മീൻ കഴിക്കില്ലേ? ഒമേഗ 3 ഫാറ്റി ആസിഡിന്റെ 'വെജിറ്റേറിയൻ' ഉറവിടങ്ങള്‍ അറിയാം
Mail This Article
തലച്ചോറിന്റെ പ്രവർത്തനത്തിനും ഹൃദയാരോഗ്യത്തിനും പൊതുവായ സൗഖ്യത്തിനും അവശ്യം വേണ്ടുന്ന പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. ഒമേഗ 3 യുടെ പ്രധാന ഉറവിടം മത്സ്യം ആണെങ്കിലും സസ്യഭക്ഷണം മാത്രം കഴിക്കുന്നവർക്ക് ഒമേഗ 3 ലഭിക്കുന്ന ചില സസ്യാധിഷ്ഠിത ഭക്ഷണങ്ങളും ഉണ്ട്. ഒമേഗ 3 ഫാറ്റി ആസിഡിന്റെ ‘വെജിറ്റേറിയൻ’ ഉറവിടങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.
∙ഫ്ലാക്സ് സീഡ്സ്
ഫ്ലാക്സ് സീഡിൽ ഒമേഗ 3 ഫാറ്റി ആസിഡ്, പ്രത്യേകിച്ച് ആൽഫാ ലിനോലെനിക് ആസിഡ് (ALA) ധാരാളം ഉണ്ട്. പൊടിച്ച ഫ്ലാക്സ് സീഡ് യോഗർട്ടിലോ സ്മൂത്തികളിലോ ചേർത്ത് കുടിക്കാം. കൂടുതൽ ഒമേഗ 3 ഫാറ്റി ആസിഡ് വേണമെന്നുള്ളവർക്ക് ഫ്ലാക്സ് സീഡ് ഓയില്‍ അടങ്ങിയ സപ്ലിമെന്റുകൾ ഉപയോഗിക്കാവുന്നതാണ്.
∙ചിയ സീഡ്സ്
ആൽഫാലിനോലെനിക് ആസിഡ് (ALA) ധാരാളം ഉള്ളതിനാൽ ഒമേഗ 3 ഫാറ്റി ആസിഡിന്റെ മികച്ച ഉറവിടമാണ് ചിയ സീഡ്സ്. പാനീയങ്ങളിലും സാലഡുകളിലും ബേക്ക് ചെയ്ത ഭക്ഷണങ്ങളിലും ഇത് ചേർക്കാം.
∙വാൾനട്ട്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അപൂർവം നട്സുകളിൽ ഒന്നാണ് വാൾനട്ട്. ഒരു പിടി വാൾനട്ട് കഴിക്കുകയോ സാലഡ്, സിറിയൽ മുതലായവയിൽ ചേർത്ത് കഴിക്കുകയോ ആവാം.
∙വന്‍പയർ
വൻപയറിൽ ധാരാളം ഒമേഗാഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ചിയ സീഡിലും ഫ്ലാക്സ് സീഡിലും ഉള്ളത്ര ആൽഫാലിനോലെനിക് ആസിഡ് വൻപയറിൽ ഇല്ല. എന്നാൽ വൻപയറിന് ആരോഗ്യഗുണങ്ങൾ ഏറെയാണ്. ഒമേഗ 3 ഫാറ്റി ആസിഡിനു പുറമെ ഇവയിൽ പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ, നാരുകൾ ഇവയെല്ലാമുണ്ട്. ഇത് ഹൃദയാരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു.
∙ചണവിത്ത്
ചണവിത്തിൽ (Hemp Seed) ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ ഇവ ധാരാളമായുണ്ട്. സാലഡിലും യോഗർട്ടിലും സെറീയലിലും സ്മൂത്തിയിലും എല്ലാം ഇവ ചേർത്ത് കഴിക്കുന്നത് ആരോഗ്യമേകും.
∙ഇലക്കറികൾ
പച്ചനിറത്തിലുള്ള ഇലക്കറികളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ഉണ്ട്. ബ്രസൽസ് സ്പ്രൗട്ട്സ്, കെയ്ല്‍, പച്ചച്ചീര എന്നിവയിൽ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ഇലക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും.
സസ്യാഹാരികൾ ഈ ഭക്ഷണങ്ങളെല്ലാം പതിവായി കഴിക്കുകയും ഒമേഗ 3 ഫാറ്റി ആസിഡ് ഉൾപ്പെടെ ശരീരത്തിന് ആവശ്യമുളള പോഷകങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ