കുട്ടിക്ക് ഉറക്കം കുറവാണോ? ഓട്ടിസത്തിനു വരെ കാരണമാകാമെന്ന് പഠനം
Mail This Article
കുട്ടികളിൽ തലോച്ചറിന്റെ വളർച്ചയ്ക്കും ബൗദ്ധികാരോഗ്യത്തിനും ഉറക്കം ഏറെ പ്രധാനമാണ്. കൃത്യമായ ചിട്ട ഉറക്കത്തിന് ആവശ്യമാണ്. ഉറക്കം തടസപ്പെടുന്നത് തലച്ചോറിന്റെ വികാസത്തെ ബാധിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പ്രൊസീഡിങ്ങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരുന്നു. ഉറക്കത്തിനുണ്ടാകുന്ന തടസങ്ങൾ കുട്ടികളുടെ തലച്ചോറിന്റെ വികാസത്തിന് എത്രമാത്രം ദോഷങ്ങൾ ഉണ്ടാക്കുന്നു എന്ന് ഈ പഠനം പറയുന്നു. കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനായി നല്ല ഉറക്കശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ഈ പഠനം വെളിവാക്കുന്നു.
കുട്ടികളിലും മുതിർന്നവരിലും ഉറക്കം,തലച്ചോറിന്റെ വികാസത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെപ്പറ്റി നോർത്ത് കരോലിന സർവകലാശാലയിലെ പ്രൊഫസർ ഗ്രഹാം ഡെയ്റിങ്ങ് ആണ് പഠനം നടത്തിയത്. മുതിർന്നവരിൽ ശരീരത്തിന്റെ കേടുപാടുകൾ പരിഹരിക്കുക മാത്രമാണ് ഉറക്കം ചെയ്യുന്നത്. എന്നാൽ കുട്ടികളിൽ പഠനത്തിനും ഓർമ്മശക്തിക്കും ആവശ്യമായ നാഡീസംവേദനങ്ങൾക്ക് രൂപം കൊടുക്കുകയും അവയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിൽ ഉറക്കം പ്രധാനപങ്കു വഹിക്കുന്നു. ചെറുതും പ്രായമുള്ളതുമായ എലികളിൽ ആണ് പഠനം നടത്തിയത്. ഉറക്കക്കുറവ്, മുതിർന്നവരെക്കാൾ അധികം ബാധിക്കുന്നത് പ്രായം കുറഞ്ഞ എലികളെ ആണെന്നു കണ്ടു.
ഉറക്കം നഷ്ടപ്പെടുന്നതു മൂലമുണ്ടകുന്ന ദോഷഫലങ്ങൾ കുട്ടികളിലെ തലച്ചോറിന് നികത്താനാവില്ല . മുതിർന്നവരെ അപേഷിച്ച് കുട്ടികളിൽ ഉറക്കമില്ലായ്മയുടെ ദോഷഫലങ്ങൾ ദീർഘകാലത്തേക്ക് പ്രകടമാകും.
ചെറിയ പ്രായത്തിൽ നല്ല ഉറക്കം ലഭിക്കുന്നത് തലച്ചോറിന്റെ വികാസത്തിന് പ്രധാനമാണ്. കൃത്യ സമയത്ത് ഉറങ്ങാൻ കഴിയുന്നതും തടസമില്ലാതെ ഉറക്കം ലഭിക്കുന്നതും സിനാപ്റ്റിക് കണക്ഷൻസിനെ ശക്തിപ്പെടുത്താൻ ആവശ്യമാണ്. ഇത് ബൌദ്ധിക പ്രവർത്തനങ്ങൾക്കും ഓർമ്മശക്തിക്കും വളരെയധികം പ്രധാനമാണ്.
കുട്ടികളിലെ ഉറക്കമില്ലായ്മ ഓട്ടിസം സ്പെക്ട്രം ഡിസോർഡറി (ASD)നു കാരണമാകും എന്നും പഠനത്തിൽ കണ്ടു. ഓർമ്മശക്തിക്കും ബൌദ്ധിക പ്രവർത്തനങ്ങൾക്കും മാത്രമല്ല, ഓട്ടിസത്തിനു കാരണമാകുന്ന ജനിതക ഘടകങ്ങളുമായും ബന്ധപ്പെട്ട തലച്ചോറിലെ ചില പ്രോട്ടീനുകളെയും ഉറക്കക്കുറവ് ബാധിക്കുന്നതായി കണ്ടു. ഉറക്കക്കുറവും ഉറക്കം തടസപ്പെടുന്നതും ഓട്ടിസം ബാധിക്കാൻ ജനിതകമായി സാധ്യതയുള്ള കുട്ടികളിൽ ഓട്ടിസത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതായും പഠനത്തിൽ തെളിഞ്ഞു.
ജീവിതകാലമത്രയും വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം. ഇത് ശിശുക്കളിലും കുട്ടികളിലും ഏറെ പ്രധാനമാണ്. കുട്ടിക്കാലത്ത് നഷ്ടപ്പെടുന്ന ഉറക്കം തലച്ചോറിന്റെ വികാസത്തെ ദോഷകരമായി ബാധിക്കും. തലച്ചോറിന്റെ വികാസം ഒരിക്കൽ കൂടി അതിനു മാറ്റം വരുത്താൻ സാധിക്കില്ല എന്നോർക്കണം എന്ന് ഗവേഷകനായ ഗ്രഹാം ഡെയ്റിങ്ങ് പറയുന്നു.