ഡയറ്റ് ആണെങ്കിലും ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ മടിക്കേണ്ട, ഏറെയുണ്ട് ഗുണങ്ങൾ
Mail This Article
ചോക്ലേറ്റുകൾ പല തരത്തിലുണ്ട്. അതിൽത്തന്നെ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ശരീരത്തിനു നല്ലതാണെന്ന് അറിയാമോ? കൊക്കോ കണ്ടന്റ് അധികമായുള്ള മധുരം വളരെ കുറഞ്ഞ അളവിലുള്ള ഡാർക്ക് ചോക്ലേറ്റുകൾ മിതമായ രീതിയിൽ ഉപയോഗിച്ചാൽ ഗുണങ്ങള്‍ ഒട്ടേറെയാണ്.
ആന്റിഓക്സിഡന്റുകളാൽ സമ്പന്നം
ഡാർക്ക് ചോക്ലേറ്റ് ആന്റി ഓക്സിഡന്റുകളാൽ സമ്പന്നമാണ്. ഫ്ലേവനോയിഡുകൾ ഡാർക്ക് ചോക്ലേറ്റിൽ ധാരാളമുണ്ട്. അത് ഓക്സിഡേറ്റിവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ തടയാനും സഹായിക്കും.
മെച്ചപ്പെട്ട ഹൃദയാരോഗ്യം
ഡാർക്ക് ചോക്ലേറ്റ് രക്തസമ്മർദ്ദം കുറയ്ക്കുകയും, കൊളസ്ട്രോൾ നിയന്ത്രിക്കുകയും ചെയ്യുന്നു. ഇത് രക്തയോട്ടം കൂട്ടുകയും ഹൃദയത്തെ ആരോഗ്യത്തോടെ ഇരിക്കാന്‍ സഹായിക്കുകയും ചെയ്യും. നിലവിലുള്ള ഹൃദയാരോഗ്യ പ്രശ്നങ്ങൾ വർധിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നു.
തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും
ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലേവനോയിഡുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തും. ഇത് ഓർമ, ഏകാഗ്രത, മൊത്തത്തിലുള്ള മസ്തിഷ്ക പ്രവർത്തനം എന്നിവയെ നന്നാക്കുന്നു. പ്രായസംബന്ധമായ ബുദ്ധിമുട്ടുകൾ തടയാനും ഡാർക്ക് ചോക്ലേറ്റിനു കഴിയും.
മൂഡ് നന്നാക്കാം
സന്തോഷവും ഉന്മേഷവും തോന്നിക്കുന്ന എൻഡോർഫിനെ ഉദ്ദീപിപ്പിക്കാന്‍ കഴിയുന്ന കോംപൗണ്ടുകൾ ഡാർക്ക് ചോക്ലേറ്റുകളിൽ ഉണ്ട്. സ്വാഭാവിക ആന്റിഡിപ്രസന്റായ സെറാടോണിനും ഡാർക്ക് ചോക്ലേറ്റിലുണ്ട്. അതുകൊണ്ട് തന്നെ മൂഡ് നന്നാക്കാൻ ഇനി അൽപം ഡാർക്ക് ചേക്ലേറ്റ് ആവാം.
സമ്മർദ്ദം കുറയ്ക്കും
കോർട്ടിസോൾ പോലുള്ള ശരീരത്തിലെ സ്ട്രെസ് ഹോർമോണുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിനു ഡാർക്ക് ചോക്ലേറ്റിനു കഴിയും. ഇത് സമ്മർദ്ദം കുറയ്ക്കാനും ശരീരവും മനസ്സും റിലാക്സ്ഡ് ആവാനും സഹായിക്കും.
ചർമത്തിന്റെ ആരോഗ്യത്തിനു ബെസ്റ്റ്
ഡാർക്ക് ചേക്ലേറ്റ് ചർമ്മത്തിനു നല്ലതാണെന്നു പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടോ? എന്നാൽ സംഗതി സത്യമാണ്. ഡാർക്ക് ചേക്ലേറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ അൾട്രാവയലറ്റ് രശ്മികളിൽനിന്ന് ചർമ്മത്തെ സംരക്ഷിക്കും. ഒപ്പം ചർമം ഹൈഡ്രേറ്റഡ് ആയിരിക്കാനും കൊളാജൻ ഉദ്പാദിപ്പിക്കുന്നതിനും സഹായിക്കും. ഇത് ആരോഗ്യമുള്ള ചർമത്തിനും പ്രായത്തിന്റെ ലക്ഷണങ്ങൾ ചർമത്തിൽ നിന്നും മാറുന്നതിനും കാരണമാണ്.
ഭാരം നിയന്ത്രിക്കാം
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ മധുരം ഒഴിവാക്കാറുണ്ട്. സ്വാഭാവികമായും ചേക്ലേറ്റും ഉപേക്ഷിക്കും. എന്നാൽ ഡാർക്ക് ചേക്ലേറ്റ് പ്രശ്നക്കാരനല്ല. ഫൈബറിന്റെ അളവ് കൂടുതലായതുകൊണ്ട് വിശപ്പ് തോന്നാതിരിക്കാനും ഭക്ഷണങ്ങളോടു തോന്നുന്ന ആമിതമായ താൽപര്യം കുറയാനും ഇത് സഹായകമാണ്.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാം
പഞ്ചസാരയുടെ അളവിൽ കാര്യമായ വർദ്ധനവിന് ഡാർക് ചോക്ലേറ്റ് അവസരമൊരുക്കുന്നില്ല. പ്രമേഹമുള്ള വ്യക്തികൾക്കും പഞ്ചസാര നിയന്ത്രിക്കണമെന്നു കരുതുന്നവർക്കും അനുയോജ്യമായ ഓപ്ഷനാണ് ഡാർക്ക് ചോക്ലേറ്റ്.
ഊർജ്ജം കൂട്ടുന്നു
ഡാർക്ക് ചോക്ലേറ്റിൽ കഫീൻ, തിയോബ്രോമിൻ തുടങ്ങിയ പ്രകൃതിദത്ത ഉത്തേജകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ചെറിയ തോതിലെങ്കിലും ഊർജ്ജത്തെ വർധിപ്പിക്കും. ക്ഷീണം ഉള്ളപ്പോഴോ ആർത്തവ സമയത്തോ ഡാർക് ചോക്ലേറ്റ് ഉപകാരപ്പെടാം.
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും
ഡാർക്ക് ചോക്ലേറ്റിലെ ഫൈബർ കണ്ടന്റ് ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും നല്ല ബാക്ടീരിയയുടെ വളർച്ചയെ പിന്തുണയ്ക്കുകയും ചെയ്യും. കുടലിന്റെ ആരോഗ്യത്തിനു പുറമേ ശരീരത്തിന്റെ പ്രതിരോധശക്തി കൂട്ടുന്നതിനും സഹായിക്കും
ഇത്രയും ഗുണങ്ങൾ ഉണ്ടെന്നു കരുതി ഒരുപാട് ഡാർക്ക് ചോക്ലേറ്റ് കഴിക്കാൻ നിൽക്കണ്ട കേട്ടോ. ഉയർന്ന അളവിൽ കൊക്കോ അടങ്ങിയ ചോക്ലേറ്റുകൾ തിരഞ്ഞെടുത്ത് അൽപാൽപം കഴിക്കുക. അതാണ് ഉത്തമം.