രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാറുണ്ടോ? ആരോഗ്യം ക്ഷയിക്കും, അസുഖങ്ങൾ ചില്ലറയല്ല!
Mail This Article
ഇന്ന് വിവിധ വിഭാഗങ്ങളിൽ രാത്രി ഷിഫ്റ്റുകൾ നിലവിലുണ്ട്. സാധാരണ പ്രവൃത്തി ദിനങ്ങൾ പോലെ തന്നെയാണ് രാത്രി ഷിഫ്റ്റിലെ ജോലിയും. പകൽ ജോലി ചെയ്ത് രാത്രി ഏറെ വൈകിയും ജോലി തുടരുന്നവരും ഉണ്ട്. എന്നാൽ രാത്രി ജോലി ആരോഗ്യത്തിന് ദോഷകരമാണോ?
ഒരാൾ ഭക്ഷണം കഴിക്കുന്നത് വ്യായാമം, ഉറക്കം, ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്തുന്നത് ഇതിനെയെല്ലാം രാത്രി ഷിഫ്റ്റിലെ ജോലി ബാധിക്കും. രാത്രി ജോലി ചെയ്യുന്നതു മൂലം ഉണ്ടാകുന്ന ചില ദോഷവശങ്ങൾ എന്തൊക്കെ എന്നറിയാം.
ഉറക്കത്തിനു തടസ്സം
ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് ഉറക്കം വളരെയധികം ആവശ്യമാണ്. ഉറങ്ങുന്ന സമയത്താണ് ശരീരം വിഷാംശങ്ങളെ നീക്കുന്നതും, പരുക്കുകളെ ഭേദമാക്കുന്നതും സമ്മർദം അകറ്റുന്നതും. രാത്രി ഷിഫ്റ്റിലെ ജോലി ഈ പ്രവർത്തനങ്ങളെയാകെ തടസ്സപ്പെടുത്തും. ഇത് ഉപാപചയരോഗങ്ങൾ, ഹൃദ്രോഗം, പൊണ്ണത്തടി എന്തിനേറെ ചിലയിനം കാൻസറുകൾക്കു പോലും കാരണമാകും.
വിഷാദം
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവരെ ഉത്കണ്ഠയും വിഷാദവും ബാധിക്കാൻ സാധ്യത കൂടുതലാണെന്ന് നിരവധി പഠനങ്ങൾ പറയുന്നു. രാത്രി ഷിഫ്റ്റുകൾ ഒരു വ്യക്തിയുടെ സർക്കാഡിയൻ റിഥത്തെ ബാധിക്കും. ഉറക്കക്കുറവും കടുത്ത ക്ഷീണവും ആയിരിക്കും ഫലം. ഉറക്കം കുറയുന്നത് വിഷാദസാധ്യത കൂട്ടും.
പൊണ്ണത്തടി
രാത്രി ഷിഫ്റ്റുകൾ ഉറക്കക്കുറവിനും ഇത് പിന്നീട് പൊണ്ണത്തടിക്കും ഉള്ള സാധ്യത കൂട്ടും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തതു മൂലം ലെപ്റ്റിന്റെ അളവ് ശരീരത്തിൽ കുറയും. ഇത് വിശപ്പുണ്ടാകാനും കൂടുതൽ ഭക്ഷണം കഴിക്കാനും കാരണമാകും.
കാൻസർ
രാത്രി ഷിഫ്റ്റിലെ ജോലി വൈറ്റമിൻ സിയുടെ അഭാവത്തിനുള്ള ഒരു കാരണമാണ്. ഇത് ഓസ്റ്റിയോ മലാസിയയ്ക്കും സ്തനാർബുദം, മലാശയാർബുദം, പ്രോസ്റ്റേറ്റ് അർബുദം തുടങ്ങിയവയ്ക്കും കാരണമാകും.
ഹൃദയസംബന്ധമായ രോഗങ്ങൾ
ദീര്‍ഘ സമയം ജോലി ചെയ്യുന്നത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത കൂട്ടും. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാത്ത സ്ത്രീകളെ അപേക്ഷിച്ച് അഞ്ചോ അതിലധികമോ വർഷം രാത്രി ഷിഫ്റ്റിൽ മാറി മാറി ജോലി നോക്കുന്നവർ ഹൃദയസംബന്ധമായ രോഗങ്ങൾ മൂലം മരണമടയാൻ സാധ്യത കൂടുതലാണെന്ന് ഒരു പഠനം പറയുന്നു. ഇത്രയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും പലർക്കും രാത്രി ഷിഫ്റ്റിലെ ജോലി തുടരേണ്ടി വരും. ഇത്തരം അവസരങ്ങളിൽ ആരോഗ്യം നിലനിർത്താൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം.
∙പതിവായി 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക. ഉറക്കത്തിന് പ്രാധാന്യം നൽകി കൃത്യമായ ഒരു ഉറക്കരീതി നിലനിർത്തുക.
∙വൈകുന്നേരം ആരോഗ്യകരമായ ലഘുഭക്ഷണം ശീലമാക്കാം. രാത്രി ഷിഫ്റ്റിനു പോകുന്നവർക്ക് ആവശ്യത്തിന് പോഷകങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും.
∙രാത്രി ജോലി ചെയ്യുന്നവരിൽ ശരിയായ ഒരു വർക്കൗട്ട് പിന്തുടരുന്നത് വെല്ലുവിളി നിറഞ്ഞതാകും. പകൽ സമയം ചെറിയ രീതിയിൽ വ്യായാമം ചെയ്യാൻ സമയം കണ്ടെത്താം.
∙പൂന്തോട്ടത്തിൽ ഒരു നടത്തമാവാം. പുറത്തിറങ്ങി വ്യായാമം ചെയ്യാം. അല്ലെങ്കിൽ വെറുതെ പുറത്തിരിക്കുകയോ പുസ്തകം വായിച്ചിരിക്കുകയോ ആവാം. ഇത് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കാൻ സഹായിക്കും. ആരോഗ്യത്തോടെയിരിക്കാൻ ശരീരത്തിന് ആവശ്യമായ വൈറ്റമിൻ ഡി ഇതിലൂടെ ലഭിക്കും.
രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർ ജീവിതശൈലിയിൽ ഇത്തരത്തിൽ മാറ്റം കൊണ്ടുവരുന്നത് നല്ലതായിരിക്കും.