ADVERTISEMENT

കൃത്യമായി നിയന്ത്രിക്കാത്ത പക്ഷം, ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാവുന്ന ഒരു ആരോഗ്യപ്രശ്നമാണ് ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ. പക്ഷാഘാതമുണ്ടാകാനുള്ള ഏറ്റവും പ്രധാനപ്പെട്ട അപകട ഘടകങ്ങളിലൊന്ന് അമിത രക്തസമ്മർദ്ദമാണ്‌. രക്താതിമർദ്ദം രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തുകയും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഉപ്പ് , കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയ ആഹാരം, വ്യായാമരഹിതമായ ദിനചര്യ, അമിത വണ്ണം, അനിയന്ത്രിതമായ  പ്രമേഹം, പുകവലി, മദ്യപാനം തുടങ്ങിയ ലഹരികൾ, മറ്റ് തെറ്റായ ജീവിതരീതികൾ അമിത രക്തസമ്മർദ്ദമുള്ള രോഗികളിൽ അപകട സാധ്യത കൂട്ടുന്നു.

രക്തസമ്മർദ്ദം: അടിസ്ഥാന അറിവുകൾ
രക്തം അതുൾക്കൊള്ളുന്ന ധമനികളുടെ ചുവരിൽ ഏൽപ്പിക്കുന്ന മർദ്ദത്തെയാണ് രക്തസമ്മർദ്ദം എന്ന് വിളിക്കുന്നത്. ഹൃദയം മിടിക്കുമ്പോൾ അഥവാ സങ്കോചിക്കുമ്പോൾ ഉണ്ടാകുന്ന ഉയർന്ന മർദ്ദത്തെ സിസ്റ്റോളിക് ബിപി എന്നും ഹൃദയമിടിപ്പുകൾക്കിടയിലുള്ള വിശ്രമാവസ്ഥയിൽ ഉണ്ടാകുന്ന മർദ്ദത്തെ ഡയസ്റ്റോളിക് ബിപി എന്നും മനസിലാക്കാം.

Representative Image. Photo Credit : Ahmet Misirligul / Shutterstock.com
Representative Image. Photo Credit : Ahmet Misirligul / Shutterstock.com

ബിപി രേഖപ്പെടുത്തുന്നത് രണ്ട് അക്കങ്ങളായാണ്. ആദ്യത്തേതു സിസ്റ്റോളിക് ബിപി യെയും രണ്ടാമത്തേത് ഡയസ്റ്റോളിക് ബിപി യെയും സൂചിപ്പിക്കുന്നു. സാധാരണഗതിയിൽ സിസ്റ്റോളിക് ബിപി 120 -140 mm of Hg വരെയും ഡയസ്റ്റോളിക് ബിപി 80 - 90 mm of Hg വരെയും ആയിരിക്കുന്നതിനെ നോർമൽ അഥവാ ആരോഗ്യകരമായ രക്ത സമ്മർദ്ദ നിലയായി കണക്കാക്കിയിരുന്നു. ഇതിനു മുകളിൽ സ്ഥായിയായി നിലനിൽക്കുന്ന രക്താതിമർദ്ദം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം മുതലായ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യത വളരെ ഉയർന്നതാണ്. 

മറ്റ് അനുബന്ധ രോഗങ്ങളില്ലാതെ, ജീവിതശൈലി, പ്രായം, ജനിതക ഘടകങ്ങൾ തുടങ്ങിയവകാരണം കാണപ്പെടുന്ന രക്താതിമർദ്ദത്തെ പ്രൈമറി ഹൈപ്പർടെൻഷൻ അല്ലെങ്കിൽ എസ്സെൻഷ്യൽ ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു. എന്നാൽ സെക്കണ്ടറി ഹൈപ്പർടെൻഷൻ അഥവാ നോൺ എസ്സെൻഷ്യൽ ഹൈപ്പർടെൻഷൻ കരൾരോഗം, വൃക്കരോഗം തുടങ്ങിയ പ്രാഥമിക കാരണങ്ങളാലും ചിലതരം മരുന്നുകളുടെ ഉപയോഗത്താലുമുണ്ടാകുന്നതാണ്.

Representative image. Photo Credit:Deepak Sethi/istockphoto.com
Representative image. Photo Credit:Deepak Sethi/istockphoto.com

രക്താതിമർദ്ദം : പ്രധാന ലക്ഷണങ്ങൾ
രോഗലക്ഷണങ്ങൾ അധികമുണ്ടാക്കാതെ തന്നെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതിനാലാണ് രക്താദിമർദ്ദത്തെ  'നിശ്ശബ്ദനായ കൊലയാളി'യായി വിശേഷിപ്പിക്കപ്പെടുന്നത്. ഉറക്കക്കുറവ്, കഴുത്തിൽ നിന്നും ചുമലുകളിലേക്കു പടരുന്ന വേദന, തലവേദന, അകാരണമായി പെട്ടെന്ന് ദേഷ്യമുണ്ടാകുക, തലയ്ക്കു ഘനം തോന്നുക, തലചുറ്റൽ, ഓക്കാനം , ചെവിയിൽ മൂളൽ കേൾക്കുക, കാഴ്ചയിലുണ്ടാകുന്ന മങ്ങൽ, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ രക്തസമ്മർദ്ദത്തിൽ കാര്യമായ മാറ്റങ്ങളുണ്ടാകുമ്പോൾ അനുഭവപ്പെടാറുണ്ട്.

അമിത രക്തസമ്മർദ്ദമുള്ളവർ ശ്രദ്ധിക്കുക:
സ്ഥിതി വിവരക്കണക്കുകൾ പ്രകാരം പകുതിയിലധികം രക്താതിമർദ്ദ രോഗികൾക്കും തങ്ങളുടെ രോഗാവസ്ഥയെക്കുറിച്ചു അറിവില്ലായെന്നത് കണക്കിലെടുക്കേണ്ട വസ്തുതയാണ്. പ്രമേഹം, അമിത കൊളസ്ട്രോൾ, പൊണ്ണത്തടി , വൃക്ക രോഗികൾ, കരൾ രോഗികൾ , ഹൃദ്രോഗികൾ തുടങ്ങിയവർ രണ്ടാഴ്ചയിലൊരിക്കലെങ്കിലും തങ്ങളുടെ രക്ത സമ്മർദ്ദം പരിശോധിക്കേണ്ടതാണ്. അകാലത്തിലുണ്ടാകുന്ന ഹൃദയാഘാതം , സ്ട്രോക്ക് ഇവ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നതിനാൽ  പ്രത്യേക അസുഖങ്ങളില്ലാത്ത 45 വയസ്സിനു മുകളിൽ പ്രായമുള്ളവർ മാസത്തിലൊരുതവണ രക്തസമ്മർദ്ദം പരിശോധിക്കണം. ഇത് രോഗനിർണയം നേരത്തെ നടത്താനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കാനും സഹായിക്കും.   

രക്താതിമർദ്ദ രോഗികൾ പകലുറങ്ങരുത്. രാത്രി ഉറക്കമിളയ്ക്കരുത്. അനാവശ്യ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. രക്തസമ്മർദ്ദ രോഗികൾ മലബന്ധമുണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ആഹാരത്തിൽ കൂടുതൽ പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തുക. ദിവസവും ഉപയോഗിക്കുന്ന ഉപ്പിന്റെ അളവ് 3-4 ഗ്രാമിനുള്ളിൽ നിലനിർത്തുക. ഉപ്പു കൂടുന്നത് രക്തസമ്മർദ്ദത്തിന്റെ നിലയിൽ മാറ്റങ്ങളുണ്ടാക്കും. ആഹാരത്തിൽ കൊഴുപ്പിന്റെ അളവ് കുറയ്ക്കുക. 

അമിത ഭാരമുള്ളവർ അത് കുറയ്ക്കുക. ശാരീരികമായി സജീവമായിരിക്കുക, അതിൽ നടത്തം, ഓട്ടം, നീന്തൽ, നൃത്തം പോലെയുള്ള എയ്‌റോബിക് ആക്‌റ്റിവിറ്റികൾ ഉൾപ്പെടുത്താം. ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള എയ്‌റോബിക് വ്യായാമങ്ങൾ ചെയ്യണം. പ്രാണായാമം മനസ്സിനെ ശാന്തമാക്കാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും, ഇത് ആരോഗ്യകരമായ രക്തസമ്മർദ്ദത്തിൻ്റെ അളവ് നിലനിർത്തുന്നതിന് ഉപകരിക്കും.

ഹൃദയസംരക്ഷണത്തിനുപയോഗിക്കുന്ന ചില പ്രധാന ആയുർവേദ ചേരുവകൾ
അമുക്കുരം (Withania somnifera): അഡാപ്റ്റോജെനിക് ഗുണമുള്ള അമുക്കുരം മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കോർട്ടിസോളിൻ്റെ അളവ് സന്തുലിതമാക്കുന്നതിനും സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദത്തെ അനുകൂലമാക്കി സമഗ്രമായ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുന്നു.

നീർമരുത് (Terminalia arjuna): ഹൃദയ സംരക്ഷണ ഗുണങ്ങൾക്ക് പേരുകേട്ട നീർമരുത് ഹൃദയപേശികളെ ശക്തിപ്പെടുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

ഇഞ്ചി (Zingiber officinale): ഇഞ്ചി രക്തചംക്രമണം മെച്ചപ്പെടുത്തുകയും വീക്കം കുറയ്ക്കാൻ സഹായിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി (Allium sativum): വെളുത്തുള്ളി ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഉള്ള കഴിവിന് പേരുകേട്ടതാണ്. കൂടുതൽ രുചിക്കും ആരോഗ്യ ഗുണങ്ങൾക്കുമായി വെളുത്തുള്ളി നിത്യവും  പാചകത്തിൽ ഉൾപ്പെടുത്തുക.

turmeric-milk-jchizhe-istockphoto
Representative image. Photo Credit:milk-jchizhe/istockphoto.com

മഞ്ഞൾ (Curcuma longa): മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്.

ആയുർവേദ ടിപ്സ്
മൂത്രവിശോധന ഗുണമുള്ള  ബാർലി, ഞെരിഞ്ഞിൽ തുടങ്ങിയ മരുന്നുകൾ ഇട്ടു തിളപ്പിച്ചവെള്ളം കുടിയ്ക്കുന്നത് നീർക്കെട്ട് മാറ്റി രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.
കർക്കിടക മാസത്തിലൊഴികെ, മുരിങ്ങയില കഴുകി നിഴലിലുണക്കിപ്പൊടിച്ചതു 1 ടീസ്പൂൺ വീതം ചോറിനോടൊപ്പമോ ചുടുവെള്ളത്തിൽ ചേർത്തോ ദിവസവും കഴിക്കുന്നത് രക്തസമ്മർദ്ദരോഗികൾക്കു നല്ലതാണ്.

ദിവസവും 3 തൊട്ടാൽവാടിയില കഴുകി ചവച്ചു കഴിക്കുക.
കറുകപ്പുല്ല് കഴുകി അരച്ചുരുട്ടി 5 - 10  ഗ്രാം ദിവസവും കഴിക്കുക.
ഒരു മുഴുവൻ വെളുത്തുള്ളി തൊലികളഞ്ഞത്, 15 ഗ്രാം ഇഞ്ചി എന്നിവ ചെറുതായി നുറുക്കി 2 ഗ്ലാസ്സ് വെള്ളത്തിൽ തിളപ്പിച്ച് അര ഗ്ലാസ്സാക്കി വറ്റിച്ചു അരിച്ചെടുക്കുക. ഇതിൽ ഒരു ചെറുനാരങ്ങയുടെ പകുതി പിഴിഞ്ഞെടുത്ത നീര് ചേർത്തു ദിവസവും രാവിലെ ആഹാരത്തിനു മുൻപ് കഴിക്കുക. Hyperacidity, Gastritis ഇവയുള്ളവർ ആഹാരത്തിനു ശേഷം കഴിക്കുന്നതാണ് നല്ലത്.

dr-hareendran
ഡോ. ജെ ഹരീന്ദ്രൻ നായർ

(ലേഖകൻ പങ്കജകസ്തുരി ഹെർബെൽസ്, ഫൗണ്ടർ ആൻഡ് മാനേജിങ് ഡയറക്ടർ ആണ്)

English Summary:

Silent Killer No More: Ayurvedic Ways to Manage Hypertension. Ayurveda Offers Natural Ways to Lower It.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com