ഫഹദിനും ഷൈന്‍ ടോമിനും മാത്രമല്ല ആലിയ ഭട്ടിനും എഡിഎച്ച്ഡി; എന്താണ് ഈ അവസ്ഥ?
Mail This Article
അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ അഥവാ എഡിഎച്ച്ഡി എന്ന അവസ്ഥയുണ്ടെന്ന് ബോളിവുഡ് താരം ആലിയ ഭട്ട് മുൻപൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തിൽ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ സംസാരിക്കുകയാണ് താരം.
എഡിഎച്ച്ഡി ഉള്ളതുകൊണ്ട് തനിക്ക് ഒരു കാര്യത്തിലും ശാന്തതയോടെ ഇരിക്കാനാവില്ലെന്നും എല്ലാം പെട്ടെന്ന് നടക്കണമെന്ന ചിന്തയാണെന്നും ആലിയ പറയുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ താൻ പല ചിന്തകളിലും മുഴുകി ഇരിക്കാറുണ്ടെന്നും വളരെ കുറച്ച് സമയം മാത്രമേ താൻ ചിന്തകളില്ലാതെ ഇവിടെ ഉണ്ടാകാറുള്ളതെന്നും പറഞ്ഞു.
സ്കൂളില്‍ പഠിക്കുന്ന കാലത്തും ക്ലാസിൽ ആരെങ്കിലുമൊക്കെ സംസാരിക്കുമ്പോൾ പെട്ടെന്ന് ശ്രദ്ധ പോകുമായിരുന്നു. എന്നാൽ അടുത്തിടെ നടത്തിയ പരിശോധനയിലാണ് തനിക്ക് എഡിഎച്ച്ഡി ആണെന്ന് ആലിയ തിരിച്ചറിഞ്ഞത്. കാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ സമാധാനം തോന്നുന്നുവെന്ന് മനസ്സിലായതായും ആലിയ പറഞ്ഞു.
അഭിനയിക്കുമ്പോളും മകൾക്കൊപ്പം ഇരിക്കുമ്പോഴുമാണ് താൻ ചിന്തകളിൽ പെട്ടുപോകാതിരിക്കുന്നത്. കാമറയ്ക്കു മുന്നില്‍ അഭിനയിക്കുമ്പോൾ ആ കഥാപാത്രമായാണ് നിൽക്കാറുള്ളത്– ആലിയ വ്യക്തമാക്കി. മുൻപ് പലപ്പോഴും മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ആലിയ സംസാരിച്ചിട്ടുണ്ട്. ലാലൻടോപിന് നൽകിയ അഭിമുഖത്തിലാണ് കാര്യങ്ങൾ തുറന്ന് പറഞ്ഞത്. മലയാളത്തിലെ നടന്മാരായ ഷൈൻ ചോം ചാക്കോയ്ക്കും ഫഹദ് ഫാസിലിനും എഡിഎഡ്ഡ്ഡി ഉണ്ടെന്ന് മുൻപ് വെളിപ്പെടുത്തിയിരുന്നു.
എന്താണ് എഡിഎച്ച്ഡി?
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അശ്രദ്ധ (ഇന്‍അറ്റന്‍ഷന്‍), എടുത്തുചാട്ടം അഥവാ 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവ ചേര്‍ന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. ചിലരില്‍ മുതിര്‍ന്നാലും ഇത് മാറിയെന്നു വരില്ല. കുട്ടികളില്‍ പഠനത്തെയും മറ്റും എഡിഎച്ച്‌ഡി പ്രതികൂലമായി ബാധിച്ചേക്കാം.