കുടവയർ കുറയ്ക്കണോ? കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഈ ഡീടോക്സ് പാനീയങ്ങൾ ശീലമാക്കൂ
Mail This Article
കുടവയർ കുറയ്ക്കുക എന്നത് പ്രയാസമേറിയ കാര്യമാണ് പലർക്കും. രാത്രിയിലെ ചില ശീലങ്ങൾ ഇതിനു സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ രാത്രിയിൽ കുടിക്കുന്നത് ഉപാപചയപ്രവർത്തനം (മെറ്റബോളിസം) വർധിപ്പിക്കും. രാത്രി വൈകി ഭക്ഷണം കഴിക്കണമെന്ന തോന്നലിനെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും കൊഴുപ്പിനെ ഇല്ലാതാക്കാനും എല്ലാം ഈ പാനീയങ്ങൾ സഹായിക്കും. കൂടാതെ നല്ല ഉറക്കം ലഭിക്കാനും ഇവ നല്ലതാണ്. ഇത്തരത്തിൽ കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ അറിയാം.
∙നാരങ്ങാവെള്ളം
ഇളം ചൂടു വെള്ളത്തിൽ നാരങ്ങാ ചേർത്ത് രാത്രിയിൽ കുടിക്കാം. വൈറ്റമിൻ സിയും ആന്റിഓക്സിഡന്റുകളും അടങ്ങിയ ഈ പാനീയം, ഉപാപചയ പ്രവർത്തനം വർധിപ്പിക്കും. നാരങ്ങയുടെ അമ്ലഗുണം കരളിലെ വിഷാംശങ്ങളെ നീക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. ഇളം ചൂടു നാരങ്ങാ വെള്ളം രാത്രി കിടക്കും മുൻപ് കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യുകയും ബ്ലോട്ടിങ്ങ് തടയുകയും ചെയ്യും. കുടവയര്‍ കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച പാനീയം ആണിത്.
∙ആപ്പിൾ സിഡർ വിനഗർ
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ആപ്പിൾ സിഡർ വിനഗർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡർവിനഗർ ചേർത്ത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കും. വിശപ്പകറ്റാനും ഇത് സഹായിക്കും. നേർപ്പിച്ചു കുടിക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.
∙വെയ്റ്റ് ലോസ് സ്മൂത്തി
ബദാം മിൽക്ക് സ്മൂത്തി കാലറി വളരെ കുറഞ്ഞതും പോഷകങ്ങൾ ഏറെയുള്ളതുമായ ഒരു പാനീയമാണ്. വാഴപ്പഴവും ഒരു സ്പൂൺ പീനട്ട് ബട്ടറും ചേർത്ത് ബദാം മിൽക്ക് കഴിക്കാം. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഈ സ്മൂത്തി കുടവയർ കുറയ്ക്കാൻ സഹായിക്കും.
∙മഞ്ഞളിട്ട പാൽ
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയമാണിത്. മഞ്ഞളിലടങ്ങിയ കുർക്കുമിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. മഞ്ഞൾപ്പൊടി ഇളംചൂട് പാലിൽ ചേർത്ത് കുടിക്കുന്നത് ആരോഗ്യമേകും.
∙തേങ്ങാവെള്ളം
ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താൻ രാത്രി തേങ്ങാവെള്ളം കുടിക്കാവുന്നതാണ്. കാലറി കുറഞ്ഞ ഇതിൽ അടങ്ങിയ ഇലക്ട്രോലൈറ്റുകൾ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും.
∙ഇഞ്ചിച്ചായ
അത്താഴം കഴിച്ച ശേഷം കുടിക്കാവുന്ന ഒരു പാനീയമാണ് ഇഞ്ചിച്ചായ. ദഹനത്തിന് സഹായിക്കുന്നതോടൊപ്പം ബ്ലോട്ടിങ്ങും അസ്വസ്ഥതയും അകറ്റാനും സഹായിക്കും. ഇഞ്ചിക്ക് തെർമോജനിക് ഗുണങ്ങളുണ്ട്. ഇത് ഉപാപചയപ്രവർത്തനം വർധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും ചെയ്യും.
കൊഴുപ്പിനെ ഇല്ലാതാക്കുന്ന ഈ പാനീയങ്ങളെല്ലാം ശരീരത്തിലെ വിഷാംശങ്ങളെയും നീക്കുന്നു. അതുവഴി ആരോഗ്യം മെച്ചപ്പെടുത്തുന്നു. ഒരു പോഷകാഹാര വിദഗ്ധന്റെയോ ഡയറ്റീഷ്യന്റെയോ ഉപദേശപ്രകാരം മാത്രം ഭക്ഷണരീതികളിൽ മാറ്റം വരുത്താൻ ശ്രദ്ധിക്കണം.