ADVERTISEMENT

ആരോഗ്യത്തോടെ ഇരിക്കാന്‍ ശുചിമുറികള്‍ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുന്നവരാണ്‌ പലരും. പക്ഷേ ഇനി പറയുന്ന ഒരു ശീലം ഒഴിവാക്കിയില്ലെങ്കില്‍ ഈ വൃത്തിയെല്ലാം വെറുതേയാകുമെന്നും നിങ്ങളിലേക്കും ശുചിമുറിയിലെ മറ്റ്‌ വസ്‌തുക്കളിലേക്കും അണുക്കള്‍ പടരാന്‍ ഇടയാകുമെന്നും പകര്‍ച്ചവ്യാധി വിദഗ്‌ധര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. 

മലവിസര്‍ജ്ജനം നടത്തി കഴിഞ്ഞ ശേഷം ടോയ്‌ലറ്റ്‌ സീറ്റ്‌ തുറന്ന്‌ വച്ച്‌ വെള്ളം ഫ്‌ളഷ്‌ ചെയ്യുക എന്ന ശീലമാണ്‌ നാം ഒഴിവാക്കേണ്ടത്‌. ടോയ്‌ലറ്റ്‌ സീറ്റ്‌ തുറന്ന്‌ വച്ച്‌ ഫ്‌ളഷ്‌ ചെയ്യുന്നത്‌ മലത്തിലെ ബാക്ടീരിയ ഉള്‍പ്പെടെയുള്ള അണുക്കള്‍ മുകളിലേക്ക്‌ ഉയര്‍ന്ന്‌ വരാന്‍ കാരണമാകുമെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. 

വായുവിലേക്ക്‌ അണുക്കളുടെ ഒരു  പ്രവാഹമുണ്ടാക്കാന്‍ ടോയ്‌ലറ്റ്‌ ഫ്‌ളഷിന്‌ സാധിക്കും. സീറ്റ്‌ അടച്ചു വച്ചില്ലെങ്കില്‍ ഈ അണുക്കള്‍ ബാത്ത്‌റൂമില്‍ ഇരിക്കുന്ന ടവല്‍ റാക്കുകളിലും സിങ്ക്‌ ഹാന്‍ഡിലുകളിലും, എന്തിന്‌ പല്ല്‌ തേയ്‌ക്കുന്ന ബ്രഷില്‍ വരെ പറ്റിപിടിച്ച്‌ ഇരിക്കും. അവയെല്ലാം തൊടുകയും ഉപയോഗിക്കുകയും ചെയ്യുന്നതോടെ അണുക്കള്‍ നിങ്ങളുടെ ശരീരത്തിനുള്ളിലെത്തുകയും ചെയ്യും. 

ഇ-കോളി, സാല്‍മണെല്ല, നോറോവൈറസ്‌, വയറിലും കുടലിലും വളരുന്ന മറ്റ്‌ അണുക്കള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ശരീരത്തിലെത്താനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഫ്‌ളഷ്‌ ചെയ്യുമ്പോള്‍ അടച്ചിടുന്ന ഈ ടോയ്‌ലറ്റ്‌ ലിഡ്‌ ദിവസവും കഴുകാനും അണുവിമുക്തമാക്കാനും മറക്കരുതെന്നും ആരോഗ്യവിദഗ്‌ധര്‍ ഓര്‍മ്മിപ്പിക്കുന്നു. ദിവസവും വൃത്തിയാക്കാന്‍ പറ്റാത്തവര്‍ ആഴ്‌ചയില്‍ ഒന്നെങ്കിലും ടോയ്‌ലറ്റ്‌ സീറ്റ്‌ അടക്കം അണുവിമുക്തമാക്കണം. 


Representative image. Photo Credit: Charday Penn/istockphoto.com
Representative image. Photo Credit: Charday Penn/istockphoto.com

എപ്പോഴും തൊടുന്ന ബാത്ത്‌റൂം പ്രതലങ്ങളായ ടോയ്‌ലറ്റ്‌ ഫ്‌ളഷ്‌ ഹാന്‍ഡില്‍, സിങ്ക്‌ ഫോക്കറ്റുകള്‍, വാതിലിന്റെ നോബുകള്‍,ഷവര്‍ ഹാന്‍ഡിലുകള്‍ എന്നിവയും ആഴ്‌ചയില്‍ ഒന്ന്‌ അണുവിമുക്തമാക്കാന്‍ മറക്കരുത്‌. ശുചിമുറിയില്‍ പൂപ്പല്‍ വളര്‍ന്ന്‌ ശ്വാസകോശ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യത്തിന്‌ വെന്റിലേഷനും ഉറപ്പാക്കേണ്ടതാണ്‌. ശുചിമുറി ഉപയോഗിച്ച്‌ കഴിഞ്ഞും ശുചിമുറിയിലെ വസ്‌തുക്കള്‍ സ്‌പര്‍ശിച്ച്‌ കഴിഞ്ഞും കൈകള്‍ സോപ്പിട്ട്‌ കുറഞ്ഞത്‌ 20 സെക്കന്‍ഡ്‌ കഴുകണം. ബാത്ത്‌റൂമിലെ ടവലുകള്‍ ഇടയ്‌ക്കിടെ മാറ്റാനും സോപ്പ്‌, ടൂത്ത്‌ബ്രഷ്‌, റേസര്‍, ടവല്‍ തുടങ്ങിയ വ്യക്തിഗത വസ്‌തുക്കള്‍ പങ്കുവയ്‌ക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്‌.

English Summary:

Stop Doing THIS When You Flush! The Disgusting Truth About Toilet Germs and Your Health. Stop Flushing Money Down the Toilet: This Habit Makes Your Cleaning Pointless.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com