വെറുംവയറ്റിൽ പാൽചായ കുടിക്കുന്നത് നല്ല ശീലമാണോ? ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല!
Mail This Article
രാവിലെ പാലൊഴിച്ച ഒരു ഗ്ലാസ് ചായ പലരുടെയും ശീലമാണ്. എന്നാൽ ഇത് ആരോഗ്യത്തിന് അത്ര നന്നല്ല എന്നറിയുന്നവർ കുറയും. ആന്റിഓക്സിഡന്റുകൾ അടങ്ങിയതിനാൽ ചായ ആരോഗ്യകരമാണ്. പക്ഷേ വെറുംവയറ്റിൽ പാൽച്ചായ കുടിക്കുന്നത് ചില പാർശ്വഫലങ്ങളുണ്ടാക്കും. അവ എന്തൊക്കെ എന്നറിയാം.
∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽച്ചായ കുടിക്കുന്നത് ദഹനത്തെ ബാധിക്കും. പാലും ചായയും ചേരുമ്പോൾ വയറിനു കനം തോന്നും. വയറു കമ്പിക്കൽ, വായു കോപം, അസ്വസ്ഥത ഇവയെല്ലാമുണ്ടാകും. കൂടാതെ ചായയിലെ അമ്ലത (acidity) ഉദരപാളികളെ അസ്വസ്ഥമാക്കുകയും ക്രമേണ ഗ്യാസ്ട്രൈറ്റിസിനു കാരണമാകുകയും ചെയ്യും.
∙പാൽച്ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. വെറുംവയറ്റിൽ പാൽചായ കുടിക്കുന്നത് നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സിനും കാരണമാകും. ദിവസം മുഴുവൻ ഇത് അസ്വസ്ഥതയുണ്ടാക്കും. ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങൾ ഉള്ളവരാണെങ്കിൽ പാൽചായ കുടിക്കുന്നത് കൂടുതൽ ദോഷം ചെയ്യും. പാൽ ഒഴിച്ച ചായ കുടിക്കും മുൻപ് ലഘുവായി എന്തെങ്കിലും കഴിക്കുന്നത് ഈ ലക്ഷണങ്ങളെ കുറയ്ക്കും.
∙ഭക്ഷണം കഴിക്കുന്നതിനു മുൻപ് പാൽചായ കുടിക്കുക വഴി വെറുംവയറ്റിൽ കഫീൻ ശരീരത്തിലെത്തും. കഫീൻ, നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ഇത് ഹൃദയമിടിപ്പിന്റെ നിരക്കും ഉത്കണ്ഠയും വർധിപ്പിക്കുകയും ചെയ്യും. കഫീൻ സെൻസിറ്റീവ് ആയ ആളുകളിൽ ഇത് പരിഭ്രമം, അസ്വസ്ഥത, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുക ഇവയ്ക്കെല്ലാം കാരണമാകും. ഈ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ചായ കുടിക്കും മുൻപ് പ്രാതൽ കഴിക്കാൻ ശ്രദ്ധിക്കാം.
∙വെറും വയറ്റിൽ പാൽചായ കുടിക്കുന്നത് പോഷകങ്ങളുടെ ആഗിരണം തടസ്സപ്പെടുത്തും. ചായയിലെ ടാനിനുകൾ അയണും മറ്റ് ധാതുക്കളുമായി ചേർന്ന് ശരീരത്തിന് പോഷകങ്ങൾ ലഭിക്കാതെയാക്കുന്നു. പോഷകങ്ങളുടെ ആഗിരണം സാധ്യമാക്കാൻ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിച്ച ശേഷം മാത്രം പാൽ ഒഴിച്ച ചായ കുടിക്കാം.
∙വെറുംവയറ്റിൽ പാൽചായ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടാൻ കാരണമാകും. പാലിലെ പഞ്ചസാര കഫീനുമായി ചേർന്ന് പെട്ടെന്ന് ഊർജനില ഉയരാൻ കാരണമാകും. തുടർന്ന് പെട്ടെന്ന് ഊർജം നഷ്ടപ്പെട്ട അവസ്ഥയുണ്ടാകും. ഇത് പകൽ മുഴുവനും നിങ്ങളുടെ മൂഡിനെയും പ്രൊഡക്ടിവിറ്റിയെയും ബാധിക്കും. പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പ്രഭാതഭക്ഷണം കഴിച്ച ശേഷം മാത്രം പാൽചായ കുടിക്കാൻ ശ്രദ്ധിക്കാം.
പാലൊഴിച്ച ചായ നല്ല ഒരു പാനീയം ആണെങ്കിലും വെറുംവയറ്റിൽ കുടിക്കുന്നത് ഇത്തരത്തിൽ ചില പാർശ്വഫലങ്ങളുണ്ടാക്കും. ഈ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ ലളിതമായെങ്കിലും പ്രഭാതഭക്ഷണം കഴിച്ചശേഷം മാത്രം ചായ കുടിക്കാൻ ശ്രദ്ധിക്കാം. ഈ ശീലം പിന്തുടരുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതോടൊപ്പം നിങ്ങളുടെ ഇഷ്ടപാനീയം ആസ്വദിക്കാനും സാധിക്കും. സമയവും സന്തുലനവും ആരോഗ്യകരമായ ജീവിതശൈലിക്ക് വളരെ പ്രധാനമാണ്.