കുഞ്ഞുങ്ങളെ ഗര്‍ഭത്തില്‍ ചുമക്കാനാവില്ലെന്ന് ഗായിക; വില്ലനായത് ഈ ആരോഗ്യപ്രശ്നങ്ങൾ
Mail This Article
തനിക്ക് കുഞ്ഞുങ്ങളെ ഗര്‍ഭധാരണം ചെയ്‌ത് ചുമക്കാനുള്ള ശേഷിയില്ലെന്ന് പ്രശസ്‌ത പോപ് താരവും നടിയുമായ സെലീന ഗോമസ് വെളിപ്പെടുത്തിയത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. പല വിധമായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തന്റെ ശരീരത്തില്‍ അധികമാണെന്നും താരം വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
2013ല്‍ സെലീനയ്‌ക്ക് ഓട്ടോ ഇമ്മ്യൂണ്‍ രോഗമായ ലൂപസ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. ഈ ഇന്‍ഫ്‌ളമേറ്ററി രോഗം ഗര്‍ഭധാരണത്തെ സങ്കീര്‍ണ്ണമാക്കുകയും രക്തസമ്മര്‍ദ്ദം ഉയരാനും മൂത്രത്തില്‍ പ്രോട്ടീന്റെ സാന്നിധ്യം ഉണ്ടാക്കാനും ഇടയാക്കുന്ന പ്ലീഎക്ലാംപ്‌സിയയിലേക്ക് നയിക്കുകയും ചെയ്യും. പ്രീഎക്ലാംപിസിയ കരളിനും വൃക്കകള്‍ക്കും ക്ഷതമുണ്ടാക്കുകയും സമയം തികയുന്നതിന് മുന്‍പേയുള്ള പ്രസവത്തിന് കാരണമാകുകയും ചെയ്യാമെന്ന് ബംഗലൂരു മതര്‍ഹുഡ് ഹോസ്‌പിറ്റല്‍സിലെ ഗൈനക്കോളജിസ്‌റ്റ് ഡോ. നിര്‍മ്മല എം ഇന്ത്യ ടുഡേയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പല വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബൈപോളാര്‍ ഡിസോഡറും സെലീനയ്‌ക്ക് നിര്‍ണ്ണയിക്കപ്പെട്ടിരുന്നു. 2018ല്‍ തന്റെ 20കളില്‍ തന്നെ സൈകോസിസിലേക്ക് നയിക്കുന്ന തരത്തില്‍ പലതരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയെന്നും സെലീന പറയുന്നു.
ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ള സ്‌ത്രീകള്‍ക്ക് ഉണ്ടാകുന്ന പല ആരോഗ്യപ്രശ്‌നങ്ങളും അവരുടെ ഉത്‌പാദനക്ഷമതയെയും ഗര്‍ഭധാരണ ഫലത്തെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കാമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍ രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട ആന്റിഫോസ്‌ഫോലിപിഡ് സിന്‍ഡ്രോം ഉണ്ടാക്കാം. ഇത് നിരന്തരമായ ഗര്‍ഭം അലസലിലേക്ക് നയിക്കാം. ലൂപസിന് പുറമേ ആമവാതം, ഹാഷിമോട്ടോസ് തൈറോയ്‌ഡിറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളും പ്രത്യുത്‌പാദന ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്.
ഗര്‍ഭിണിയുടെ പ്രായം, ജീവിതശൈലി, പ്രമേഹം, ഹൈപ്പര്‍ടെന്‍ഷന്‍, തൈറോയ്‌ഡ് തുടങ്ങിയ രോഗങ്ങള്‍ എന്നിവയും ഗര്‍ഭധാരണം ബുദ്ധിമുട്ടുള്ളതാക്കാമെന്ന് ഡോ. നിര്‍മ്മല കൂട്ടിച്ചേര്‍ത്തു.