ബിയര്‍ ആരോഗ്യത്തിന് നല്ലതാണോ? അറിയണം ഈ കാര്യങ്ങള്‍
Mail This Article
പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്.
അഞ്ച് ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ 330 മില്ലി വരുന്ന കാന്‍ പ്രതിദിനം ഒരെണ്ണം വീതം സ്‌ത്രീകളും രണ്ടെണ്ണം വീതം പുരുഷന്മാരും കഴിക്കുന്നതിനെയാണ് പഠനത്തില്‍ പരിമിതമായ ബിയര്‍ ഉപയോഗമായി പറയുന്നത്.
ബിയറിന്റെ ആരോഗ്യ ഗുണങ്ങളായി ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഇനി പറയുന്നവയാണ്.
1. ഹൃദയാരോഗ്യം
ബിയറിലുള്ള പോളിഫെനോളുകള്‍ക്ക് ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുണ്ടെന്നും ഇത് ഹൃദയത്തിന്റെ രക്തക്കുഴലുകളുടെ ആവരണമായ എന്‍ഡോത്തീലിയത്തിന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്തുന്നതായും ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ട് കുറയ്‌ക്കാനും കൊളസ്‌ട്രോള്‍ തോത് താഴ്‌ത്താനും ഇത് നല്ലതാണെന്നാണ് റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്.
2. എല്ലുകളുടെ കരുത്ത്
ബിയറിലുള്ള ഡയറ്ററി സിലിക്കണ്‍ എല്ലുകളുടെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുമെന്ന് പഠനം പറയുന്നു. എല്ലുകളിലെ ധാതുക്കളുടെ സാന്ദ്രതയെ സിലിക്കണ്‍ അഭിവൃദ്ധിപ്പെടുത്തുന്നു.
3. വൃക്കയിലെ കല്ലുകള്‍
ബിയറിലെ ഉയര്‍ന്ന ജലത്തിന്റെ അളവും ഡൈയൂറെറ്റിക് ഗുണങ്ങളും വൃക്കകളില്‍ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുമെന്നും പഠനം പറയുന്നു. ബിയര്‍ കുടി, കൂടുതല്‍ മൂത്രമൊഴിക്കാന്‍ ഇടയാക്കുന്നത് വിഷവസ്‌തുക്കളെ പുറന്തള്ളുമെന്നും ധാതുക്കള്‍ കട്ടപിടിച്ച് വൃക്കയില്‍ കല്ലുകളാകുന്നത് തടയുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
4. പോഷക സമൃദ്ധം
വൈറ്റമിന്‍ ബി1, ബി2, ബി6, ബി9, ബി12 എന്നിവയെല്ലാം ബിയറില്‍ അടങ്ങിയിരിക്കുന്നതായും ഇത് ഊര്‍ജ്ജോദിപാദനത്തിലും ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണത്തിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും സഹായകമാകുമെന്നും ഗവേഷകര്‍ പറയുന്നു. ഇവയ്‌ക്ക് പുറമേ മഗ്നീഷ്യം, പൊട്ടാസിയം എന്നിവയും ബിയറില്‍ അടങ്ങിയിരിക്കുന്നു.
എന്നാല്‍ പഠനത്തിലെ കണ്ടെത്തലുകളെ കണ്ണുമടച്ച് വിശ്വസിച്ച് ജീവിതത്തില്‍ നടപ്പാക്കരുതെന്ന് ആരോഗ്യ വിദഗ്‌ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബിയറിന്റെ നിത്യവുമുള്ള ഉപയോഗം ഭാരം വര്‍ധിപ്പിക്കാന്‍ ഇടയുണ്ടെന്ന് ചില പഠനങ്ങള്‍ അടിവരയിടുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ തോതും ഇത് ഉയര്‍ത്തി വിടാം. അമിതമായ ഉപയോഗം മദ്യത്തിന് അടിമയാക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.