സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡായ സ്ലീപ് മാക്‌സിങ് ഗുണത്തിനോ ദോഷത്തിനോ ?
Mail This Article
നമ്മുടെ ജീവിതത്തില്‍ ഉറക്കത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് എത്ര പറഞ്ഞാലും മതിയാകില്ല. നന്നായി ഉറങ്ങാന്‍ എന്തൊക്കെ ചെയ്യാം എന്നതിനെ പറ്റിയുള്ള ചിന്ത പലതരത്തിലുള്ള സങ്കേതങ്ങളിലേക്കും ഉത്‌പന്നങ്ങളിലേക്കും ഇന്ന് മനുഷ്യരെ എത്തിച്ചിട്ടുണ്ട്. ഇത്തരം പല വഴികളിലൂടെ പരമാവധി നന്നായി ഉറങ്ങുന്ന ട്രെന്‍ഡിനെയാണ് സ്ലീപ് മാക്‌സിങ് എന്ന് സാമൂഹിക മാധ്യമങ്ങളില്‍ വിളിക്കുന്നത്.
സ്ലീപ് ട്രാക്കിങ് ഉപകരണങ്ങള്‍, മെലട്ടോണിന്‍ പോലുളള സപ്ലിമെന്റുകള്‍, വൈറ്റ് നോയ്‌സ് മെഷീനുകള്‍, ഭാരമുള്ള പുതപ്പുകള്‍, മൂക്കിലൂടെ ശ്വാസമെടുക്കുന്നതിന് വായ ഒട്ടിച്ച് വയ്‌ക്കല്‍, കര്‍ശനമായ ഉറക്ക സമയങ്ങള്‍ എന്നിങ്ങനെ പരമാവധി ഉറക്കം സാധ്യമാക്കാന്‍ പല വഴികളും സ്ലീപ് മാക്‌സിങ്ങിന്റെ ഭാഗമായി ചെയ്‌തു വരാറുണ്ട്. എന്നാല്‍ ഇവ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ രണ്ടഭിപ്രായമുണ്ട്.
സ്ലീപ് മാക്‌സിങ്ങിന് ഇങ്ങനെ ചില ദോഷ വശങ്ങള്‍ കൂടിയുണ്ടെന്ന് ഈ മേഖയിലെ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
1. ഓര്‍ത്തോസോമ്‌നിയ
ട്രാക്കിങ് ഉപകരണങ്ങളില്‍ നിന്ന് ലഭിക്കുന്ന ഉറക്കത്തെ പറ്റിയുള്ള ഡേറ്റയുടെ അമിതമായ വിശകലനം പെര്‍ഫെക്ട് ഉറക്കത്തെ പറ്റി ചിലരില്‍ ഉത്‌കണ്‌ഠ ജനിപ്പിക്കുന്നു. ഇതിനെയാണ് ഓര്‍ത്തോസോമ്‌നിയ അഥവാ സ്ലീപ് ആന്‍സൈറ്റി എന്ന് വിളിക്കുന്നത്. ഈ ഉത്‌കണ്‌ഠ ഉറക്കത്തിലേക്ക് സ്വാഭാവികമായി വഴുതി വീഴുന്ന പ്രകൃത്യായുള്ള പ്രക്രിയയെ തടസ്സപ്പെടുത്തുന്നു.
2. സ്ലീപിങ് ഉപകരണങ്ങള്‍ക്ക് മേലുള്ള ആശ്രിതത്വം
ഉറക്കത്തിനായി സപ്ലിമെന്റുകളെയും ചില ഉപകരണങ്ങളെയുമൊക്കെ ഉപയോഗിച്ച് തുടങ്ങുന്നത് പിന്നെ അതില്ലാതെ ഉറങ്ങാന്‍ സാധിക്കാത്ത വിധം ഒരു ആശ്രിതത്വം സൃഷ്ടിക്കാം. ഇത് സ്വാഭാവികമായി ഉറക്കത്തെ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ ശേഷിയെയും ബാധിച്ചെന്ന് വരാം.
3. സ്വാഭാവിക താളം തെറ്റും
നിരന്തരമായ പരീക്ഷണങ്ങള്‍ ഉറക്കത്തിന്റെ കാര്യത്തില്‍ നടത്തുന്നത് ശരീരത്തിന്റെ സ്വാഭാവിക താളത്തെയും ശീലങ്ങളെയും തെറ്റിക്കും. ഉദാഹരണത്തിന് വായയില്‍ ടേപ്പ് ഒട്ടിക്കുന്നത് പോലുള്ള പരീക്ഷണങ്ങള്‍ ഉറക്കത്തെ നന്നാക്കുന്നതിനേക്കാള്‍ തടസ്സപ്പെടുത്താനാണ് സാധ്യത.
4. കണക്കുകളില്‍ ഊന്നല്‍
ഉറക്കത്തെ ട്രാക്ക് ചെയ്‌ത് തുടങ്ങി കഴിഞ്ഞാല്‍ ശരീരത്തിന് വിശ്രമം ലഭിക്കുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തിലാകില്ല പിന്നെ ശ്രദ്ധ. ഉറക്കത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള കണക്കുകളിലാകും ശ്രദ്ധ.ഇത് അനാവശ്യമായ സമ്മര്‍ദ്ധം ഉണ്ടാക്കാം.
എന്നാല്‍ ഉറക്കം മാറ്റി വയ്‌ക്കാനാകാത്ത ഒന്നാണെന്നും ശാരീരിക മാനസിക ആരോഗ്യത്തിന് അത് വളരെ സുപ്രധാനമാണെന്നുമുള്ള അവബോധം സൃഷ്ടിക്കാന്‍ സ്ലീപ് മാക്‌സിങ് ട്രെന്‍ഡിന് സാധിച്ചിട്ടുണ്ട്. ഉറങ്ങുന്നതിന് മുന്‍പ് സ്‌ക്രീന്‍ ടൈം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയും ഇത് അടിവരയിടുന്നു.