ്നങ്ങളും ഇൻസുലിൻ റസിസ്റ്റൻസും പിടിപെടും. ഇത്തരം പ്രശ്നങ്ങൾ കാരണം ഭാവിയിൽ പല അസുഖങ്ങളും ഉണ്ടായേക്കാം. സ്ത്രീകളിൽ യൂട്രസ് സംബന്ധ രോഗങ്ങളും പുരുഷന്മാരിൽ ഫാറ്റി ലിവറുമാണ് ആദ്യം കണ്ടു വരുന്നത്.
ശരീരപ്രകൃതിയും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ചെയ്യുന്നതെങ്കിൽ അത് നല്ലതു തന്നെ. ബാങ്കിൽ ജോലി ചെയ്യുന്നവരും ഐടി മേഖലയിൽ പ്രവർത്തിക്കുന്നവർക്കുമൊന്നും വ്യായാമം ചെയ്യാനോ പാചകം ചെയ്ത് ഭക്ഷണം കഴിക്കാനോ സമയം കിട്ടണമെന്നില്ല. എപ്പോഴും ഒരു സ്ഥലത്ത് ഇരിക്കുന്ന ജോലി കൂടിയായത് കൊണ്ട് വളരെപ്പെട്ടെന്ന് ഇവർക്ക് രോഗങ്ങളുണ്ടാകുകയും ചെയ്യും. ഭക്ഷണകാര്യത്തിൽ ശ്രദ്ധ പതിപ്പിക്കാത്തത് വളരെ ബുദ്ധിമുട്ടിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കും. പലപ്പോഴും ബർഗറും മറ്റ് ഫാസ്റ്റ് ഫുഡും ആയിരിക്കും ജോലിക്കിടയിൽ കഴിക്കുക. വല്ലപ്പോഴും ഇങ്ങനെ കഴിക്കുന്നത് ഒരു പ്രശ്നമല്ല. എന്നാൽ തുടർച്ചയായി ഈ ഭക്ഷണശീലമാണ് പിന്തുടരുന്നതെങ്കിൽ പണി പാളുമെന്ന് ഉറപ്പ്. ഇടയ്ക്കിടെ എന്തെങ്കിലും കൊറിക്കുന്ന സ്വഭാവമുണ്ടെങ്കിൽ അതും മാറ്റണം.
അതിനു ഒരു സിംപിൾ ടിപ്സ് പറഞ്ഞുതരാം. നിങ്ങളുടെ ഡസ്കിൽ ഒരു ചെറിയ ടിന്നിൽ കുറച്ച് നട്സും ഡ്രൈ ഫ്രൂട്ട്സുമൊക്കെ വയ്ക്കുക. എല്ലാവരും ചായയും പരിപ്പുവടയും ബർഗറുമൊക്കെ കഴിക്കുന്ന സമയത്ത് ഇതിൽനിന്നും അൽപ്പമെടുത്ത് കൊറിക്കുക. പെട്ടെന്നു വയറു നിറയും. അറിഞ്ഞ് ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ഡോക്ടര്‍മാരെ അകറ്റി നിർത്താം. ഭക്ഷണരീതി മാറ്റിയാൽ തന്നെ എന്നും വ്യായാമം ചെയ്തില്ലെങ്കിൽ പോലും നിങ്ങൾക്ക് ആരോഗ്യകരമായി ജീവിക്കാം.