ADVERTISEMENT

ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ ലക്ഷണങ്ങളും അവ എങ്ങനെ തടയാം എന്നും അറിയാം. യോനി, മലദ്വാരം, വായ എന്നിവയിലൂടെയുള്ള ലൈംഗികബന്ധത്തിലൂടെയാണ് ലൈംഗിക രോഗങ്ങൾ (STI) പകരുന്നത്. ക്ലമിഡിയ, ഗൊണോറിയ, സിഫിലിസ് തുടങ്ങിയ ബാക്ടീരിയകളും വൈറസുകളായ ഹ്യൂമൻ പാപ്പിലോമാൈവറസ് (HPV), ഹെർപ്സ് സിംപ്ലക്സ് വൈറസ് (HSV, HIV) ട്രൈക്കോമൊണാസ് വജൈനാലിസ് എന്ന പരാദങ്ങൾ, ഫംഗസ് എന്നിവയാണ് രോഗത്തിന് കാരണമാകുന്നത്. രോഗിയുടെ ശുക്ലം, യോനീസ്രവങ്ങൾ, രക്തം, മ്യൂക്കസ് മെംബ്രേൻസ് തുടങ്ങിയ ശരീരസ്രവങ്ങൾ, രോഗമില്ലാത്ത ആളുടേതുമായി സമ്പർക്കത്തില്‍ വരുമ്പോഴാണ് രോഗം പകരുന്നത്. 

ലൈംഗിക രോഗങ്ങളുടെ ലക്ഷണങ്ങൾ: 
∙അസ്വാഭാവികമായ സ്രവങ്ങൾ
യോനി, ലിംഗം, മലദ്വാരം എന്നിവിടങ്ങളിൽ നിന്നും അസാധാരണമായ മഞ്ഞ, പച്ച നിറങ്ങളിൽ അസ്വാഭാവിക ഗന്ധത്തോടെയുള്ള സ്രവങ്ങൾ, ഗൊണോറിയയുടെയോ ക്ലാമിഡിയയുടേയോ ലക്ഷണമാകാം.

∙മൂത്രമൊഴിക്കുമ്പോൾ പുകച്ചിൽ
മൂത്രമൊഴിക്കുമ്പോൾ വേദനയും പുകച്ചിലും ഉണ്ടെങ്കിൽ അത് ക്ലമിഡിയ, ഗൊണോറിയ, ട്രൈക്കോ മോണിയാസിസ് ഇവയുടെ ഏതിന്റെയെങ്കിലും ലക്ഷണമാകാം.

Photo credit : Siriluk ok / Shutterstock.com
Photo credit : Siriluk ok / Shutterstock.com

∙വ്രണങ്ങളും മുഴകളും
ലൈംഗികാവയവങ്ങളിലോ മലദ്വാരത്തിലോ, വായിലോ വ്രണങ്ങളോ, കുമിളകളോ മുഴകളോ കാണപ്പെടുകയാണെങ്കിൽ അത് ഹെർപ്പസ്, സിഫിലിസ് (പറങ്കിപ്പുണ്ണ്) അല്ലെങ്കിൽ ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ ലക്ഷണമാകാം.

∙ചൊറിച്ചിലും അസ്വസ്ഥതയും
ജനനേന്ദ്രിയങ്ങളിൽ തുടർച്ചയായ ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടെങ്കിൽ അത് പേൻ (ഗുഹ്യരോമങ്ങളിലുണ്ടാകുന്ന പ്യൂബിക് ലൈസ്), ചർമ രോഗമായ സ്കേബീസ് അല്ലെങ്കിൽ ട്രൈക്കോ മോണിയാസിസ് ഇവ മൂലമാകാം.

∙വേദന നിറഞ്ഞ ലൈംഗികബന്ധം
ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന അനുഭവപ്പെടുന്നത് (dyspareunia) ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങൾ മൂലമോ അല്ലെങ്കിൽ പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ് മൂലമോ ആകാം. 

∙അസാധാരണ രക്തസ്രാവം
ലൈംഗിക ബന്ധത്തിലേർപ്പെട്ടതിനു ശേഷമോ ആർത്തവചക്രത്തിനിടയ്ക്കുള്ള സമയത്തോ രക്തസ്രാവം ഉണ്ടാകുന്നത് ക്ലമിഡിയയുടേയോ ഗൊണോറിയയുടേയോ ലക്ഷണമാകാം. ഇത് ഗർഭാശയമുഖത്ത് വീക്കവും അസ്വസ്ഥതയും ഉണ്ടാക്കും. 

fever-Kerkez-istockphoto
Representative image. Photo Credit: kerkez/istockphoto.com

∙പനിയുടേതു പോലുള്ള ലക്ഷണങ്ങൾ
പനി, തൊണ്ടവേദന, ക്ഷീണം, ലിംഫ്നോഡിനു വീക്കം ഇതെല്ലാം ചില ലൈംഗികരോഗങ്ങളുടെ ലക്ഷണമാകാം. പ്രത്യേകിച്ച് സിഫിലിസ്, എച്ച്‌ഐവി തുടങ്ങിയ അണുബാധകളുടെ ആദ്യഘട്ടത്തിൽ ഈ ലക്ഷണങ്ങൾ പ്രകടമാകും. 

ലൈംഗികരോഗങ്ങൾ (STI) എങ്ങനെ തടയാം?
∙ഗർഭനിരോധന ഉറകൾ ഉപയോഗിക്കാം
യോനി, മലദ്വാരം, വായ (oral sex) എന്നിവയിലൂടെയുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ എല്ലായ്പ്പോഴും ലാറ്റക്സ് ഗർഭനിരോധന ഉറകൾ ഉപയോഗിക്കുക. ഇത് ലൈംഗിബന്ധത്തിലൂടെ രോഗങ്ങൾ പകരുന്നതിനുള്ള സാധ്യത കുറയ്ക്കും. 

∙വാക്സിൻ എടുക്കാം
എച്ച്പിവി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ചില രോഗങ്ങൾക്ക് വാക്സിൻ ലഭ്യമാണ്. വാക്സിൻ എടുക്കുന്നത് ഇത്തരം അണുബാധകളെ തടയും.

∙പതിവായ പരിശോധനകൾ
ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചറിയാനും ചികിത്സ തേടാനും കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന നടത്തുന്നതിലൂടെ സാധിക്കും. പ്രത്യേകിച്ച് ഒരാൾക്ക് ഒന്നിലധികം പങ്കാളികൾ ഉണ്ടെങ്കിൽ തീർച്ചയായും ചെക്കപ്പ് നടത്തണം. 

∙സ്വകാര്യവസ്തുക്കൾ പങ്കുവയ്ക്കാതിരിക്കാം
സൂചി, റേസർ, സെക്സ്ടോയ്സ് തുടങ്ങിയവ മതിയായി വൃത്തിയാക്കാതെ ആരുമായും പങ്കുവയ്ക്കരുത്. 

Representative image. Photo Credit:stefanamer/istockphoto.com
Representative image. Photo Credit:stefanamer/istockphoto.com

∙പങ്കാളിയുമായി ആശയവിനിമയം നടത്താം
ലൈംഗികാരോഗ്യത്തെക്കുറിച്ചും ലൈംഗികതയിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചും, രോഗം തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പങ്കാളിയോട് തുറന്ന് സംസാരിക്കാം. 

ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളെയും അവയുടെ ലക്ഷണങ്ങളെയും അവ വരാതെ തടയാനുള്ള മാർഗങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നാൽ ഒരു വ്യക്തിക്ക് അയാളുെടയും പങ്കാളിയുടെയും ലൈംഗികാരോഗ്യം നിലനിർത്താൻ കഴിയും.

English Summary:

Sexually Transmitted Infections: Warning Signs You Shouldn't Ignore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com