ശരീരഭാരം നിയന്ത്രിക്കാൻ ഭക്ഷണം കുറച്ചാൽ മാത്രം പോര, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും!
Mail This Article
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണരീതിയിൽ വരുത്തുന്ന മാറ്റങ്ങൾ വളരെയധികം ഉപകാരപ്പെടുമെന്ന് എല്ലാവർക്കും അറിയാമായിരിക്കും. നല്ലൊരു ഡയറ്റ് പിന്തുടരുന്നതിലൂടെ കാലറി ഡെഫിസിറ്റ് ഉണ്ടാകും. അതായത് ശരീരത്തിനു ആവശ്യമായ കാലറിയിൽ നിന്നും കുറവ് കാലറി മാത്രം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് ശരീരത്തിൽ മുൻപ് സംഭരിച്ചുവച്ചിരിക്കുന്ന കാലറിയെ ഉപയോഗിക്കാൻ കാരണമാവുകയും ശരീരഭാരം ക്രമേണ കുറയുകയും ചെയ്യുന്നു.
പഴങ്ങൾ, പച്ചക്കറികള്‍, ധാന്യങ്ങൾ, തുടങ്ങി പോഷകസമ്പുഷ്ടമായ ഭക്ഷണം കഴിക്കുന്നതിലൂടെയും സംസ്കരിച്ച ആഹാരസാധനങ്ങൾ, മധുരപാനീയങ്ങൾ, സ്നാക്കുകൾ എന്നിവ കുറയ്ക്കുന്നതിലൂടെയും ശരീരഭാരം കുറയ്ക്കുന്നതില്‍ വിജയിക്കാനാകും.
1. ഭക്ഷണത്തിന്റെ ആളവ്
അമിതമായി ഭക്ഷണം കഴിക്കുന്നില്ലെന്ന് എപ്പോഴും ഉറപ്പ് വരുത്തണം. പാത്രം നിറയെ ഭക്ഷണം എടുക്കുന്നവർക്ക് പെട്ടെന്ന് ഒരു മാറ്റം സാധ്യമല്ലല്ലോ. അതുകൊണ്ട് ചെറിയ പാത്രങ്ങളിൽ ഭക്ഷണം കഴിക്കുന്നത് ഒരു പരിധി വരെ ഇതിനു സഹായിക്കും.
2. കാലറി നിയന്ത്രിക്കാം
ചില ഭക്ഷണങ്ങൾ വളരെ കുറച്ച് കഴിച്ചാലും കാലറി കൂടുതലായിരിക്കും. അത്തരത്തിലെ ഭക്ഷണം കഴിവതും കുറയ്ക്കുന്നതാണ് നല്ലത്. വയറു നിറയുന്നതും പോഷണങ്ങൾ ഉള്ളതുമായ ഭക്ഷണം കഴിക്കണം. പഴങ്ങൾ, പച്ചക്കറികള്‍, ധാന്യങ്ങൾ എന്നിവ കാലറി കുറഞ്ഞതാണ് അതേസമയം ആരോഗ്യത്തിനു നല്ലതും.
3.പോഷക സാന്ദ്രത
ശരീരഭാരം കുറയ്ക്കുമ്പോൾ ആരോഗ്യത്തെ മൊത്തത്തിൽ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നതിനായി വൈറ്റമിനുകൾ, ധാതുക്കൾ, ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഇലക്കറികൾ പോലുള്ള ആന്റി ഓക്സിഡന്റുകൾ നൽകുന്ന പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം. പച്ചക്കറികൾ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുന്നത് എപ്പോഴും നല്ലതാണ്.
4. സമീകൃതാഹാരം
ഭക്ഷണത്തിൽ എപ്പോഴും ഒരു ബാലന്‍സ് ഉണ്ടായിരിക്കണം. പാത്രം നിറയെ ചോറും മീൻവറുത്തതും അച്ചാറും കഴിച്ചെന്നു കരുതി അത് ബാലന്‍സ്ഡ് ഭക്ഷണം ആകില്ല. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഹെൽത്തി ഫാറ്റ് എന്നിവ നിർബന്ധമായും ഭക്ഷണത്തിൽ വേണം. ശരീരത്തിൽ ഊർജ്ജം ഉണ്ടായിരിക്കാന്‍ സഹായിക്കും.
5. സംസ്കരിച്ച ഭക്ഷണങ്ങളുടെ അളവ് കുറയ്ക്കാം
പുറത്തുനിന്നു വാങ്ങിക്കഴിക്കുന്ന പല ഭക്ഷണങ്ങളിലും രുചി കൂടുതലാണ്, മണവും, നിറവുമെല്ലാം ആകർഷകവുമാണ്. എന്നാൽ അത് ശരീരത്തിനു നൽകുന്നതാകട്ടെ ദോഷങ്ങളും. പഞ്ചസാര, അനാരോഗ്യകരമായ കൊഴുപ്പുകൾ, കൃത്രിമ ചേരുവകൾ എന്നിവ ഭാരം കുറയ്ക്കുന്നതിനു പകരം കൂട്ടുകയാവും ചെയ്യുക. ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
6. വിശപ്പ് അറിഞ്ഞ് കഴിക്കണം
വിശപ്പും സ്വന്തം വയറു നിറയുന്നത് എപ്പോഴെന്നുമെല്ലാം അറിഞ്ഞിരിക്കണം. പതിയെ, ആസ്വദിച്ച് വേണം ആഹാരം കഴിക്കാന്‍. ഇത് കൂടുതൽ ഭക്ഷണം കഴിക്കുന്നതിൽനിന്നും തടയുകയും ഭക്ഷണവുമായി വ്യക്തിക്ക് ആരോഗ്യകരമായ ബന്ധം ഉണ്ടാവുന്നതിനും സഹായിക്കും.
7. വെള്ളംകുടി മുടക്കരുത്
ഒരു ദിവസം മിനിമം 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. പലപ്പോഴും ശരീരത്തിൽ വെള്ളം കുറയുമ്പോഴുണ്ടാകുന്ന ലക്ഷണങ്ങളെ വിശപ്പായി തെറ്റിദ്ധരിക്കാറുണ്ട്. അത് കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും. സ്വാഭാവികമായും അത് ഭാരം കുറയുന്നതിനു സഹായിക്കുകയുമില്ല.
8. പ്ലാനിങ് വേണം
പെട്ടെന്നുള്ള തീരുമാനങ്ങളാണ് എപ്പോഴും അനാരോഗ്യകരമായ ഭക്ഷണരീതി പിന്തുടരാൻ കാരണമാകുന്നത്. മുൻകുട്ടി തീരുമാനിച്ചാൽ നല്ല ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കും. സമയാസമയം നല്ല ഭക്ഷണം കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
9. മാനസികാവസ്ഥ
പലർക്കും ടെൻഷനോ സങ്കടമോ വന്നാൽ ഉടൻ എന്തെങ്കിലും കഴിക്കണം. ഇത് മനസ്സിന്റെയും ശരീരത്തിന്റെയും ഒരു കോപ്പിങ് മെക്കാനിസമാണ്. ഒരു പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടത് ഭക്ഷണത്തിലൂടെയല്ല. മാനസികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ ആവശ്യമെങ്കിൽ ആരുടെയെങ്കിലും സഹായം തേടുക.
10. വ്യായാമം
ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ മാത്രം ശ്രദ്ധിച്ചാല്‍ പോര, വ്യായാമവും വേണം. കാലറി കത്തിക്കൽ മാത്രമല്ല വ്യായാമത്തിന്റെ ഗുണം. ദിവസം മുഴുവൻ ഉഷാറായി ഇരിക്കാനും നല്ല മാനസികാരോഗ്യത്തിനും വ്യായാമത്തിന്റെ പങ്ക് ചെറുതല്ല. ശരീരത്തിന്റെ മെറ്റബോളിസം കൂട്ടുകയും ചെയ്യും.
11. സംസ്കരിച്ച പഞ്ചസാരയും കൊഴുപ്പും നിയന്ത്രിക്കാം
പാനീയങ്ങളിലോ മധുരപലഹാരങ്ങളിലോ ചേർക്കുന്ന പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതിലും വെണ്ണയും ഫാറ്റി സോസുകളും കുറയ്ക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ