ശരീരഭാരം കുറയ്ക്കാന്‍ 6 അടിപൊളി ഡയറ്റുകൾ, ഇവ 2023ലെ ട്രെൻഡുകൾ
Mail This Article
ചുമ്മാ വിശന്നിരുന്നും പട്ടിണി കിടന്നും ഭാരം കുറയ്ക്കുകയല്ല പുതിയ കാലത്തിന്റെ ട്രെന്‍ഡ്. മറിച്ച് ദീര്‍ഘകാല ലക്ഷ്യങ്ങളോടു കൂടി സുസ്ഥിരമായ രീതിയില്‍ ഭാരം കുറയ്ക്കുന്ന മാര്‍ഗ്ഗങ്ങള്‍ക്കാണ് 2023ല്‍ സ്വീകാര്യത ലഭിച്ചത്. കലോറി തീരെ കുറഞ്ഞതും, പ്രത്യേകതരം ഭക്ഷണങ്ങളില്‍ മാത്രം കേന്ദ്രീകരിക്കുന്നതും അമിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായ ഭക്ഷണക്രമങ്ങള്‍ക്കൊക്കെ ഇന്ന് ആരാധകര്‍ തീരെ കുറവാണെന്നു തന്നെ പറയാം.
2023ല്‍ ട്രെന്‍ഡായി മാറിയ ചില സുസ്ഥിര ഭക്ഷണക്രമങ്ങളും ഭാരം കുറയ്ക്കല്‍ മാര്‍ഗ്ഗങ്ങളും പരിചയപ്പെടുത്തുകയാണ് എച്ച്ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ഫിസ്‌കോ ഡയറ്റ് ആന്‍ഡ് ഏസ്‌തെറ്റിക് ക്ലിനിക്കിന്റെ സ്ഥാപകയും ഡയറ്റീഷ്യനുമായ വിധി ചൗള
1. ഇടവിട്ടുള്ള ഉപവാസം
മാറി മാറിയുള്ള ഭക്ഷണം കഴിക്കലും ഉപവാസവും ഉള്‍പ്പെട്ട ഇന്റർമിറ്റന്റ് ഫാസ്റ്റിങ് ഭാരം കുറയ്ക്കാനും ചയാപചയം മെച്ചപ്പെടുത്താനും ഫലപ്രദമാണെന്ന് അനുഭവത്തിലൂടെ വിശ്വസിക്കുന്നവർ അനവധിയാണ്. നാം കഴിക്കുന്ന ഭക്ഷണത്തേക്കാള്‍ അത് കഴിക്കുന്ന സമയം മുഖ്യമാണെന്ന് ഇത്തരം ഉപവാസങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാന്‍ അനുവദിക്കുന്ന അയവുള്ള ഡയറ്റിങ് ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിലൂടെ സാധ്യമാകും.
2. സസ്യാധിഷ്ഠിത ഭക്ഷണം
പഴങ്ങള്‍, പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്‌നുകള്‍, നട്‌സ്, വിത്തുകള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ അടങ്ങിയതും മൃഗോത്പന്നങ്ങള്‍ ഒഴിവാക്കിയുമുള്ള സസ്യാധിഷ്ഠിത ഭക്ഷണക്രമത്തിനും ഇന്ന് പ്രചാരമേറിയിട്ടുണ്ട്. ഫൈബറും വൈറ്റമിനുകളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ ഈ ഭക്ഷണക്രമം ഹൃദ്രോഗം, പ്രമേഹം, ചിലതരം അര്‍ബുദങ്ങള്‍ എന്നിവയെ നിയന്ത്രിക്കാനും ഫലപ്രദമാണെന്ന് കരുതുന്നു.
3. കീറ്റോ 2.0 അഥവാ പരിഷ്‌ക്കരിച്ച കീറ്റോജെനിക് ഭക്ഷണക്രമം
മുന്‍കാലങ്ങളില്‍ തരംഗം സൃഷ്ടിച്ച കീറ്റോജെനിക് ഭക്ഷണക്രമത്തിന്റെ പരിഷ്‌ക്കരിച്ച പതിപ്പാണ് കീറ്റോ 2.0. കൊഴുപ്പും പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റുമെല്ലാം സന്തുലിതമായ തോതില്‍ അടങ്ങിയ ഈ ഭക്ഷണക്രമം പിന്തുടരാന്‍ എളുപ്പമാണെന്നതും ഇതിനെ ആകര്‍ഷകമാക്കുന്നു.
4. രുചിയറിഞ്ഞുള്ള ഭക്ഷണം കഴിപ്പ്
ഭക്ഷണത്തിന്റെ രുചിയിലും മണത്തിലും നിറത്തിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സാവധാനമുള്ള ഭക്ഷണം കഴിക്കല്‍ രീതിക്കാണ് മൈന്‍ഡ്ഫുള്‍ ഈറ്റിങ് എന്ന് പറയുന്നത്. ഓരോ തവണ ഭക്ഷണം വായിൽ വെക്കുമ്പോഴും ചവച്ചരച്ച് രുചിയറിഞ്ഞ് ആസ്വദിച്ച് ചെയ്യണമെന്ന് ഈ രീതിയുടെ വക്താക്കള്‍ പറയുന്നു. ഭക്ഷണത്തിന്റെ വിശദാംശങ്ങള്‍ ശ്രദ്ധിച്ചു കഴിക്കുന്നത് അമിതമായി കഴിക്കാനുള്ള ത്വര തടയുമെന്ന് വിധി ചൗള പറയുന്നു. ശരീരത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാനും ആസ്വദിച്ചുള്ള ഈ ഭക്ഷണം കഴിപ്പ് സഹായിക്കും.
5. സാങ്കേതിക വിദ്യയുടെ കൈപിടിച്ചുള്ള പോഷണം
പോഷണങ്ങളും ഭക്ഷണം കഴിക്കുന്നതിന്റെ അളവുമൊക്കെ നിര്‍ണ്ണയിക്കാന്‍ ആപ്പുകളും ഉപകരണങ്ങളും സാങ്കേതിക വിദ്യയുമൊക്കെ ഉപയോഗിക്കുന്ന ട്രെന്‍ഡും ഇന്ന് വ്യാപകമാകുകയാണ്. ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് അനുരൂപമായ രീതിയില്‍ കഴിക്കാനും വ്യായാമം ചെയ്യാനും കലോറി കത്തിക്കാനുമൊക്കെ ഇത്തരം സാങ്കേതിക ഉപകരണങ്ങള്‍ സഹായിക്കുന്നു.
6. അയവുള്ള ഭക്ഷണക്രമം
സസ്യാധിഷ്ഠിത ഭക്ഷണത്തില്‍ തന്നെ ഇടയ്‌ക്കൊക്കെ വിട്ടുവീഴ്ച ചെയ്യുന്ന അയവുള്ള ഭക്ഷണശൈലിയെ ഫ്‌ളെക്‌സിറ്റേറിയന്‍ സമീപനം എന്ന് വിളിക്കുന്നു. മാംസവും മീനും സസ്യേതര ഭക്ഷണവുമൊക്കെ ഇതില്‍ വല്ലപ്പോഴും ആകാം. ആരോഗ്യത്തിലും രുചിയിലും വിട്ടുവീഴ്ചയില്ലാതെ ഭാരം കുറയ്ക്കാന്‍ ഈ സമീപനം സഹായിക്കുമെന്ന് വിധി ചൗള കൂട്ടിച്ചേര്‍ക്കുന്നു.
ഇഷ്ടഭക്ഷണം കഴിച്ച് ശരീരഭാരം കുറയ്ക്കാം: വിഡിയോ