ADVERTISEMENT

കാര്യമൊക്കെ ശരിയാണ്‌. ആല്‍മണ്ട്‌, വാല്‍നട്ട്‌, ഹേസല്‍നട്ട്‌, ബ്രസീല്‍നട്‌സ്‌, കശുവണ്ടി എന്നിങ്ങനെ നീളുന്ന നട്‌സും ഡ്രൈ ഫ്രൂട്‌സുമൊക്കെ പോഷക സമ്പുഷ്ടവും ആരോഗ്യത്തിന്‌ നല്ലതുമാണ്‌. എന്ന്‌ വച്ച്‌ വാരി വാരി ഇവ തിന്നാന്‍ കഴിയുമോ? എല്ലാവര്‍ക്കും ഇത്‌ ഒരേ പോലെ പ്രയോജനകരമായി എന്ന്‌ വരുമോ? അമിതമായി കഴിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലേ? ഇത്തരം സംശയങ്ങള്‍ പലര്‍ക്കും ഉണ്ടാകാറുണ്ട്‌. 

നട്‌സിന്റെയും ഡൈ ഫ്രൂട്‌സിന്റെയുമൊക്കെ കാര്യത്തില്‍ മിതത്വം എന്നത്‌ വളരെ മുഖ്യമാണെന്ന്‌ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ ഡയറ്റീഷ്യന്മാരുടെ അഭിപ്രായങ്ങള്‍ സമാഹരിച്ച്‌ ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ച ഒരു ലേഖനം വ്യക്തമാക്കുന്നു. വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയാല്‍ സമ്പന്നമായ നട്‌സ്‌ വിഭവങ്ങള്‍ ഹൃദയാരോഗ്യത്തെ പിന്തുണയ്‌ക്കുകയും ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവയിലെ പ്രകൃതിദത്ത പഞ്ചസാരയും കാലറിയും കരുതിയിരിക്കണമെന്ന്‌ ഡല്‍ഹി സികെ ബിര്‍ല ആശുപത്രിയിലെ ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ്‌ ദീപാലി ശര്‍മ്മ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

Image Credit: Highwaystarz-Photography/Istock
Image Credit: Highwaystarz-Photography/Istock

അതേ പോലെ ആല്‍മണ്ടില്‍ ഉയര്‍ന്ന തോതില്‍ ഫോസ്‌ഫറസും ഓക്‌സലേറ്റും ഉള്ളതിനാല്‍ വൃക്കരോഗമുള്ളവര്‍ ഇതിന്റെ തോത്‌ നിയന്ത്രിക്കേണ്ടതാണ്‌. നട്‌സില്‍ ഉപ്പും മധുരവും അടങ്ങിയിട്ടുണ്ടെങ്കില്‍ ഇവ ഗുണത്തേക്കാള്‍ ദോഷം ചെയ്യാനും മതി. ആല്‍മണ്ട്‌, വാല്‍നട്ട്‌, കശുവണ്ടി ഉള്‍പ്പെടെയുള്ള നട്‌സ്‌ വിഭവങ്ങള്‍ രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ച്‌ വേണം കഴിക്കാനെന്ന്‌ ആയുര്‍വേദം പറയുന്നു.  എളുപ്പം ദഹിക്കാനും ശരിയായ തോതില്‍ പോഷണങ്ങള്‍ വലിച്ചെടുക്കാനും ഇത്തരത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുന്നത്‌ സഹായിക്കുമെന്ന്‌ കരുതപ്പെടുന്നു. നട്‌സിലെ കാല്‍സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ആഗീരണത്തെ തടയുന്ന ഫൈറ്റിക്‌ ആസിഡ്‌ നീക്കം ചെയ്യാനും ഈ ശീലം സഹായിക്കും. വെള്ളത്തില്‍ കുതിര്‍ത്ത്‌ വച്ച്‌ കഴിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഡ്രൈ റോസ്‌റ്റ്‌ ചെയ്‌തും ആല്‍മണ്ട്‌ കഴിക്കാം. 

ഒരു പിടി നട്‌സ്‌ 100 കിലോ കാലറിയെങ്കിലും സംഭാവന ചെയ്യുമെന്നതിനാല്‍ ഭാരം കുറയ്‌ക്കാന്‍ ശ്രമിക്കുന്നവര്‍ അമിതമായി ഇവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന്‌ മുംബൈ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കല്‍ ഡയറ്റീഷ്യന്‍ പൂജ ഷാ ഭാവേ ലേഖനത്തില്‍ വ്യക്തമാക്കുന്നു.  എന്നാല്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്ന നട്‌സ്‌ വിഭവങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ പെട്ടെന്ന്‌ വിശക്കാതിരിക്കാന്‍ സഹായിക്കും. നല്ല തോതില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ അമിതമായി ആല്‍മണ്ട്‌, പിസ്‌ത തുടങ്ങിയവ കഴിക്കരുതെന്നും ഡയറ്റീഷ്യന്മാര്‍ പറയുന്നു. 

Image Credit: AaronAmat/Istock
Image Credit: AaronAmat/Istock

എപ്പോള്‍ കഴിക്കണം
രാവിലെയോ ഉച്ചയ്‌ക്ക്‌ മുന്‍പുള്ള സമയത്തോ ഒക്കെ നട്‌സ്‌ കഴിക്കുന്നതാണ്‌  നല്ലത്‌.  പ്രധാന ഭക്ഷണങ്ങള്‍ക്ക്‌ ഇടയിലുള്ള സ്‌നാക്‌സായി ഉപയോഗിക്കുന്നത്‌ ഉത്തമം. പഴങ്ങള്‍ക്കൊപ്പം നട്‌സ്‌ കഴിക്കുന്നത്‌ പഴങ്ങളുടെ ഗ്ലൈസിമിക്‌ സൂചിക കുറയ്‌ക്കാന്‍ സഹായിക്കും. പഴങ്ങളിലെ വൈറ്റമിന്‍ സി നട്‌സിലെ അയണിന്റെ ആഗീരണത്തെ സഹായിക്കുകയും ചെയ്യും. 

എത്ര അളവില്‍ കഴിക്കണം
പരമാവധി 30 മുതല്‍ 50 ഗ്രാം വരെയൊക്കെ ന്‌ട്‌സും എണ്ണ വിത്തുകളും മാത്രമേ ഒരു ദിവസം കഴിക്കാവൂ. 15 ഗ്രാം വീതം ദിവസത്തില്‍ രണ്ട്‌ തവണയായി കഴിക്കുന്നതും നന്നാകും. ഈന്തപഴം, ഫിഗ്‌, ബ്ലാക്‌ കറന്റ്‌ എന്നിവ പരമാവധി 15 മുതല്‍ 30 ഗ്രാം വരെയെ കഴിക്കാന്‍ പാടുള്ളൂ. 
പലതരം രോഗങ്ങള്‍ക്ക്‌ ചികിത്സ തേടുന്നവരും മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങള്‍   ഉള്ളവരും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്താവൂ എന്നും ലേഖനം ഓര്‍മ്മിപ്പിക്കുന്നു

English Summary:

Eat Nuts the Right Way: Expert Tips for Maximum Health Benefits.The Ultimate Guide to Healthy Portions & Benefits.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com